|
ഇന്ത്യയിലെ ബാങ്കുകളുടെ അമിത ആത്മവിശ്വാസം, നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ കാലതാമസം, സാമ്പത്തിക വളര്‍ച്ചയിലെ മുരടിപ്പ് – ഈ മൂന്ന് ഘടകങ്ങളാണ് ബാങ്കുകളുടെ കിട്ടാക്കടം വന്‍തോതില്‍ പെരുകാന്‍ കാരണം. ഇത് പറഞ്ഞത് മറ്റാരുമല്ല,റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. പാര്‍ലമെന്റിന്റെ ഒരു സമിതിക്ക് നല്‍കിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അക്കമിട്ട് അവതരിപ്പിക്കുന്നത്. പെരുകുന്ന കിട്ടാക്കടത്തെ നിയന്ത്രിക്കുന്നതിന് രാജന്‍ കൊണ്ട് വന്ന നിയന്ത്രണങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഒരു പരിധി വരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് രണ്ടാം വട്ടം അദ്ദേഹത്തിന് തുടരാന്‍ കഴിയാതെ പോയത് ഇക്കാര്യത്തിലുള്ള കാര്‍ക്കശ്യം കലര്‍ന്ന അദ്ദേഹത്തിന്റെ നിലപാടുകളായിരുന്നു.
ഗവന്മെന്റിന്റെ തീരുമാനങ്ങളില്‍ ഉണ്ടായ കാലതാമസം പല പ്രോജക്ടുകളുടെയും ജീവനക്ഷമത കുറയാന്‍ ഇടയാക്കി. ഇതുമൂലം പല സ്ഥാപനങ്ങള്‍ക്കും വായ്പ തിരിച്ചടക്കാന്‍ കഴിയാതെ വന്നിട്ടുണ്ടെന്ന് പബ്ലിക് എസ്റ്റിമേറ്റ്‌സ് കമ്മറ്റി ചെയര്‍മാന്‍ മുരളി മനോഹര്‍ ജോഷിക്ക് നല്‍കിയ കത്തില്‍ അദ്ദേഹം പറഞ്ഞു. ഇത് ചെലവുകള്‍ അകാരണമായി ഉയര്‍ത്തി. സാമ്പത്തിക വളര്‍ച്ച ഏറ്റവും ശക്തമായിരുന്ന 200608 കാലയളവിലാണ് കിട്ടാക്കടം വന്‍തോതില്‍ ഉയര്‍ന്നത്. ഈ ഘട്ടത്തില്‍ ബാങ്കുകള്‍ കാണിച്ച ഗുരുതരമായ പിഴവുകളാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. മികച്ച വളര്‍ച്ച പരിഗണിച്ച ബാങ്കുകള്‍ ഇഷ്ടം പോലെ ലോണുകള്‍ അനുവദിക്കുകയായിരുന്നു. പല പ്രോജക്ടുകള്‍ക്കും വേണ്ടത്ര പഠനങ്ങള്‍ നടത്താതെ കമ്പനികള്‍ സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ മാത്രം കണക്കിലെടുത്ത് വായ്പകള്‍ അനുവദിച്ചത് വിനയായെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. പ്രൊമോട്ടര്‍മാരുടെ കുറഞ്ഞ മുതല്‍മുടക്ക് ബാങ്കുകള്‍ പരിഗണിച്ചതേയില്ല.
'ഒരു വ്യവസായി എന്നോട് പറഞ്ഞത്, ബാങ്കുകള്‍ അദ്ദേഹത്തിന് ചെക്ക് ബുക്കുകള്‍ നല്‍കിയിട്ട് ആവശ്യമായ തുക എഴുതി എടുക്കാനായിരുന്നു. അത്ര വലിയ പിഴവുകള്‍ ബാങ്കുകള്‍ വരുത്തിയിട്ടുണ്ട് ' അദ്ദേഹം പറഞ്ഞു. പിന്നീട് വന്ന സാമ്പത്തിക മാന്ദ്യത്തെ ബാങ്കുകള്‍ പരിഗണിച്ചില്ല. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ലോകവുമായി അത്രയേറെ ഇഴചേര്‍ന്ന് കിടക്കുന്നതു കൊണ്ട് സാമ്പത്തിക രംഗത്തെ ചലനങ്ങള്‍ ഇന്ത്യയിലും നിഴലിക്കും.
പദ്ധതികളെ വിലയിരുത്തുന്നതിന് പുറമെ നിന്നുള്ള ഏജന്‍സികളെ ബാങ്കുകള്‍ അമിതമായി വിശ്വസിച്ചതും വിനയായി. അഴിമതിയും കെടുകാര്യസ്ഥതയും കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി. |