Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.2157 INR  1 EURO=110.5094 INR
ukmalayalampathram.com
Sun 30th Aug 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ സ്ഥിരതാമസവും പൗരത്വവും നേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന; ഒരു മിനിറ്റില്‍ ഒരാള്‍ക്കെന്ന് കണക്കുകള്‍
reporter

ലണ്ടന്‍: ബ്രിട്ടനില്‍ കുടിയേറ്റക്കാര്‍ക്ക് സ്ഥിരതാമസാവകാശമോ പൗരത്വമോ അനുവദിക്കുന്നതിന്റെ തോത് ഗണ്യമായി ഉയര്‍ന്നതായി പുതിയ കണക്കുകള്‍. ജൂണ്‍ വരെയുള്ള മൂന്ന് മാസത്തിനിടെ 1,40,122 പേര്‍ക്ക് പെര്‍മനന്റ് സെറ്റില്‍മെന്റോ ബ്രിട്ടീഷ് പൗരത്വമോ ലഭിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ശരാശരി ഓരോ 60 സെക്കന്‍ഡിലും ഒരാളിലധികം പേര്‍ക്ക് ഈ രണ്ട് പദവികളില്‍ ഏതെങ്കിലും ഒന്ന് ലഭിച്ചുവെന്നാണ് വിലയിരുത്തല്‍. കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാകുമെന്ന ആശങ്കയെ തുടര്‍ന്ന് സ്ഥിരതാമസ പദവി നേടാന്‍ അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് കണക്കുകള്‍ ഉയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 1,99,628 പേര്‍ക്ക് ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയിന്‍ (ഐഎല്‍ആര്‍) ലഭിച്ചു. കഴിഞ്ഞ 16 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ബ്രിട്ടനില്‍ കാലപരിധിയില്ലാതെ താമസിക്കാനും ജോലി ചെയ്യാനും അവസരം നല്‍കുന്ന പദവിയാണ് ഐഎല്‍ആര്‍. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് ചില സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും സോഷ്യല്‍ ഹൗസിങ്ങിനും അപേക്ഷിക്കാനും ഇതിലൂടെ സാധിക്കും. അതേസമയം, ഐഎല്‍ആര്‍ അനുവദിക്കുന്നതിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നികുതിദായകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് റിഫോം യുകെ ആരോപിച്ചു. ഐഎല്‍ആര്‍ ലഭിക്കുന്നവരുമായി ബന്ധപ്പെട്ട് അവരുടെ ജീവിതകാലയളവില്‍ ഏകദേശം 48 ബില്യണ്‍ പൗണ്ടിന്റെ ചെലവ് നികുതിദായകര്‍ക്ക് ഉണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. ഇതേ കാലയളവില്‍ 2,45,520 പേര്‍ ബ്രിട്ടീഷ് പൗരത്വം നേടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. പൗരത്വത്തിനായി അപേക്ഷിച്ചവരുടെ എണ്ണം റെക്കോര്‍ഡ് നിരക്കായ 3,15,224 ആയി ഉയര്‍ന്നു.

കണക്കുകള്‍ പുറത്തുവന്നതോടെ കുടിയേറ്റ നയത്തിനെതിരെ റിഫോം യുകെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും വിമര്‍ശനം ശക്തമാക്കി. നിലവിലെ പ്രവണത തുടര്‍ന്നാല്‍ നികുതിദായകരുടെ സാമ്പത്തികഭാരം വര്‍ധിക്കുമെന്നാണ് ഇരുപാര്‍ട്ടികളുടെയും വാദം. റിഫോം യുകെ അധികാരത്തിലെത്തിയാല്‍ നിലവിലെ ഐഎല്‍ആര്‍ സംവിധാനം റദ്ദാക്കുമെന്ന് പാര്‍ട്ടിയുടെ ഹോം അഫയേഴ്സ് വക്താവ് സിയാ യൂസഫ് പ്രതികരിച്ചു. കുടിയേറ്റവും സ്ഥിരതാമസാവകാശവും സംബന്ധിച്ച നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന ആവശ്യവും പാര്‍ട്ടി മുന്നോട്ടുവച്ചു.

 
Other News in this category

 
 




 
Close Window