ലണ്ടന്‍/പാലക്കാട്: നാലാമത്തെ കുഞ്ഞിന് ജന്മം നല്കി ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മലയാളി നഴ്സ് യുകെയിലെ ബോസ്റ്റണില്‍ മരിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനിയായ ചിഞ്ചു മമ്പള്ളില്‍ തോമസ് (34) ആണ് മരിച്ചത്. പാലക്കാട് കാരാകുറുശ്ശി സ്വദേശിയായ എമില്‍ ജോസാണ് ഭര്‍ത്താവ്. നാലാമത്തെ കുഞ്ഞിന്റെ പ്രസവത്തിനായി ജൂലൈ ആറിന് ചിഞ്ചുവിനെ ലിങ്കണ്‍ഷെയറിലെ പില്‍ഗ്രിം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ജൂലൈ ഏഴിന് ഉച്ചയ്ക്ക് 1.30-ഓടെ സാധാരണ പ്രസവത്തിലൂടെ ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് ജന്മം നല്കി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വിലയിരുത്തിയതിനെ തുടര്‍ന്ന് ജൂലൈ എട്ടിന് വൈകിട്ട് 6.30-ഓടെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങി. എന്നാല്‍ വീട്ടിലെത്തി അധികസമയം കഴിയുന്നതിനുമുമ്പ് ചിഞ്ചുവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തു. ഉടന്‍തന്നെ വീണ്ടും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ആരോഗ്യനില ഗുരുതരമായി. ജൂലൈ ഒന്‍പതിന് പുലര്‍ച്ചെ 12.20-ഓടെയാണ് മരണം സംഭവിച്ചത്. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനും തുടര്‍ മെഡിക്കല്‍ പരിശോധനകള്‍ക്കും കാത്തിരിക്കുകയാണെന്ന് കുടുംബവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
നാലുവര്‍ഷം മുന്‍പാണ് നഴ്സായി ജോലി ലഭിച്ചതിനെ തുടര്‍ന്ന് ചിഞ്ചു യുകെയിലെത്തിയത്. ലിങ്കണ്‍ഷെയറിലെ ബോസ്റ്റണില്‍ താമസമാക്കിയ ചിഞ്ചുവിനൊപ്പം ഏതാനും മാസങ്ങള്‍ക്കുശേഷം ഭര്‍ത്താവ് എമിലും അന്നുണ്ടായിരുന്ന രണ്ടു മക്കളും ചേര്‍ന്നു. മൂന്നാമത്തെ കുഞ്ഞ് യുകെയിലാണ് ജനിച്ചത്. ഒരു വര്‍ഷം മുന്‍പാണ് കുടുംബം ബോസ്റ്റണില്‍ സ്വന്തമായി വീട് വാങ്ങി താമസം ആരംഭിച്ചത്. പ്രവാസജീവിതത്തിലെ സ്വപ്നങ്ങള്‍ ഓരോന്നായി സാക്ഷാത്കരിച്ചുവരുന്നതിനിടെയാണ് ചിഞ്ചുവിന്റെ അപ്രതീക്ഷിത വേര്‍പാട്. എമിലിനും ചിഞ്ചുവിനും എട്ടുവയസ്സുള്ള മകളും ആറും മൂന്നും വയസ്സുള്ള രണ്ട് ആണ്‍മക്കളുമുണ്ട്. നാലാമത്തെ കുഞ്ഞ് നവജാത പെണ്‍കുഞ്ഞാണ്. നാല് ചെറിയ മക്കളെയും ഭര്‍ത്താവിനെയും മാതാപിതാക്കളെയും ദുഃഖത്തിലാഴ്ത്തിയാണ് ചിഞ്ചു വിടപറഞ്ഞത്.
പ്രസവശുശ്രൂഷയ്ക്കായി ചിഞ്ചുവിന്റെ മാതാപിതാക്കളായ തോമസും റോസമ്മയും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സന്ദര്‍ശകവിസയില്‍ യുകെയിലെത്തിയിരുന്നു. മകളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിനിടയിലും നാല് കൊച്ചുമക്കള്‍ക്ക് താങ്ങാകേണ്ട ഉത്തരവാദിത്തമാണ് ഇപ്പോള്‍ ഇവര്‍ക്കു മുന്നിലുള്ളത്. ബോസ്റ്റണ്‍ മേഖലയിലെ സീറോ മലബാര്‍ സഭയുടെ മാര്‍ യൗസേപ്പ് പ്രൊപ്പോസ്ഡ് മിഷനിലെ സജീവ അംഗങ്ങളായിരുന്നു എമിലും കുടുംബവും. ബോസ്റ്റണിലെ മലയാളി സമൂഹത്തിലും കുടുംബം സുപരിചിതരാണ്. ചിഞ്ചുവിന്റെ വിയോഗവാര്‍ത്ത പുറത്തുവന്നതോടെ പ്രദേശത്തെ മലയാളികളും സുഹൃത്തുക്കളും കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തി. എമിലിനും നാല് മക്കള്‍ക്കും ആവശ്യമായ സഹായവും പിന്തുണയും ഉറപ്പാക്കുന്നതിനായി സഭാംഗങ്ങളും ബോസ്റ്റണിലെയും സമീപപ്രദേശങ്ങളിലെയും മലയാളി സമൂഹവും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ കുഞ്ഞിന്റെ വരവ് ആഘോഷിക്കാനിരുന്ന കുടുംബത്തെ മണിക്കൂറുകള്‍ക്കകം തീരാദുഃഖത്തിലാഴ്ത്തിയ ചിഞ്ചുവിന്റെ അപ്രതീക്ഷിത വിയോഗം യുകെയിലെ മലയാളി സമൂഹത്തെയും ആഴത്തില്‍ വേദനിപ്പിച്ചിരിക്കുകയാണ്.