|
ഡബിള്‍ ഹോഴ്‌സിന്റെ മട്ട പൊടിയരിയുടെ ഒരു ബാച്ച് ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. മട്ട പൊടിയരിയില്‍ തവിടു ചേര്‍ത്തതായി കണ്ടെത്തിയ പശ്ചാത്തലത്തില്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാനും കമ്പനിക്കെതിരേ നടപടി സ്വീകരിക്കാനും ഭക്ഷ്യ സുരക്ഷ വകുപ്പ് ഉത്തരവിട്ടത്. ഡബിള്‍ ഹോഴ്‌സിന്റെ 15343 എന്ന ബാച്ചാണ് പരിശോധിച്ചത്. അരിയില്‍ മായം ചേര്‍ക്കുന്നതിനെ കുറിച്ച് ഒരു വീട്ടമ്മ സാഹൂഹികമാധ്യമങ്ങളില്‍ പങ്കു വച്ച വീഡിയോയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
അരി പൊടിച്ച ശേഷം തവിട് ചേര്‍ത്തതാണെന്നും, കമ്പനി അവകാശപ്പെട്ട ഗുണമേന്‍മ ഉല്‍പ്പന്നത്തിനില്ലെന്നും ലാബ് റിപോര്‍ട്ട് ലഭിച്ചതൊടെയാണ് നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എംജി രാജമാണിക്യം ഉത്തരവിട്ടത്. മായം കണ്ടെത്തിയ സാഹചര്യത്തില്‍ പൊതുവിപണിയിലെ എല്ലാ ബ്രാന്‍ഡ് അരികളുടെയും സാംപിളുകള്‍ പരിശോധിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രാധമിക പരിശോധനയില്‍ പൊടിയരി കഴുകുമ്പോള്‍ തന്നെ ബ്രൗണ്‍ നിറം ഇളകി പോകുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് അമിത അളവില്‍ തവിട് എണ്ണ കലര്‍ത്തിയതായി സ്ഥിരീകരിച്ചത്. ഇതോടെ ഈ ബാച്ച് അരിയ്ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തുകയായിരുന്നു . പരിശോധന ഫലം കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷ കമ്മിഷണര്‍ക്ക് കൈമാറി. ഇതിനെ തുടര്‍ന്നാ്ണ് ഈ ബാച്ച് പൊടിയരി ഉടന്‍ പിന്‍വലിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ നിര്‍ദേശം നല്‍കിയത്. |