ലണ്ടന്‍: ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലണ്ടില്‍ നിര്‍മിച്ചതായി കരുതപ്പെടുന്ന ലോകപ്രശസ്ത ബയൂ ടേപ്പസ്ട്രി ചരിത്രത്തിലാദ്യമായി പ്രദര്‍ശനത്തിനായി ബ്രിട്ടനിലെത്തി. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെ ഫ്രാന്‍സില്‍നിന്ന് കൊണ്ടുവന്ന ഈ അമൂല്യ കലാസൃഷ്ടി വെള്ളിയാഴ്ച പുലര്‍ച്ചെ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ എത്തിച്ചു. 2026 സെപ്റ്റംബര്‍ 10 മുതല്‍ 2027 ജൂലൈ 11 വരെയാണ് ടേപ്പസ്ട്രി പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുക. നിര്‍മാണത്തിനു ശേഷം ആദ്യമായാണ് ഇത് ബ്രിട്ടനില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് ബ്രിട്ടീഷ് മ്യൂസിയം വ്യക്തമാക്കി. നോര്‍മന്‍ഡിയിലെ ബയൂ മ്യൂസിയത്തില്‍നിന്ന് പ്രത്യേകം രൂപകല്‍പ്പന ചെയ്ത കാലാവസ്ഥാ നിയന്ത്രിത പെട്ടിയിലാണ് ടേപ്പസ്ട്രി കൊണ്ടുവന്നത്. പൊലീസ് അകമ്പടിയോടെ യൂറോടണല്‍ വഴിയായിരുന്നു യാത്ര. താപനിലയും ഈര്‍പ്പവും നിയന്ത്രിക്കുന്ന സംവിധാനങ്ങള്‍ക്കൊപ്പം അലുമിനിയം ഫ്രെയിം, ഷോക്ക് ആബ്സോര്‍ബറുകള്‍, ഇരട്ട സുരക്ഷാപാളികള്‍ എന്നിവയും പെട്ടിയില്‍ സജ്ജീകരിച്ചിരുന്നു. റോഡിലെ കുലുക്കങ്ങള്‍പോലും കലാസൃഷ്ടിയെ ബാധിക്കാതിരിക്കാന്‍ യഥാര്‍ഥ ടേപ്പസ്ട്രിയുടെ മാതൃക ഉപയോഗിച്ച് രണ്ടുതവണ പരീക്ഷണയാത്ര നടത്തിയ ശേഷമാണ് അന്തിമ ഗതാഗതപദ്ധതി തയ്യാറാക്കിയത്. യാത്രയ്ക്കിടയിലെ പ്രകമ്പനങ്ങളും അന്തരീക്ഷ വ്യതിയാനങ്ങളും പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയും ചെയ്തു.
'ചരിത്രം സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ നിമിഷം'
''ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്കുശേഷം ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തുന്ന ചരിത്രനിമിഷമാണിത്,'' എന്ന് ബ്രിട്ടീഷ് മ്യൂസിയം ഡയറക്ടര്‍ നിക്കോളാസ് കുള്ളിനന്‍ പറഞ്ഞു. ''ഇത് ഒരു പ്രദര്‍ശനവസ്തു മാത്രമല്ല. ഇംഗ്ലണ്ടിന്റെയും ഫ്രാന്‍സിന്റെയും പങ്കിട്ട ചരിത്രത്തിന്റെ അപൂര്‍വ സാക്ഷ്യമാണ്. കഴിയുന്നത്ര കൂടുതല്‍ ആളുകള്‍ക്ക് ഇത് നേരില്‍ കാണാന്‍ അവസരം ലഭിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം,'' അദ്ദേഹം പറഞ്ഞു. ടേപ്പസ്ട്രി മ്യൂസിയത്തിലെത്തിയ നിമിഷം ഏറെ വൈകാരികമായിരുന്നുവെന്ന് പ്രദര്‍ശനത്തിന്റെ പ്രോജക്ട് ക്യൂറേറ്റര്‍ മില്ലി ഹോര്‍ട്ടണ്‍-ഇന്‍ഷും പറഞ്ഞു. ''ഒരു ലോറി വന്ന് പെട്ടി ഇറക്കുന്നത് കാണുന്നതില്‍ എന്താണ് പ്രത്യേകതയെന്ന് തോന്നാം. എന്നാല്‍ ആ പെട്ടിക്കുള്ളിലുള്ളത് ആയിരം വര്‍ഷം പഴക്കമുള്ള ചരിത്രമാണ്,'' അവര്‍ പറഞ്ഞു.
