ലണ്ടന്‍: ആഴ്ചകളായി തുടരുന്ന വരണ്ട കാലാവസ്ഥയ്ക്ക് പിന്നാലെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മെറ്റ് ഓഫിസ് മുന്നറിയിപ്പ്. നോര്‍ത്ത് ഇംഗ്ലണ്ട്, നോര്‍ത്ത് വെയില്‍സ്, നോര്‍ത്ത് അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. നോര്‍ത്ത് അയര്‍ലന്‍ഡില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ രാത്രി വരെയാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ അബര്‍ഡീന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി ഒമ്പതു വരെയും നോര്‍ത്ത് ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച രാത്രി ഏഴു മുതല്‍ വ്യാഴാഴ്ച രാവിലെ 10 വരെയും പ്രതികൂല കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കനത്ത മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും ആലിപ്പഴവര്‍ഷവും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ ഒരു മണിക്കൂറിനുള്ളില്‍ 15 മുതല്‍ 20 മില്ലിമീറ്റര്‍ വരെയും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 30 മില്ലിമീറ്റര്‍ വരെയും മഴ ലഭിച്ചേക്കാം. നോര്‍ത്ത് ഇംഗ്ലണ്ടിലെയും സ്‌കോട്ട്‌ലന്‍ഡിലെയും ചില മേഖലകളില്‍ ആറ് മണിക്കൂറിനുള്ളില്‍ 30 മുതല്‍ 50 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ അളവില്‍ മഴ ലഭിക്കുന്നതോടെ റോഡുകളില്‍ വെള്ളക്കെട്ടുണ്ടാകാനും റെയില്‍-റോഡ് ഗതാഗതം തടസ്സപ്പെടാനും സാധ്യതയുണ്ട്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുന്നതിനൊപ്പം ഇടിമിന്നല്‍ മൂലം വൈദ്യുതി ബന്ധം തടസ്സപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ദീര്‍ഘകാലമായി കാര്യമായ മഴ ലഭിക്കാത്തതിനാല്‍ മണ്ണ് കടുത്ത് വരണ്ട നിലയിലായതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. വരണ്ട മണ്ണിന് പെട്ടെന്ന് വലിയ അളവിലുള്ള മഴവെള്ളം ആഗിരണം ചെയ്യാന്‍ കഴിയാത്തതിനാല്‍ വെള്ളം അതിവേഗം ഒഴുകി താഴ്ന്ന പ്രദേശങ്ങളില്‍ കെട്ടിക്കിടക്കാനും മിന്നല്‍പ്രളയത്തിന് കാരണമാകാനും സാധ്യതയുണ്ട്. കനത്ത മഴ വരള്‍ച്ചയ്ക്ക് താല്‍ക്കാലിക ആശ്വാസമാകുമെങ്കിലും ജലാശയങ്ങളിലെ ജലനിരപ്പും മണ്ണിലെ ഈര്‍പ്പവും സാധാരണ നിലയിലേക്ക് മടങ്ങാന്‍ തുടര്‍ച്ചയായി കൂടുതല്‍ മഴ ലഭിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. വ്യാഴാഴ്ചയോടെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനുമുള്ള സാധ്യത കൂടുതല്‍ തെക്കന്‍ മേഖലകളിലേക്കും വ്യാപിച്ചേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുന്ന സമയങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.