|
ബ്രിട്ടീഷുകാരുടെ വംശഹത്യ ലക്ഷ്യമിട്ടാണ് ബോംബ് സ്ഥാപിച്ചിരിക്കുന്നത് എന്നായിരുന്നു ഭീഷണി. ഗ്ലാസ്ഗോ, എഡിന്‍ബര്‍ഗ്, ഹൈലാന്‍ഡ്സ് എന്നിവിടങ്ങളിലേത് ഉള്‍പ്പടെ സ്‌കോട്ട്ലാന്‍ഡിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും സ്‌കൂളുകളില്‍ ഈമെയില്‍ വഴി ബോംബ് ഭീഷണി എത്തിയതോടെ ആയിരക്കണക്കിന് കുട്ടികളെ വീടുകളിലെക്ക് തിരിച്ചയച്ചു.
മിഖായേല്‍ ആന്‍ഡ്രൊപോവ് എന്ന പേരിലായിരുന്നു ഭീഷണി സന്ദേശം എത്തിയത്. ഇതേ പേരില്‍ തന്നെ കഴിഞ്ഞ വെള്ളിയാഴ്ച്ച അയര്‍ലന്‍ഡിലെ ആര്‍ ടി ഇ, സ്‌കൈ ന്യൂസ് എന്നിവ ഉള്‍പ്പടെയുള്ള നിരവധി യൂറോപ്യന്‍ ടെലിവിഷന്‍ സ്ഥാപനങ്ങളിലേക്കും ബോംബ് ഭീഷണി എത്തിയിരുന്നു. 'മരണം അടുത്തെത്തിയിരിക്കുന്നു' എന്നായിരുന്നു ഈമെയിലുകളുടെ സബ്ജക്റ്റ് ആയി എഴുതിയിരുന്നത്. അതുകഴിഞ്ഞ്, 'ചുവന്ന മൂങ്ങ'യുടെ നേതാവ് മിഖായേല്‍ ആന്‍ഡ്രൊപോവ് എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു സന്ദേശങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
വിവരമറിഞ്ഞ ഉടന്‍ തന്നെ പോലീസ് വിപുലമായ അന്വേഷണമായിരുന്നു നടത്തിയത്. ഭീഷണി വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതോടെ സ്‌കൂളുകള്‍ അടച്ചിടേണ്ടതില്ല എന്ന നിര്‍ദ്ദേശം പോലീസ്, സ്‌കൂളുകള്‍ക്ക് നല്‍കി. |