|
ലോകത്തെ അതിസമ്പന്നരില്‍ പ്രമുഖനായ വാറന്‍ ബഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഓഹരി നിക്ഷേപ കമ്പനിയായ ബെര്‍ക്‌ഷെയര്‍ ഹത്തവേ ഒരു ഇന്ത്യന്‍ കമ്പനിയുടെ ഓഹരികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടി. 'വണ്‍ 97 കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ്' എന്ന കമ്പനിയുടെ ഓഹരികളാണ് 2500 കോടി രൂപ മുതല്‍ മുടക്കി വാങ്ങിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പെയ്‌മെന്റ് കമ്പനിയായ പെയ് ടി എമ്മിന്റെ ഉടമകളില്‍ ഒന്നാണ് വണ്‍ 97 . അതുകൊണ്ട് ഈ നിക്ഷേപത്തിന് നിര്‍ണായക പ്രാധാന്യം കൈവരുന്നു.
വാറന്‍ ബഫറ്റിന്റെ സഹായി ഡെബ്ബി ബോസാനിക് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബഫറ്റിന് നിക്ഷേപവുമായി നേരിട്ട് ബന്ധമില്ലെന്ന് അവര്‍ പറഞ്ഞു. ഇന്ത്യയില്‍ അടുത്ത കാലത്ത്, പ്രത്യേകിച്ച് നോട്ട് നിരോധനത്തിന് ശേഷം വലിയ വളര്‍ച്ച നേടാന്‍ കഴിഞ്ഞ കമ്പനിയാണ് പെയ് ടിഎം.അതുകൊണ്ട് വാറന്‍ ബഫറ്റിന്റെ കമ്പനി ഇതില്‍ മുതല്‍ മുടക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
വണ്‍ 97 എന്ന കമ്പനിയില്‍ മൂന്ന് മുതല്‍ നാല് ശതമാനം ഓഹരികളാണ് വാങ്ങുന്നതെന്നാണ് ഇക്കണോമിക് ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാര്‍ക്ഷെയറിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസര്‍ ടോഡ് കോംബ്‌സ് ആണ് ഓഹരി വാങ്ങലിന് നേതൃത്വം നല്‍കുന്നത്. ജപ്പാനിലെ സോഫ്റ്റ് ബാങ്ക്, ചൈനയിലെ ആലിബാബ എന്നീ കമ്പനികളാണ് വണ്‍ 97 നു പുറമെ പേ ടി എമ്മിന്റെ പ്രമുഖ നിക്ഷേപകര്‍. |