ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് സുസി വില്‍സ് ആണെന്ന് അവകാശപ്പെട്ട വ്യക്തിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണെം സന്ദേശങ്ങള്‍ കൈമാറിയതായി റിപ്പോര്‍ട്ട്. ആശയവിനിമയത്തിനിടെ സംശയം തോന്നിയതോടെ ബേണെം ബന്ധം അവസാനിപ്പിക്കുകയും വിവരം ബന്ധപ്പെട്ട സുരക്ഷാ അധികൃതരെ അറിയിക്കുകയും ചെയ്തു. പൊളിറ്റിക്കോയാണ് സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സുസി വില്‍സ് ആണെന്ന് വിശ്വസിച്ചാണ് ബേണെം ആദ്യഘട്ടത്തില്‍ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഏതാനും സന്ദേശങ്ങള്‍ മാത്രമാണ് ഇരുവരും കൈമാറിയതെന്നും ദേശീയ സുരക്ഷയെയോ സര്‍ക്കാരിനെയോ ബാധിക്കുന്ന നിര്‍ണായക വിവരങ്ങളൊന്നും പുറത്തായിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ആശയവിനിമയത്തില്‍ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതോടെ പ്രധാനമന്ത്രി സംശയം പ്രകടിപ്പിക്കുകയും ഉടന്‍ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.
ബേണെവും വ്യാജ വ്യക്തിയും തമ്മില്‍ ഫോണ്‍ സംഭാഷണം നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സന്ദേശങ്ങള്‍ മാത്രമാണ് കൈമാറിയത്. വാട്‌സ്ആപ്പ് വഴിയാണോ മറ്റേതെങ്കിലും സന്ദേശ സംവിധാനത്തിലൂടെയാണോ ആശയവിനിമയം നടന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എത്ര സന്ദേശങ്ങളാണ് കൈമാറിയതെന്നും സംഭവം നടന്ന കൃത്യമായ സമയവും പുറത്തുവിട്ടിട്ടില്ല. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിക്കാറില്ലെന്നാണ് ഡൗണിങ് സ്ട്രീറ്റിന്റെ നിലപാട്. സംഭവം ഗൗരവമായി കണക്കിലെടുത്ത വാഷിങ്ടനിലെ ബ്രിട്ടീഷ് എംബസി വൈറ്റ് ഹൗസിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സുസി വില്‍സിന്റെ മൊബൈല്‍ ഫോണോ മറ്റ് ഉപകരണങ്ങളോ ഹാക്ക് ചെയ്യപ്പെട്ടതുമായി പുതിയ സംഭവത്തിന് ബന്ധമില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
2025ലും സുസി വില്‍സിന്റെ പേരില്‍ വ്യാജ സന്ദേശങ്ങളും ഫോണ്‍ കോളുകളും നടത്തിയ സംഭവങ്ങള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വില്‍സ് ആണെന്ന് നടിച്ച് ഗവര്‍ണര്‍മാര്‍, കോണ്‍ഗ്രസ് അംഗങ്ങള്‍, പ്രമുഖ ബിസിനസ് വ്യക്തികള്‍ തുടങ്ങിയവരെ സമീപിച്ചതിനെ തുടര്‍ന്ന് എഫ്ബിഐ അന്വേഷണം ആരംഭിച്ചിരുന്നു. ചില ഫോണ്‍ കോളുകളില്‍ വില്‍സിന്റെ ശബ്ദം അനുകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ ബ്രിട്ടീഷ് മന്ത്രിസഭയിലെ മൂന്ന് മുതിര്‍ന്ന മന്ത്രിമാരുടെ സ്വകാര്യ മൊബൈല്‍ നമ്പറുകള്‍ ഓണ്‍ലൈനില്‍ ലഭ്യമായിരുന്നതായും കണ്ടെത്തി. പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങ്, നീതിന്യായ സെക്രട്ടറി അലക്‌സ് നോറിസ്, വടക്കന്‍ അയര്‍ലന്‍ഡ് സെക്രട്ടറി ക്രിസ് ബ്രയന്റ് എന്നിവരുടെ നമ്പറുകളാണ് വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഇവ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.
ഉന്നത രാഷ്ട്രീയ നേതാക്കളെ മറ്റൊരാളുടെ പേരില്‍ സമീപിക്കുന്ന സംഭവങ്ങള്‍ ബ്രിട്ടനില്‍ ഇതാദ്യമല്ല. മുന്‍ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറോണും നേരത്തെ വ്യാജ തിരിച്ചറിയലില്‍ സമീപിച്ച വ്യക്തിയുമായി ഫോണ്‍ കോളുകളും സന്ദേശങ്ങളും കൈമാറിയ സംഭവം ഉണ്ടായിട്ടുണ്ട്. നിലവിലെ സംഭവത്തില്‍ രഹസ്യവിവരങ്ങളൊന്നും കൈമാറിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥരില്‍ ഒരാളുടെ പേരില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നേരിട്ട് സന്ദേശബന്ധം സ്ഥാപിക്കാന്‍ ഒരാള്‍ക്ക് കഴിഞ്ഞത് സര്‍ക്കാര്‍ നേതൃത്വത്തിന്റെ ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ചും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ ആശയവിനിമയ സംവിധാനങ്ങളിലെ സുരക്ഷാ പരിശോധനകളെക്കുറിച്ചും പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്.