ലണ്ടന്‍: 180 യാത്രക്കാരുമായി ഹീത്രൂ വിമാനത്താവളത്തിലേക്ക് എത്തിയ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം ഗുരുതര സാങ്കേതിക തകരാര്‍ നേരിട്ടതിനെത്തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായതായി റിപ്പോര്‍ട്ട്. ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഫില്‍നിന്ന് ലണ്ടനിലേക്ക് വന്ന BA919 വിമാനമാണ് ജൂലൈ ആറിന് അപകടഭീഷണി നേരിട്ടത്. ലണ്ടനിലെ കാനറി വാര്‍ഫിന് മുകളിലൂടെ ഏകദേശം 4,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ വിമാനത്തിന്റെ എയര്‍ ഡേറ്റാ സംവിധാനങ്ങളിലൊന്ന് തകരാറിലാവുകയായിരുന്നു. വിമാനത്തിന്റെ വേഗം, ഉയരം തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ പൈലറ്റുമാര്‍ക്ക് ലഭ്യമാക്കുന്ന സംവിധാനമാണിത്.
തകരാറിനെത്തുടര്‍ന്ന് വിമാനത്തിന്റെ വേഗം സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കുന്നതില്‍ തടസ്സമുണ്ടാവുകയും വിമാനം 'സ്റ്റാള്‍' ചെയ്യാനുള്ള സാധ്യത ഉയരുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ചിറകുകള്‍ക്ക് ആവശ്യമായ ലിഫ്റ്റ് ലഭിക്കാതെ നിയന്ത്രണം നഷ്ടപ്പെടാവുന്ന ഗുരുതര സാഹചര്യമാണ് സ്റ്റാള്‍. പ്രശ്‌നം പരിഹരിക്കാന്‍ ഫസ്റ്റ് ഓഫിസര്‍ ആദ്യം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ക്യാപ്റ്റന്‍ വിമാനത്തിന്റെ നിയന്ത്രണം നേരിട്ട് ഏറ്റെടുത്ത് സ്ഥിതി നിയന്ത്രണവിധേയമാക്കുകയും ഹീത്രൂ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തിന്റെ കാരണവും എയര്‍ ഡേറ്റാ സംവിധാനത്തിലുണ്ടായ തകരാറിന്റെ സ്വഭാവവും കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.