വെസ്റ്റ് മിഡ്ലന്‍ഡ്സ്: ഒരു വര്‍ഷത്തോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് റേഞ്ച് റോവര്‍ തങ്ങളുടെ ആദ്യ പൂര്‍ണ ഇലക്ട്രിക് മോഡല്‍ പുറത്തിറക്കി. 'റേഞ്ച് റോവര്‍ ഇലക്ട്രിക്' എന്ന പേരിലുള്ള പുതിയ വാഹനം വെസ്റ്റ് മിഡ്ലന്‍ഡ്സിലെ സോളിഹള്‍ പ്ലാന്റിലായിരിക്കും നിര്‍മിക്കുക. ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ജാഗ്വര്‍ ലാന്‍ഡ് റോവര്‍ (JLR) വെസ്റ്റ് മിഡ്ലന്‍ഡ്സിലെ വിവിധ പ്ലാന്റുകളില്‍ വലിയ തോതിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി 10,500 ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയില്‍ അധിക പരിശീലനം നല്‍കിയതായി കമ്പനി അറിയിച്ചു. സോളിഹള്‍ പ്ലാന്റിലെ ഏകദേശം 9,000 ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കിയത്. രാജ്യത്തെ കമ്പനിയുടെ മറ്റു യൂണിറ്റുകളിലെ 1,500 ജീവനക്കാര്‍ക്കും ഇലക്ട്രിക് വാഹന നിര്‍മാണവുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലനം ലഭിച്ചു.
വൂള്‍വര്‍ഹാംപ്ടണിലെ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ മാനുഫാക്ചറിങ് സെന്ററിലാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കാവശ്യമായ ബാറ്ററി പാക്കുകളും ഇലക്ട്രിക് ഡ്രൈവ് യൂണിറ്റുകളും നിര്‍മിക്കുന്നത്. അതേസമയം പരമ്പരാഗത ആന്തരിക ദഹന എന്‍ജിനുകളുടെ നിര്‍മാണവും ഇവിടെ തുടരുന്നുണ്ട്. ഒരു ദശാബ്ദത്തോളം നീണ്ട എന്‍ജിനീയറിങ് പ്രവര്‍ത്തനങ്ങളുടെ ഫലമാണ് പുതിയ റേഞ്ച് റോവര്‍ ഇലക്ട്രിക്കെന്ന് റേഞ്ച് റോവര്‍ മാനേജിങ് ഡയറക്ടര്‍ മാര്ട്ടിന് ലിംപര്ട്ട് പറഞ്ഞു. ഇലക്ട്രിക് വാഹന മേഖലയിലേക്കുള്ള കമ്പനിയുടെ മാറ്റത്തില്‍ നിര്‍ണായക ചുവടുവയ്പ്പാണ് പുതിയ മോഡലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സാമ്പത്തിക സമ്മര്‍ദങ്ങളും ഉല്പാദന മേഖലയിലെ വെല്ലുവിളികളും നേരിടുന്നതിനിടെയാണ് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ പുതിയ ഇലക്ട്രിക് മോഡലുമായി വിപണിയിലേക്ക് എത്തുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് കമ്പനിയുടെ ഉല്പാദനം ഒരു മാസത്തിലേറെ തടസ്സപ്പെട്ടിരുന്നു. വിതരണ ശൃംഖലയിലുണ്ടായ പ്രതിസന്ധികളും കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ ലാഭം 66 മില്യണ്‍ പൗണ്ടായി കുറഞ്ഞിരുന്നു. പുനഃസംഘടനാ നടപടികളുടെ ഭാഗമായി 300ല്‍ താഴെ തസ്തികകള്‍ വെട്ടിക്കുറയ്ക്കുമെന്നും ജാഗ്വര്‍ ലാന്‍ഡ് റോവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സാമ്പത്തികവും പ്രവര്‍ത്തനപരവുമായ വെല്ലുവിളികള്‍ തുടരുന്നതിനിടയിലും പൂര്‍ണ ഇലക്ട്രിക് മോഡലുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കി ആഗോള വാഹന വിപണിയില്‍ സ്ഥാനം ശക്തിപ്പെടുത്താനാണ് ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ നീക്കം.