ലണ്ടന്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് യുകെ കടന്നുപോകുന്നത്. ജീവിത ചെലവിന്റെ വര്‍ദ്ധനവും വളര്‍ച്ചയുടെ മന്ദഗതിയും തൊഴിലില്ലായ്മയുടെ വര്‍ദ്ധനവുമാണ് നിലവിലെ സാഹചര്യത്തെ കൂടുതല്‍ ഗുരുതരമാക്കുന്നത്. വിദഗ്ധര്‍ വിലയിരുത്തുന്നത്, യുകെ സമൂഹം ഒരു ദീര്‍ഘകാല പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നതാണ്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡിസംബറോടെ പലിശ നിരക്കില്‍ ഇളവ് വരുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നവംബറില്‍ നടന്ന അവലോകന യോഗത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. നിലവില്‍ പണപ്പെരുപ്പം ബാങ്ക് ലക്ഷ്യമിട്ടിരിക്കുന്ന 2 ശതമാനത്തെക്കാള്‍ കൂടുതലായിരുന്നെങ്കിലും വില വര്‍ദ്ധനവിന്റെ വേഗം കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
വായ്പയും ചെലവിടലും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ബിസിനസ് വിപണിയേയും ഭവന വിപണിയേയും ഉത്തേജിപ്പിക്കാന്‍ സാധ്യതയുള്ള പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനത്തിലേറെ ഉയര്‍ന്നതും വലിയ ആശങ്കയാകുകയാണ്.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വും പലിശ നിരക്ക് കുറച്ചതോടെ, ബാങ്ക് ഓഫ് ഇംഗ്ലണ്ടും അതേ പാത പിന്തുടരാന്‍ സാധ്യതയുണ്ട്. വായ്പയെടുത്തവര്‍ക്ക് ആശ്വാസകരമായ തീരുമാനമായിരിക്കും ഇത്. അതേസമയം, ഭവന വിപണിയില്‍ വീടുകളുടെ വില വര്‍ദ്ധിച്ചിരിക്കുന്നതും ഒരു വെല്ലുവിളിയായി തുടരുകയാണ്.