Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.075 INR
ukmalayalampathram.com
Sat 11th Jul 2026
 
 
UK Special
  Add your Comment comment
ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി ആന്‍ഡി ബര്‍ണാം ഉറപ്പിലേക്ക്; 403 ലേബര്‍ എംപിമാരില്‍ 322 പേരുടെ പിന്തുണ
reporter

ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയായി ആന്‍ഡി ബര്‍ണാം എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. ലേബര്‍ പാര്‍ട്ടിയുടെ 403 എംപിമാരില്‍ 322 പേരും ബര്‍ണാമിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് മറ്റൊരു സ്ഥാനാര്‍ഥിക്ക് മത്സരരംഗത്തേക്ക് എത്താനുള്ള സാധ്യത ഏതാണ്ട് ഇല്ലാതായത്. പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കാന്‍ എംപിമാരുടെ 20 ശതമാനം പിന്തുണ ആവശ്യമാണ്. നിലവില്‍ 322 എംപിമാരുടെ പിന്തുണ നേടിയ ബര്‍ണാമിന് ഒരു എംപിയുടെ കൂടി പിന്തുണ ലഭിച്ചാല്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് ആവശ്യമായ നാമനിര്‍ദേശങ്ങള്‍ നേടുക ഗണിതപരമായി അസാധ്യമാകും. അതിനാല്‍ ബര്‍ണാം എതിരില്ലാതെ ലേബര്‍ നേതാവായി തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയാണ് ശക്തമായിരിക്കുന്നത്. മറ്റാരും മത്സരരംഗത്ത് എത്താത്ത പക്ഷം ജൂലൈ 20ന് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ആന്‍ഡി ബര്‍ണാം ചുമതലയേല്‍ക്കുമെന്നാണ് നിലവിലെ സൂചന.

പിന്തുണച്ച എംപിമാര്‍ക്ക് നന്ദി

പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദേശിച്ച എംപിമാര്‍ക്ക് ബര്‍ണാം നന്ദി അറിയിച്ചു. മേക്കര്‍ഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്റിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് ബര്‍ണാമിന്റെ പ്രധാനമന്ത്രി സാധ്യത ശക്തമായത്. ജൂണ്‍ 18ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ബര്‍ണാം എംപിയായി പാര്‍ലമെന്റിലേക്ക് മടങ്ങിയെത്തി. ദിവസങ്ങള്‍ക്കകം കിയര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചതോടെ ബര്‍ണാമിന് പിന്തുണ പ്രഖ്യാപിച്ച് ലേബര്‍ നേതാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തി. നേതൃത്വ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ നടപടികള്‍ ആരംഭിച്ചതോടെ ബര്‍ണാമിന് ലഭിച്ച പിന്തുണ മറ്റെല്ലാ സാധ്യതാ സ്ഥാനാര്‍ഥികളെയും ഏറെ പിന്നിലാക്കി. ജൂലൈ 16 വരെയാണ് നാമനിര്‍ദേശത്തിന് സമയം. നിലവിലെ സാഹചര്യത്തില്‍ മറ്റൊരു സ്ഥാനാര്‍ഥി മത്സരരംഗത്ത് എത്താനുള്ള സാധ്യത വളരെ കുറവാണ്.

'കിങ് ഓഫ് ദ നോര്‍ത്ത്'

മുന്‍ കാബിനറ്റ് മന്ത്രിയും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറുമായ ആന്‍ഡി ബര്‍ണാം ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രീതിയുള്ള ലേബര്‍ നേതാക്കളിലൊരാളാണ്. വടക്കന്‍ ഇംഗ്ലണ്ടിന്റെ താല്‍പര്യങ്ങള്‍ക്കായി ശക്തമായി നിലകൊണ്ടതിലൂടെ 'കിങ് ഓഫ് ദ നോര്‍ത്ത്' എന്ന വിളിപ്പേരും അദ്ദേഹം നേടി. 1970 ജനുവരി 7ന് ലിവര്‍പൂള്‍ മേഖലയിലാണ് ആന്‍ഡി ബര്‍ണാം ജനിച്ചത്. ചെറുപ്പത്തിലേ ലേബര്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഫിറ്റ്‌സ്വില്യം കോളജില്‍ ഇംഗ്ലിഷ് പഠിച്ച അദ്ദേഹം 2001ലാണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2017 വരെ എംപിയായി തുടര്‍ന്നു.

ബ്ലെയര്‍-ബ്രൗണ്‍ സര്‍ക്കാരുകളില്‍ മന്ത്രി

ടോണി ബ്ലെയറുടെയും ഗോര്‍ഡന്‍ ബ്രൗണിന്റെയും സര്‍ക്കാരുകളില്‍ വിവിധ ചുമതലകള്‍ വഹിച്ച ബര്‍ണാം പിന്നീട് കാബിനറ്റിലെ പ്രധാന സ്ഥാനങ്ങളിലേക്കും ഉയര്‍ന്നു. ചീഫ് സെക്രട്ടറി ടു ദ ട്രഷറി, കള്‍ച്ചര്‍ സെക്രട്ടറി, ഹെല്‍ത്ത് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2010ലും 2015ലും ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. എന്നാല്‍ 2017ല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിന്റെ ആദ്യ നേരിട്ടു തിരഞ്ഞെടുക്കപ്പെട്ട മേയറായി ചുമതലയേറ്റതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം വീണ്ടും ശക്തമായി.

മാഞ്ചസ്റ്ററില്‍ നിന്ന് ഡൗണിങ് സ്ട്രീറ്റിലേക്ക്

2017 മുതല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറായി പ്രവര്‍ത്തിച്ച ബര്‍ണാം ഗതാഗതം, പ്രാദേശിക വികസനം, ഭവനം, ആരോഗ്യനയം തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകളിലൂടെ ദേശീയ ശ്രദ്ധ നേടി. ലണ്ടന്‍ കേന്ദ്രീകൃത ഭരണരീതിക്കെതിരെ വടക്കന്‍ ഇംഗ്ലണ്ടിന് കൂടുതല്‍ അധികാരവും നിക്ഷേപവും വേണമെന്ന ആവശ്യം നിരന്തരം ഉയര്‍ത്തിയ നേതാവാണ് അദ്ദേഹം. 56കാരനായ ബര്‍ണാമിന്റെ പാര്‍ലമെന്റിലേക്കുള്ള തിരിച്ചുവരവ് ബ്രിട്ടിഷ് രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവായി. മേക്കര്‍ഫീല്‍ഡ് ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ നീക്കം അതിവേഗം ശക്തിപ്പെട്ടു. ഇപ്പോള്‍ ലേബര്‍ എംപിമാരില്‍ 80 ശതമാനത്തോളം പേരുടെ പിന്തുണ നേടിയതോടെ മാഞ്ചസ്റ്ററില്‍ നിന്ന് ഡൗണിങ് സ്ട്രീറ്റിലേക്കുള്ള ബര്‍ണാമിന്റെ യാത്ര ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window