മാക്രോണ്‍-സ്റ്റാര്‍മര്‍ സാംസ്‌കാരിക കരാര്‍
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറും 2025-ല്‍ അന്തിമരൂപം നല്‍കിയ സാംസ്‌കാരിക കരാറിന്റെ ഭാഗമായാണ് ബയൂ ടേപ്പസ്ട്രി ബ്രിട്ടന് താല്‍ക്കാലികമായി വായ്പ നല്‍കിയത്. നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഫ്രാന്‍സിലെ ബയൂ ടേപ്പസ്ട്രി മ്യൂസിയം 2027 ഒക്ടോബര്‍വരെ അടച്ചിട്ടിരിക്കുകയാണ്. ബ്രിട്ടീഷ് മ്യൂസിയത്തിലെ പ്രദര്‍ശനം പൂര്‍ത്തിയായശേഷം ടേപ്പസ്ട്രി ഫ്രാന്‍സിലേക്കു തിരിച്ചുകൊണ്ടുപോകും. ഇതിനു പകരമായി സട്ടണ്‍ ഹൂ ശേഖരത്തിലെ വസ്തുക്കള്‍ ഉള്‍പ്പെടെ ബ്രിട്ടീഷ് മ്യൂസിയത്തിലെ ചില പ്രധാന പുരാവസ്തുക്കള്‍ ഫ്രാന്‍സില്‍ പ്രദര്‍ശിപ്പിക്കും. ടേപ്പസ്ട്രിയുടെ വരവിനോടനുബന്ധിച്ച് ഡോവറിലെ പ്രശസ്തമായ വെളുത്ത പാറകളില്‍ അതിന്റെ ചിത്രം പ്രൊജക്ട് ചെയ്തിരുന്നു. ഇതിനു നന്ദി അറിയിച്ചുകൊണ്ട് 'Merci Beaucoup' എന്ന സന്ദേശവും മാക്രോണ്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
ഫ്രാന്‍സില്‍ പ്രതിഷേധവും ആശങ്കയും
അത്യന്തം ദുര്‍ബലമായ കലാസൃഷ്ടിയെ ഫ്രാന്‍സില്‍നിന്ന് ബ്രിട്ടനിലേക്ക് കൊണ്ടുപോകുന്നതിനെതിരെ ചരിത്രഗവേഷകരും പൈതൃകസംരക്ഷകരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഗതാഗതം ടേപ്പസ്ട്രിക്ക് കേടുപാടുകള്‍ വരുത്തുമെന്ന മുന്നറിയിപ്പോടെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പതിനായിരക്കണക്കിന് ആളുകളാണ് ഒപ്പുവച്ചത്. പ്രശസ്ത ബ്രിട്ടീഷ് ചിത്രകാരന്‍ ഡേവിഡ് ഹോക്ക്‌നിയും ടേപ്പസ്ട്രിയുടെ യാത്രയെ എതിര്‍ത്തിരുന്നു. ചില കലാസൃഷ്ടികള്‍ അത്രയും വിലപ്പെട്ടതായതിനാല്‍ അവയെ അപകടസാധ്യതയുള്ള യാത്രകള്‍ക്ക് വിധേയമാക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ മാസങ്ങളോളം നീണ്ട ശാസ്ത്രീയ പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് ടേപ്പസ്ട്രി മാറ്റിയതെന്നും സംരക്ഷണത്തിനായി സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ബ്രിട്ടീഷ് മ്യൂസിയം വ്യക്തമാക്കി.
