Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ഭാര്യയുടെയും രണ്ട് പെണ്‍മക്കളുടെയും മരണം: ബ്രിട്ടനില്‍നിന്ന് കടന്നയാള്‍ ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റില്‍
reporter

ലണ്ടന്‍: ബെഡ്ഫോര്‍ഡ്‌ഷെയറിലെ ഗ്രേറ്റ് ഡെന്‍ഹാമില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബ്രിട്ടീഷ് പൊലീസ് അന്വേഷിച്ചിരുന്നയാള്‍ ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റിലായി. സിംബാബ്വെ വംശജനായ ബ്രിട്ടീഷ് പൗരന്‍ ന്‍ഡൊഡാന എംഖനിസി ഷുമ (Ndodana Mkhanyisi Tshuma-45) ആണ് ജോഹന്നസ്ബര്‍ഗിലെ കെന്‍സിങ്ടണില്‍ അറസ്റ്റിലായത്. ഇന്റര്‍പോളിന്റെയും ദക്ഷിണാഫ്രിക്കന്‍ പൊലീസ് ഏജന്‍സികളുടെയും സഹകരണത്തോടെ നടത്തിയ രഹസ്യാന്വേഷണ നടപടിയിലൂടെയാണ് വെള്ളിയാഴ്ച ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ദക്ഷിണാഫ്രിക്കന്‍ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് ബ്രിട്ടനിലേക്ക് കൈമാറുന്നതിനുള്ള നിയമനടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഷുമയ്ക്കെതിരെ മൂന്ന് കൊലപാതകക്കുറ്റങ്ങള്‍ ചുമത്താന്‍ ബ്രിട്ടനിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് അനുമതി നല്‍കി. ബെഡ്ഫോര്‍ഡ്‌ഷെയര്‍ പൊലീസ് സമര്‍പ്പിച്ച തെളിവുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനമെന്ന് ചീഫ് ക്രൗണ്‍ പ്രോസിക്യൂട്ടര്‍ എമ്മ ഡേവീസ് പറഞ്ഞു. കുറ്റം തെളിയിക്കുന്നതുവരെ ഇയാള്‍ നിരപരാധിയായി കണക്കാക്കപ്പെടുമെന്നും കേസിന്റെ വിചാരണയെ ബാധിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും സിപിഎസ് ഓര്‍മിപ്പിച്ചു.

വീട്ടില്‍ കണ്ടെത്തിയത് അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങള്‍

ഷുമയുടെ ഭാര്യ നൊതാബോ സാന്‍ഡിലെ ഷുമ (42), മക്കളായ നറ്റാലി (15), നാല (5) എന്നിവരുടെ മൃതദേഹങ്ങള്‍ ജൂലൈ ഏഴിന് ഗ്രേറ്റ് ഡെന്‍ഹാമിലെ വീട്ടിലാണ് പൊലീസ് കണ്ടെത്തിയത്. കുടുംബത്തെ ദിവസങ്ങളായി പുറത്തുകാണാത്തതിനെ തുടര്‍ന്ന് ആശങ്ക ഉയര്‍ന്നതോടെയാണ് പൊലീസ് വീട്ടില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് കൊലപാതക അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഷുമയെ പ്രധാനമായി സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. 'മാര്‍ക്ക്' എന്ന പേരിലും അറിയപ്പെടുന്ന ഇയാള്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് മൂന്ന് ദിവസം മുന്‍പ്, ജൂലൈ നാലിന് ഹീത്രൂ വിമാനത്താവളത്തിലൂടെ ബ്രിട്ടന്‍ വിട്ടതായി സിസിടിവി പരിശോധനയില്‍ വ്യക്തമായി. ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉപയോഗിച്ചായിരുന്നു യാത്ര. ആദ്യം സിംബാബ്വെയിലേക്ക് പോയ ഇയാള്‍ പിന്നീട് ദക്ഷിണാഫ്രിക്കയിലേക്ക് കടന്നതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ബെഡ്ഫോര്‍ഡ്‌ഷെയര്‍ പൊലീസ്, ബ്രിട്ടന്റെ നാഷനല്‍ ക്രൈം ഏജന്‍സി, ഇന്റര്‍പോള്‍, ദക്ഷിണാഫ്രിക്കന്‍-സിംബാബ്വെ അധികൃതര്‍ എന്നിവരുടെ സഹകരണത്തോടെയാണ് രാജ്യാന്തര അന്വേഷണം നടത്തിയത്.

'ദക്ഷിണാഫ്രിക്ക ഒളിവിലുള്ളവരുടെ സുരക്ഷിതകേന്ദ്രമല്ല'

ഒളിവില്‍ കഴിയുന്ന കുറ്റാരോപിതര്‍ക്കുള്ള സുരക്ഷിതകേന്ദ്രമല്ല ദക്ഷിണാഫ്രിക്കയെന്ന് ആക്ടിങ് ദേശീയ പൊലീസ് കമ്മിഷണര്‍ ലഫ്. ജനറല്‍ പുലെങ് ഡിംപാനെ പറഞ്ഞു. രാജ്യത്തേക്ക് കടന്നാല്‍ നിയമനടപടികളില്‍നിന്ന് രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടതില്ലെന്നും അന്താരാഷ്ട്ര ഏജന്‍സികളുമായി ചേര്‍ന്ന് അവരെ കണ്ടെത്തുമെന്നും അവര്‍ വ്യക്തമാക്കി. ഇന്റര്‍പോളിന്റെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം ഷുമയെ കണ്ടെത്താന്‍ കഴിഞ്ഞതായി ദക്ഷിണാഫ്രിക്കന്‍ പൊലീസ് വക്താവ് ബ്രിഗേഡിയര്‍ അത്ത്‌ലെന്‍ഡ മാത്തെ പറഞ്ഞു. ബ്രിട്ടനും ദക്ഷിണാഫ്രിക്കയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലവിലുണ്ടെങ്കിലും, കൈമാറ്റത്തിനു മുന്‍പ് ദക്ഷിണാഫ്രിക്കയിലെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികളുടെ ഏകോപിതവും അതിവേഗവുമായ പ്രവര്‍ത്തനമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ലീ മാര്‍ട്ടിന്‍ പറഞ്ഞു. ഷുമയെ ബ്രിട്ടനിലേക്ക് തിരികെ എത്തിക്കുന്നതിനായി ദക്ഷിണാഫ്രിക്കന്‍ അധികൃതരുമായും നാഷനല്‍ ക്രൈം ഏജന്‍സിയുമായും സിപിഎസുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അമ്മയുടെയും രണ്ട് കുട്ടികളുടെയും മരണത്തില്‍ കുടുംബാംഗങ്ങളും ഗ്രേറ്റ് ഡെന്‍ഹാമിലെ പ്രദേശവാസികളും കടുത്ത ദുഃഖത്തിലാണ്. അന്വേഷണം തുടരുന്നതിനാല്‍ കേസിന്റെ വിചാരണയെ ബാധിക്കുന്ന തരത്തിലുള്ള ഊഹാപോഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

 
Other News in this category

 
 




 
Close Window