ലണ്ടന്‍: അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ വീടുകളില്‍ അവശ്യസാധനങ്ങള്‍ കരുതണമെന്ന നിര്‍ദേശത്തിനു പിന്നാലെ ബ്രിട്ടനില്‍ ഭക്ഷ്യവസ്തുക്കളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും വാങ്ങല്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കുപ്പിവെള്ളം, ടിന്നിലടച്ച ഭക്ഷണം, ഉണക്കഭക്ഷണം എന്നിവയ്‌ക്കൊപ്പം ടോര്‍ച്ച്, ബാറ്ററി, മെഴുകുതിരി, പവര്‍ബാങ്ക് തുടങ്ങിയവയ്ക്കും ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ, സൈബര്‍ ആക്രമണം, മറ്റ് അപ്രതീക്ഷിത പ്രതിസന്ധികള്‍ എന്നിവ നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് 'ബി റെഡി' പ്രചാരണം. കുറഞ്ഞത് മൂന്നു ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മറ്റ് അത്യാവശ്യ സാധനങ്ങളും വീടുകളില്‍ സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യത്തിന് പണം കൈവശം കരുതാനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രചാരണം ആരംഭിച്ച് പത്തു ദിവസത്തിനകം കുപ്പിവെള്ളത്തിന്റെ വില്‍പന 67 ശതമാനവും ടിന്നിലടച്ച ഭക്ഷണത്തിന്റെ വില്‍പന 37 ശതമാനവും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഹാന്‍ഡ് സാനിറ്റൈസറിന്റെ വില്‍പനയില്‍ 83 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. കോവിഡ് കാലത്തേതുപോലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കൂട്ടത്തിരക്ക് അനുഭവപ്പെടുന്നില്ലെങ്കിലും പതിവ് വാങ്ങലുകള്‍ക്കൊപ്പം കൂടുതല്‍ സാധനങ്ങള്‍ കരുതിവയ്ക്കുന്ന പ്രവണതയാണ് കാണുന്നത്. ഓണ്‍ലൈന്‍ വിപണിയിലും സമാനമായ വര്‍ധനയുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും ജനങ്ങളുടെ ആശങ്കയും കരുതല്‍ വാങ്ങലുകളും വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്