ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളുടെയും ആംബുലന്‍സ് സേവനങ്ങളുടെയും മാനസികാരോഗ്യ ട്രസ്റ്റുകളുടെയും പ്രവര്‍ത്തനക്ഷമത ഇനി രോഗികള്‍ക്ക് നല്കുന്ന സേവനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല വിലയിരുത്തുക. ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും എത്രത്തോളം ഉറപ്പാക്കുന്നുവെന്നതും സ്ഥാപനങ്ങളുടെ പ്രകടന റേറ്റിങ്ങില്‍ നിര്‍ണായക ഘടകമാകും. ജൂലൈ മുതല്‍ ഇംഗ്ലണ്ടിലെ എല്ലാ എന്‍എച്ച്എസ് ആശുപത്രി, ആംബുലന്‍സ്, മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റുകള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 15 ലക്ഷത്തിലധികം എന്‍എച്ച്എസ് ജീവനക്കാരെ ബാധിക്കുന്നതാണ് പുതിയ സംവിധാനം. സെക്കന്‍ഡറി കെയര്‍ വിഭാഗത്തിലെ എല്ലാ എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ ബാധകമാകും. നിലവില്‍ ജിപി സര്‍ജറികള്‍ ഉള്‍പ്പെടുന്ന പ്രൈമറി കെയര്‍ മേഖലയെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ വരും വര്‍ഷങ്ങളില്‍ പുതിയ വിലയിരുത്തല്‍ സംവിധാനം പ്രൈമറി കെയര്‍ മേഖലയിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ആശുപത്രികളെയും ആംബുലന്‍സ് സേവനങ്ങളെയും ആറ് പ്രധാന മേഖലകളിലാണ് വിലയിരുത്തുക. ജീവനക്കാര്‍ക്കെതിരായ വംശീയ വിവേചനം തടയല്‍, ജോലിസ്ഥലത്തെ അതിക്രമങ്ങള്‍ കുറയ്ക്കല്‍, ലൈംഗിക സുരക്ഷ ഉറപ്പാക്കല്‍, ഫ്ലെക്സിബിള്‍ ജോലി സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, ലൈന്‍ മാനേജ്മെന്റിന്റെ നിലവാരം, ജീവനക്കാരുടെ ആരോഗ്യ-ക്ഷേമ പിന്തുണ എന്നിവയാണ് പ്രധാന മാനദണ്ഡങ്ങള്‍. ഓരോ വിഭാഗത്തിനും ഒന്ന് മുതല്‍ നാല് വരെ സ്കോര്‍ നല്‍കും. ഈ സ്കോറുകളുടെ അടിസ്ഥാനത്തിലായിരിക്കും സ്ഥാപനത്തിന്റെ ആകെ റേറ്റിങ് നിശ്ചയിക്കുക. ആദ്യമായി എന്‍എച്ച്എസ് സ്റ്റാഫ് സര്‍വേയില്‍ ജീവനക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രകടനവും ആശുപത്രികളുടെ മൊത്തം പ്രവര്‍ത്തന റേറ്റിങ്ങിന്റെ ഭാഗമാകും.
ഇതോടെ കാത്തിരിപ്പ് പട്ടിക, അത്യാഹിത വിഭാഗത്തിലെ സേവനം, ചികിത്സാ പ്രകടനം എന്നിവയ്ക്കൊപ്പം ജീവനക്കാരുടെ ക്ഷേമത്തിനും ഔദ്യോഗിക വിലയിരുത്തലില്‍ നിര്‍ണായക സ്ഥാനം ലഭിക്കും. ജീവനക്കാര്‍ക്ക് സുരക്ഷിതവും മാന്യവുമായ തൊഴില്‍ അന്തരീക്ഷം ഒരുക്കാത്ത സ്ഥാപനങ്ങളുടെ മൊത്തം റേറ്റിങ്ങിനെ ഇത് ബാധിച്ചേക്കും. 'എന്‍എച്ച്എസ് ജീവനക്കാരാണ് നമ്മുടെ ആരോഗ്യസേവനത്തിന്റെ നട്ടെല്ല്. അവര്‍ മാന്യതയോടെയും ബഹുമാനത്തോടെയും പരിഗണിക്കപ്പെടണം. ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വംശീയതയും അതിക്രമവും ലൈംഗിക പീഡനവും ഒരിക്കലും അംഗീകരിക്കാനാവില്ല. ജീവനക്കാര്‍ക്ക് മികച്ച പിന്തുണ ഉറപ്പാക്കുന്നതിലൂടെ രോഗികള്‍ക്കുള്ള സേവനവും മെച്ചപ്പെടുത്താനാകും,' മന്ത്രി കരിന്‍ സ്മിത്ത് പറഞ്ഞു. ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതാണ് പുതിയ നടപടിയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.