ലണ്ടന്‍: ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും പരസ്പരം പ്രയോജനകരമായ പുതിയ കരാറിലെത്താന്‍ കഴിയുമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. ബ്രെക്സിറ്റിനുശേഷം യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അയര്‍ലന്‍ഡില്‍ നടന്ന യൂറോപ്യന്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റി ഉച്ചകോടിക്കിടെ അദ്ദേഹം പറഞ്ഞു.
അടുത്ത ആഴ്ച നടക്കുന്ന ബ്രിട്ടന്-യൂറോപ്യന്‍ യൂണിയന് ഉച്ചകോടിയില്‍ ഭക്ഷ്യ-പാനീയ വ്യാപാരം, കാര്‍ബണ്‍ എമിഷന്‍ വ്യാപാരം, യുവജനങ്ങളുടെ തൊഴില്‍-യാത്രാ അവസരങ്ങള്‍ എന്നിവയില്‍ ധാരണയിലെത്താനാണ് ശ്രമം. 2016ലെ ബ്രെക്സിറ്റ് ഹിതപരിശോധനയില്‍ ജനങ്ങള്‍ പ്രതീക്ഷിച്ച ബന്ധത്തോട് കൂടുതല്‍ അടുത്തുനില്ക്കുന്ന സഹകരണം യൂറോപ്പുമായി ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ബേണ്‍ഹാം വ്യക്തമാക്കി.
ഭക്ഷ്യ-പാനീയ വ്യാപാരത്തിലെ തടസ്സങ്ങള്‍ കുറയ്ക്കുന്ന കരാര്‍ ബ്രിട്ടന്റെ ജിഡിപിയില്‍ 0.4 ശതമാനം വര്‍ധനയ്ക്ക് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ യൂറോപ്യന്‍ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടീഷ് വിദ്യാര്‍ഥികളുടേതിന് തുല്യമായ സര്‍വകലാശാലാ ഫീസ് അനുവദിക്കണമെന്ന യൂറോപ്യന്‍ യൂണിയന്റെ ആവശ്യം ചര്‍ച്ചകളില്‍ വെല്ലുവിളിയാണ്.
ബ്രിട്ടന്റെ കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയ്ക്ക് ബ്രെക്സിറ്റും കാരണമായിട്ടുണ്ടെന്ന് ബേണ്‍ഹാം ആവര്‍ത്തിച്ചു. മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റ നിയന്ത്രണം, അതിര്‍ത്തി സുരക്ഷ, നിയമപാലന സഹകരണം, പ്രൊഫഷണല്‍ യോഗ്യതകളുടെ പരസ്പര അംഗീകാരം എന്നിവയും തുടര്‍ചര്‍ച്ചകളില്‍ പരിഗണിക്കും. യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണം ശക്തമാക്കുന്നതിലൂടെ ജീവിതച്ചെലവ് ഉള്‍പ്പെടെയുള്ള സാമ്പത്തിക വെല്ലുവിളികളെ നേരിടാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.