1066-ലെ നോര്‍മന്‍ അധിനിവേശത്തിന്റെ ദൃശ്യചരിത്രം
പേരില്‍ ടേപ്പസ്ട്രിയാണെങ്കിലും ലിനന്‍ തുണിയില്‍ വര്‍ണാഭമായ കമ്പിളിനൂല്‍ ഉപയോഗിച്ച് എംബ്രോയ്ഡറി ചെയ്ത കലാസൃഷ്ടിയാണിത്. ഏകദേശം 70 മീറ്റര്‍ നീളവും അരമീറ്റര്‍ വീതിയുമുള്ള ഈ സൃഷ്ടിയില്‍ 58 രംഗങ്ങളിലായി 1066-ലെ നോര്‍മന്‍ അധിനിവേശത്തിലേക്കു നയിച്ച സംഭവങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. വില്യം ദി കോണ്‍ക്വററും ഇംഗ്ലണ്ട് രാജാവായ ഹാരള്‍ഡ് രണ്ടാമനും തമ്മിലുള്ള അധികാരപ്പോരാട്ടം, ഹേസ്റ്റിംഗ്‌സ് യുദ്ധം, കപ്പല്‍യാത്രകള്‍, സൈനികസന്നാഹങ്ങള്‍ എന്നിവയാണ് പ്രധാന പ്രമേയം. 626 മനുഷ്യരൂപങ്ങളും 202 കുതിരകളും നിരവധി കപ്പലുകളും കെട്ടിടങ്ങളും ആയുധങ്ങളും മറ്റു ജീവജാലങ്ങളും ചിത്രീകരിച്ചിരിക്കുന്ന ഈ എംബ്രോയ്ഡറി മധ്യകാല ഇംഗ്ലണ്ടിലെയും നോര്‍മന്‍ഡിയിലെയും സാമൂഹികജീവിതം, യുദ്ധരീതികള്‍, വാസ്തുവിദ്യ, വസ്ത്രധാരണം, കപ്പല്‍നിര്‍മാണം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളും നല്‍കുന്നു.
ആദ്യദിവസംതന്നെ ഒരു ലക്ഷം ടിക്കറ്റുകള്‍
പ്രദര്‍ശനത്തിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ച ആദ്യദിവസംതന്നെ ഏകദേശം ഒരു ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. 2026 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെയുള്ള ടിക്കറ്റുകള്‍ അതിവേഗം വിറ്റുതീര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വായ്പാ വ്യവസ്ഥകള്‍ അനുസരിച്ച് ടേപ്പസ്ട്രി പൂര്‍ണമായി പരത്തിയ നിലയിലായിരിക്കും പ്രദര്‍ശിപ്പിക്കുക. പ്രത്യേക മെസാനിന്‍ ഗാലറിയിലൂടെ സന്ദര്‍ശകര്‍ക്ക് കലാസൃഷ്ടിയുടെ മുഴുവന്‍ നീളവും ഒരേസമയം കാണാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം. പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് വിദഗ്ധര്‍ ആഴ്ചകളോളം ടേപ്പസ്ട്രിയുടെ സൂക്ഷ്മപരിശോധനയും സംരക്ഷണനടപടികളും നടത്തും. ലോകത്തിലെ ഏറ്റവും വിലമതിക്കപ്പെടുന്ന ചരിത്ര എംബ്രോയ്ഡറികളിലൊന്നായ ബയൂ ടേപ്പസ്ട്രിയുടെ പ്രദര്‍ശനം ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക ആകര്‍ഷണങ്ങളിലൊന്നാകുമെന്നാണ് പ്രതീക്ഷ.