ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം 2026 ലോകകപ്പ് കിരീടം നേടിയാല്‍ വിജയാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് അധിക ബാങ്ക് ഹോളിഡേ പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാതെ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍. ലോകകപ്പ് വിജയിച്ചാല്‍ പ്രത്യേക അവധി പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിന്, ഇക്കാര്യം ഫൈനലിന് മുമ്പ് വീണ്ടും ചോദിക്കൂ എന്നായിരുന്നു സ്റ്റാര്‍മറുടെ പ്രതികരണം. ഇംഗ്ലണ്ട് കിരീടം നേടിയാല്‍ ജൂലൈ 24 വെള്ളിയാഴ്ച അധിക ബാങ്ക് ഹോളിഡേ പ്രഖ്യാപിക്കാനുള്ള സാധ്യതയാണ് ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകകപ്പ് വിജയാഘോഷ പരേഡുമായി ബന്ധിപ്പിച്ചായിരിക്കും അവധി പരിഗണിക്കുകയെന്നാണ് സൂചന.
ശനിയാഴ്ച നടക്കുന്ന നിര്‍ണായക ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേയാണ് ഇംഗ്ലണ്ടിന്റെ എതിരാളി. എര്‍ലിങ് ഹാലന്‍ഡിന്റെ നേതൃത്വത്തില്‍ മികച്ച പ്രകടനം തുടരുന്ന നോര്‍വേയെ മറികടക്കാനായാല്‍ ഇംഗ്ലണ്ട് സെമിഫൈനലിലേക്ക് മുന്നേറും. തുടര്‍ന്ന് ഫൈനല്‍ പ്രവേശനത്തിനായുള്ള പോരാട്ടവും കാത്തിരിക്കും. 2026 ഫിഫ ലോകകപ്പ് ഫൈനല്‍ ജൂലൈ 19 ഞായറാഴ്ച അമേരിക്കയിലെ ന്യൂജഴ്സിയില്‍ നടക്കും. ഇംഗ്ലണ്ട് ഫൈനലിലെത്തിയാല്‍ കിയര്‍ സ്റ്റാര്‍മര്‍ മത്സരം നേരിട്ട് കാണാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1966-നുശേഷം ആദ്യ ലോകകപ്പ് കിരീടമാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. അറുപത് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ടീം കിരീടമുയര്‍ത്തിയാല്‍ രാജ്യവ്യാപകമായ വിജയാഘോഷത്തിനൊപ്പം പ്രത്യേക അവധിയും പ്രഖ്യാപിക്കപ്പെടുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.