|
ബാര്‍ക്കലൈസ് ഹുറൂണ്‍ ഇന്ത്യ പ്രസിദ്ധീകരിച്ച അതിസമ്പന്നരുടെ പട്ടികയിലെ ഒന്നാമന്‍ 4020 കോടി യു.എസ് ഡോളര്‍ ആസ്തിയുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ്. ഈ പട്ടികയില്‍ തുടര്‍ച്ചയായി ഏഴാം തവണയാണ് മുകേഷ് ഒന്നാമതാകുന്നത്. രാജ്യത്തെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം പിടിച്ച മലയാളികള്‍ ഇവരാണ്.
യൂസഫ് അലി
ഇന്ത്യയിലെ അതിഅതിസമ്പന്നരുടെ പട്ടികയില്‍ 28ാം സ്ഥാനത്താണ് യൂസഫ് അലി. 498 കോടി യു.എസ് ഡോളറാണ് യൂസഫ് അലിയുടെ ആസ്തി. കഴിഞ്ഞ പട്ടികയില്‍ 16ാം സ്ഥാനത്തായിരുന്നു അദ്ദേഹം. 26,000 ത്തിനടുത്ത് ഇന്ത്യക്കാരടക്കം 31,000ത്തോളം പേര്‍ ജോലി ചെയ്യുന്ന ഗള്‍ഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റേയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പിന്റേയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. ലോകത്തിലെ അതിഅതിസമ്പന്നരുടെ പട്ടികയില്‍ 469ാം സ്ഥാനത്താണ് അദ്ദേഹം.
സണ്ണി വര്‍ക്കി
ജെംസ് എഡ്യൂക്കേഷന്‍ ചെയര്‍മാനും പ്രവാസി മലയാളിയുമായ സണ്ണി വര്‍ക്കി 49ാം സ്ഥാനത്താണ്. 279 കോടി യു.എസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. കഴിഞ്ഞ പട്ടികയില്‍ സണ്ണി വര്‍ക്കി 52ാം സ്ഥാനത്തായിരുന്നു.
രവി പിള്ള
ആര്‍.പി ഗ്രൂപ്പ് ഉടമയായ രവി പിള്ള 61ാം സ്ഥാനത്താണ്. 212 കോടി യു.എസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. കഴിഞ്ഞ പട്ടികയില്‍ രവി പിള്ള 37ാം സ്ഥാനത്തായിരുന്നു.
ഡോ. ഷംഷീര്‍ വയലില്‍
വി.പി.എസ് ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷംഷീര്‍ വയലില്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ഹുറൂണ്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്നില്ല. 173 കോടി യു.എസ് ഡോളര്‍ ആസ്തിയുള്ള ഷംഷീര്‍ പട്ടികയില്‍ 74ാം സ്ഥാനത്താണ്.
ജോയ് ആലുക്കാസ്
ജ്വല്ലറി ഉടമ ജോയ് ആലുക്കാസ് പട്ടികയില്‍ 101ാം സ്ഥാനത്താണ്. 128 കോടി യു.എസ് ഡോളര്‍ ആസ്തിയുള്ള അദ്ദേഹം കഴിഞ്ഞ പട്ടികയില്‍ 112ാം സ്ഥാനത്തായിരുന്നു.
എസ്. ഗോപാലകൃഷ്ണന്‍ (ക്രിസ് ഗോപാലകൃഷ്ണന്‍)
വ്യവസായിയും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും ഇന്‍ഫോസിസിന്റെ ഏഴ് സ്ഥാപകരില്‍ ഒരാളുമായ ക്രിസ് ഗോപാലകൃഷ്ണന്‍ 106ാം സ്ഥാനത്താണ്. 125 കോടി യു.എസ് ഡോളറാണ് ക്രിസിന്റെ ആസ്തി. ഇപ്പോള്‍ ഇദ്ദേഹം ഇന്‍ഫോസിസിന്റെ എക്‌സിക്യുട്ടീവ് വൈസ്‌ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം കഴിഞ്ഞ പട്ടികയില്‍ 88ാം സ്ഥാനത്തായിരുന്നു.
