Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസിന്റെ 78-ാം വാര്‍ഷികാഘോഷം; 10 ഡൗണിങ് സ്ട്രീറ്റിലെ വിരുന്നില്‍ മലയാളി നഴ്‌സ് ഷൈനി ബേസില്‍
reporter

ലണ്ടന്‍: ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസിന്റെ (എന്‍എച്ച്എസ്) 78-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റില്‍ സംഘടിപ്പിച്ച പ്രത്യേക വിരുന്നില്‍ മലയാളി നഴ്‌സ് ഷൈനി ബേസില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. കോതമംഗലം സ്വദേശിനിയും ബസില്‍ഡണ്‍ മലയാളിയുമായ ഷൈനിക്ക് എന്‍എച്ച്എസില്‍ നല്‍കിയ മികച്ച സേവനങ്ങള്‍ പരിഗണിച്ചാണ് ജൂലൈ ആറിന് നടന്ന സ്വീകരണച്ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. 1948 ജൂലൈ അഞ്ചിന് പ്രവര്‍ത്തനം ആരംഭിച്ച എന്‍എച്ച്എസ് ഈ വര്‍ഷമാണ് 78 വര്‍ഷം പൂര്‍ത്തിയാക്കിയത്. മിഡ് ആന്‍ഡ് സൗത്ത് എസ്സെക്‌സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിനു കീഴിലുള്ള ബാസില്‍ഡണ്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് ക്ലിനിക്കല്‍ നഴ്‌സ് സ്‌പെഷ്യലിസ്റ്റായാണ് ഷൈനി സേവനമനുഷ്ഠിക്കുന്നത്. ട്രസ്റ്റിന്റെ ബാസില്‍ഡണ്‍ സ്റ്റാഫ് ഗവര്‍ണറുമായ ഷൈനിയുടെ നിലവിലെ കാലാവധി 2028 ഏപ്രില്‍ 14 വരെയാണ്.

മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് ബാധിതര്‍ക്ക് ലഭിക്കുന്ന പരിചരണം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഷൈനിയെ ഈ അംഗീകാരത്തിന് അര്‍ഹയാക്കിയത്. രോഗികളുടെ കാത്തിരിപ്പുസമയം കുറയ്ക്കുന്നതിനായി പ്രത്യേക ലംബര്‍ പഞ്ചര്‍ ക്ലിനിക് ആരംഭിച്ചതും അധികൃതര്‍ പ്രത്യേകം എടുത്തുപറഞ്ഞു. ഷൈനിയുടെ പ്രവര്‍ത്തനം രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വലിയ മാറ്റമുണ്ടാക്കുന്നതായി ട്രസ്റ്റ് അറിയിച്ചു. ബാസില്‍ഡണില്‍ കഴിഞ്ഞ 24 വര്‍ഷമായി താമസിക്കുന്ന ഷൈനി, ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബേസില്‍ ചാക്കോയുടെ ഭാര്യയാണ്. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന എന്‍എച്ച്എസ് വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് തന്റെ ഔദ്യോഗിക ജീവിതത്തിലെ വലിയ അഭിമാനനിമിഷമാണെന്ന് ഷൈനി പറഞ്ഞു. ഈ അംഗീകാരം തനിക്ക് മാത്രമല്ല, ബ്രിട്ടനിലെ ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്ന മുഴുവന്‍ മലയാളി സമൂഹത്തിനും ലഭിച്ച അംഗീകാരമായി കാണുന്നതായും അവര്‍ പ്രതികരിച്ചു.

 
Other News in this category

 
 




 
Close Window