ലണ്ടന്‍: യുകെയിലെ വിദ്യാഭ്യാസ വകുപ്പിന്റെയും പൊലീസ് നാഷനല്‍ ലീഗല്‍ ഡേറ്റാബേസിന്റെയും സംവിധാനങ്ങള്‍ വന്‍ സൈബര്‍ ആക്രമണത്തിന് ഇരയായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ട 7.4 ലക്ഷത്തിലേറെ രേഖകള്‍ മോഷ്ടിച്ചതായി ഹാക്കര്‍ സംഘം അവകാശപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിന്റെ ഹെല്‍പ്ഡെസ്‌ക് പോര്‍ട്ടലില്‍നിന്ന് മാത്രം ആറുലക്ഷത്തിലേറെ രേഖകള്‍ ചോര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. മാതാപിതാക്കള്‍, അധ്യാപകര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ പൂര്‍ണമായ പേര്, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, തൊഴില്‍വിവരങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നതായി ഹാക്കര്‍മാര്‍ അവരുടെ ലീക്ക് വെബ്സൈറ്റിലൂടെ അവകാശപ്പെട്ടു. വിദ്യാര്‍ഥികളുടെ വിദേശപഠനവുമായി ബന്ധപ്പെട്ട ട്യൂറിങ് സ്‌കീം നിയന്ത്രിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ട്യൂറിങ് പോര്‍ട്ടലിലെ വിവരങ്ങളും ആക്രമണത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പൊലീസ് സേനകള്‍ക്ക് നിയമസഹായം നല്‍കുന്ന പൊലീസ് നാഷനല്‍ ലീഗല്‍ ഡേറ്റാബേസില്‍നിന്ന് 1.35 ലക്ഷം രേഖകള്‍ കൈവശപ്പെടുത്തിയെന്നാണ് ഹാക്കര്‍മാരുടെ മറ്റൊരു അവകാശവാദം. പൊലീസ് ഉദ്യോഗസ്ഥരുടെയും ക്രിമിനല്‍ ജസ്റ്റിസ് മേഖലയിലെ ജീവനക്കാരുടെയും പേരുകള്‍, ജോലി ചെയ്യുന്ന പൊലീസ് സേനയുടെയോ സ്ഥാപനത്തിന്റെയോ വിവരങ്ങള്‍, ഔദ്യോഗിക ഇമെയില്‍ വിലാസങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 'ആസ്‌ക് ദി പൊലീസ്' സേവനത്തിലൂടെ ചോദ്യങ്ങള്‍ സമര്‍പ്പിച്ച ചില പൊതുജനങ്ങളുടെ പേരും വിലാസവും ചോര്‍ന്നതായാണ് വിവരം. എന്നാല്‍ ഇരകള്‍, സാക്ഷികള്‍, കുറ്റാരോപിതര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ പൊലീസ് നിയമ ഡേറ്റാബേസില്‍ സൂക്ഷിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
'എക്‌സ്ഫില്‍സ്‌ക്വാഡ്' എന്ന പേരിലുള്ള പുതിയ ഹാക്കര്‍ സംഘമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. മോഷ്ടിച്ച വിവരങ്ങളില്‍നിന്നുള്ള ചെറിയൊരു സാമ്പിള്‍ മാത്രമാണ് നിലവില്‍ പുറത്തുവിട്ടതെന്നും ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ മുഴുവന്‍ രേഖകളും പ്രസിദ്ധീകരിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി. വിവരച്ചോര്‍ച്ചയെ തുടര്‍ന്നുണ്ടാകാവുന്ന നിയമനടപടികളുടെ ചെലവിനെക്കാള്‍ കുറവാണ് തങ്ങള്‍ ആവശ്യപ്പെടുന്ന തുകയെന്നും പണം നല്‍കുന്നതാണ് ഉചിതമെന്നും അവകാശപ്പെട്ടുള്ള സന്ദേശവും ഹാക്കര്‍മാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.