|
കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും ഒരു നയാ പൈസ കുറയ്ക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് അസന്നിഗ്ദ്മായി വ്യക്തമാക്കി. ഇത്തരം ഒരു നടപടി എടുത്താല്‍ അത് 'വികസന വിരുദ്ധമാകുമെന്ന്' പറഞ്ഞുകൊണ്ടാണ് ഈ ആവശ്യം ജെയ്റ്റ്‌ലി തള്ളിയത്.
നിലവില്‍ വരുമാനത്തിനു സര്‍ക്കാര്‍ മുഖ്യമായും ആശ്രയിക്കുന്നത് പെട്രോള്‍, ഡീസല്‍ നികുതിയെയാണ്. ജനങ്ങള്‍ അവരുടെ ആദായ നികുതി സത്യസന്ധമായി അടച്ചാല്‍ മാത്രമേ ഇതില്‍ നിന്ന് മോചനമുണ്ടാകൂ എന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 25 രൂപ കുറയ്ക്കണമെന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ആവശ്യത്തെ അദ്ദേഹം പരിഹസിച്ചു. 'ഇത് ഒരു ട്രാപ് ഒരുക്കലാണ്. സര്‍ക്കാര്‍ അതില്‍ വീഴില്ല', ട്വിറ്റര്‍ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.
എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ ഒരു രൂപ കുറച്ചാല്‍ കേന്ദ്ര സര്‍ക്കാരിന് 13,000 കോടി രൂപ നഷ്ടമാകും. അത് അസാധ്യമായ കാര്യമാണ്. ജനങ്ങള്‍ സത്യസന്ധമായി ആദായ നികുതി അടയ്ക്കുന്നില്ലെന്നും പരോക്ഷമായി ജെയ്റ്റ്‌ലി കുറ്റപ്പെടുത്തുന്നു. മാസശമ്പളക്കാര്‍ മാത്രമാണ് കൃത്യമായി നികുതി അടയ്ക്കുന്നത്. മറ്റു രീതിയില്‍ വരുമാനം ഉണ്ടാക്കുന്നവര്‍ നികുതി കൃത്യമായി അടയ്ക്കുന്നില്ല. അതുകൊണ്ട് പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയെ കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നു. ഇതില്‍ മാറ്റം ഉണ്ടായാല്‍ മാത്രമേ പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാന്‍ കഴിയൂ. |