പി.എന്‍. സി മേനോന്‍
ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ശോഭ ഗ്രൂപ്പിന്റെ സ്ഥാപകനാണ് പുത്തന്‍ നടുവക്കാട്ട് ചെന്താമരാക്ഷ മേനോന്‍ എന്ന പി.എന്‍.സി. മേനോന്‍. റിയല്‍ എസ്റ്റേറ്റ്, കരാര്‍ നിര്‍മ്മാണം, ഇന്റീരിയര്‍ ഡിസൈനിങ്, ഫര്‍ണീച്ചര്‍ എന്നീ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന വ്യവസായ സംരംഭങ്ങളുടെ ഉടമയാണ് ഈ 67കാരന്‍ പട്ടികയില്‍ 107ാം സ്ഥാനത്താണ്. 123 കോടി യു.എസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
ആസാദ് മൂപ്പന്‍
ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ് മൂപ്പന്‍ 119ാം സ്ഥാനത്താണ്. കഴിഞ്ഞ പട്ടികയില്‍ 102ാംസ്ഥാനത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ ആസ്തി 111 കോടി യു.എസ് ഡോളറാണ്.
ടി. എസ്. കല്ല്യാണരാമന്‍
കല്ല്യാണ്‍ ജ്വല്ലഴ്‌സ് ചെയര്‍മാന്‍ ടി.എസ്. കല്ല്യാണരാമന്‍ 164ാം സ്ഥാനത്താണ്. കഴിഞ്ഞ പട്ടികയില്‍ 134ാം സ്ഥാനത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ ആസ്തി 78 കോടി യു.എസ് ഡോളറാണ്.
എസ്. ഡി. ഷിബുലാല്‍
ഇന്‍ഫോസിസിന്റെ സ്ഥാപകരില്‍ ഒരാളും മുന്‍ സി.ഇ.ഒയും മാനേജിംഗ് ഡയക്ടറുമായിരുന്ന എസ്.ഡി. ഷിബുലാല്‍ 170ാം സ്ഥാനത്താണ്. 76 കോടി യു.എസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
മുത്തൂറ്റ് ഫിനാന്‍സിന്റെ ഡയറക്ടര്‍മാരായ ജോര്‍ജ്ജ് അലക്‌സാണ്ടര്‍, ജോര്‍ജ്ജ് ജേക്കബ്, ജോര്‍ജ്ജ് തോമസ്, എം.ജി. ജോര്‍ജ്ജ് പട്ടികയില്‍ 196ാം സ്ഥാനത്താണ്. 59 കോടി യു.എസ് ഡോളറാണ് ഇവരുടെ ഒരോരുത്തരുടേയും ആസ്തി.
കൊച്ചൌസേഫ് ചിറ്റിലപ്പിള്ളി
വിഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനും, സി.ഇ.ഒയും ചെയര്‍മാനുമായ കൊച്ചൌസേഫ് ചിറ്റിലപ്പിള്ളി 42 കോടി യു.എസ് ഡോളറിന്റെ ആസ്തിയുമായി 266ാം സ്ഥാനത്താണ്. കഴിഞ്ഞ പട്ടികയില്‍ അദ്ദേഹം 149ാം സ്ഥാനത്തായിരുന്നു. കൊച്ചൌസേഫ് ചിറ്റിലപ്പിള്ളിയുടെ മകന്‍ അരുണ്‍ ചിറ്റിലപ്പിള്ളി 22 കോടി യു.എസ് ഡോളറുമായി 452ാം സ്ഥാനത്തും, ഭാര്യ ഷീല കൊച്ചൌസേഫ് 19 കോടി യു.എസ് ഡോളറുമായി 510ാം സ്ഥാനത്തും ഉണ്ട്.
ബൈജു രവീന്ദ്രന്‍
ബൈജു ലേണിങ്ങ് ആപ്പിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ 16 കോടി യു.എസ് ഡോളറിന്റെ ആസ്തിയുമായി 571ാം സ്ഥാനത്താണ്. ആദ്യമായാണ് ബൈജു ഹുറൂണ്‍ പട്ടികയില്‍ സ്ഥാനം പിടിക്കുന്നത്. |