കോര്‍ക്ക്: അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ താമസിച്ചിരുന്ന മലയാളി നഴ്സ് റോസ്മേരി കിടങ്ങന്‍ ഫിലിപ്പോസ് (40) അന്തരിച്ചു. ദീര്‍ഘകാലമായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. തൃശൂര്‍ കൊരട്ടി കൊന്നൂര്‍ സ്വദേശിനിയാണ്. കൊച്ചുമേരിയുടെയും പരേതനായ ഫിലിപ്പോസ് കിടങ്ങന്റെയും മകളായ റോസ്മേരി, ഭര്‍ത്താവ് സിനു തോമസിനും മക്കള്‍ക്കുമൊപ്പം ബല്ലിന്കോളിഗിലെ ക്ലാസസ് ലേക്കിലായിരുന്നു താമസം. എലാനോ തോമസ് സിനു (12), ഇവാ റോസ് സിനു (8) എന്നിവരാണ് മക്കള്‍. രോഗീപരിചരണത്തിലും മറ്റുള്ളവരെ സഹായിക്കുന്നതിലും ശ്രദ്ധ പുലര്‍ത്തിയിരുന്ന റോസ്മേരിയുടെ വിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ദുഃഖത്തിലാഴ്ത്തി. കോര്‍ക്കിലെ മലയാളി സമൂഹത്തിനും വിയോഗം നൊമ്പരമായി.
പൊതുദര്‍ശനം നവംബര്‍ 12 വ്യാഴാഴ്ച വൈകിട്ട് അഞ്ചുമുതല്‍ ഏഴുവരെ ബല്ലിന്കോളിഗിലെ ക്രൗളി ഫ്യൂണറല്‍ ഹോമില്‍ (P31 W982) നടക്കും. സംസ്കാരശുശ്രൂഷകള്‍ നവംബര്‍ 13 വെള്ളിയാഴ്ച രാവിലെ 11ന് ബല്ലിന്കോളിഗിലെ ക്രൈസ്റ്റ് അവര്‍ ലൈറ്റ് ചര്‍ച്ചില്‍ (P31 HW74) ആരംഭിക്കും. തുടര്‍ന്ന് ഓവന്‍സിലെ കില്ലംനി റോഡിലുള്ള സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കരിക്കും. സമയങ്ങള്‍ അയര്‍ലന്‍ഡ് പ്രാദേശിക സമയമാണ്.