Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8445 INR  1 EURO=109.878 INR
ukmalayalampathram.com
Fri 04th Sep 2026
 
 
UK Special
  Add your Comment comment
നേപ്പാള്‍ മിന്നല്‍പ്രളയം: സുനന്ദയെക്കുറിച്ച് വിവരമില്ല; പ്രതീക്ഷയോടെ കാത്ത് യുകെയിലെയും കൊല്ലത്തെയും കുടുംബം
reporter

ലണ്ടന്‍/കൊല്ലം: നേപ്പാളിലെ മിന്നല്‍പ്രളയത്തില്‍ കാണാതായ കൊല്ലം പരവൂര്‍ കോങ്ങാല്‍ സ്വദേശിനി സുനന്ദ മണിരാജനെ (63) കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് യുകെയിലെയും കേരളത്തിലെയും കുടുംബാംഗങ്ങള്‍. സുനന്ദയെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഭര്‍ത്താവ് കെ. മണിരാജനും സഹോദരന്‍ രാജീവ് സദാശിവനും പറഞ്ഞു. ബ്രിട്ടീഷ് അധികൃതരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും സുനന്ദയെക്കുറിച്ച് ഒരു സൂചനപോലും ലഭിക്കാത്തതാണ് കുടുംബത്തിന്റെ പ്രധാന ആശങ്ക. വിവരം ലഭിച്ചാല്‍ ഉടന്‍ ബന്ധപ്പെടുന്നതിനാവശ്യമായ ഫോണ്‍ നമ്പറുകളും മറ്റ് വിശദാംശങ്ങളും അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. കാണാതായവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിനായി ബ്രിട്ടീഷ് വിദേശകാര്യ സഹമന്ത്രി സ്റ്റീഫന്‍ ഡൗട്ടി ഇന്ന് കൗള്‍സ്ഡണിലെ സനാതന്‍ മന്ദിര്‍ ആന്‍ഡ് കമ്മ്യൂണിറ്റി സെന്ററിലെത്തും. സുനന്ദയുടെ മക്കളായ മീര മണിരാജനും ഡോ. സുമി മണിരാജനും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. തിരച്ചിലിന്റെ പുരോഗതിയും ബ്രിട്ടീഷ് അധികൃതര്‍ സ്വീകരിച്ച നടപടികളും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

1987 മുതല്‍ യുകെയില്‍

സുനന്ദയുടെ മാതാപിതാക്കള്‍ സിംഗപ്പൂരില്‍നിന്ന് യുകെയിലേക്ക് കുടിയേറിയിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം 1987ലാണ് സുനന്ദ യുകെയിലെത്തിയത്. ഭര്‍ത്താവ് കെ. മണിരാജന്‍ 1992ലും യുകെയിലെത്തി. തുടര്‍ന്ന് നാല് പതിറ്റാണ്ടോളം സൗത്ത് ലണ്ടനിലെ ക്രോയ്ഡണ്‍ കേന്ദ്രീകരിച്ചായിരുന്നു കുടുംബജീവിതം. നാല് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബത്തില്‍ ഗിരിജ, വസന്ത, അനിത എന്നിവര്‍ക്ക് ശേഷമുള്ള നാലാമത്തെ മകളാണ് സുനന്ദ. സജീവ് സദാശിവന്‍, രാജീവ് സദാശിവന്‍ എന്നിവരാണ് ഇളയ സഹോദരങ്ങള്‍. ഇരുവരും കുടുംബസമേതം വര്‍ഷങ്ങളായി യുകെയിലാണ് താമസം. മറ്റു സഹോദരിമാര്‍ കേരളത്തിലാണുള്ളത്. ഏകദേശം ഒരു വര്‍ഷം മുന്‍പാണ് സുനന്ദയും മണിരാജനും ക്രോയ്ഡണില്‍നിന്ന് ക്രോളിയിലേക്ക് താമസം മാറിയത്. അവിടെ പുതിയ വീട് വാങ്ങിയെങ്കിലും ക്രോയ്ഡണിലെ മലയാളി സമൂഹവുമായുള്ള അടുത്ത ബന്ധം തുടര്‍ന്നിരുന്നു. സുനന്ദയെ കാണാതായെന്ന വിവരം പുറത്തുവന്നതോടെ പ്രദേശത്തെ മലയാളി സമൂഹവും സുഹൃത്തുക്കളും കുടുംബത്തിനൊപ്പം തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്.

ഗാറ്റ്വിക് വിമാനത്താവളത്തിലെ സെക്യൂരിറ്റി ഓഫിസര്‍

ലണ്ടന്‍ ഗാറ്റ്വിക് വിമാനത്താവളത്തില്‍ സെക്യൂരിറ്റി ഓഫിസറായാണ് സുനന്ദ ജോലി ചെയ്തിരുന്നത്. സര്‍വീസില്‍ ഇനിയും ഏകദേശം രണ്ടര വര്‍ഷം ബാക്കിയുണ്ട്. യാത്രകളിലും തീര്‍ഥാടനങ്ങളിലും ഏറെ താല്‍പര്യമുണ്ടായിരുന്ന സുനന്ദയുടെ ദീര്‍ഘകാല ആഗ്രഹമായിരുന്നു കൈലാസ മാനസസരോവര്‍ തീര്‍ഥാടനം. മാസങ്ങളോളം ശാരീരികമായി തയ്യാറെടുത്ത ശേഷമാണ് അവര്‍ നേപ്പാളിലേക്ക് യാത്ര തിരിച്ചത്. ആല്‍പൈന്‍ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പമായിരുന്നു യാത്ര. കാണാതാകുന്നതിന് തൊട്ടുമുന്‍പ് സുനന്ദ മക്കളുമായി വാട്ട്‌സാപ്പില്‍ സംസാരിച്ചിരുന്നു. ഓണവിശേഷങ്ങള്‍ പങ്കുവച്ചായിരുന്നു അവസാന സംഭാഷണം. ഓഗസ്റ്റ് 25ന് നടന്ന ഈ ഫോണ്‍വിളിക്കുശേഷമാണ് സുനന്ദയുമായുള്ള ബന്ധം പൂര്‍ണമായി നഷ്ടപ്പെട്ടത്. ''ചേച്ചിയെ കണ്ടെത്തിയെന്നോ എവിടെയെങ്കിലും കണ്ടെന്നോ അറിയിച്ചുകൊണ്ട് ഒരു ഫോണ്‍കോള്‍ പോലും ഇതുവരെ ലഭിച്ചിട്ടില്ല. തിരച്ചില്‍ നടക്കുന്നതായി അറിയാം. എന്നാല്‍ ഒരു സൂചനപോലും ലഭിക്കാത്തതാണ് ഏറ്റവും വലിയ വിഷമം,'' സഹോദരന്‍ രാജീവ് പറഞ്ഞു. യുകെയിലെ മലയാളി സമൂഹത്തില്‍നിന്നും ഇന്ത്യയില്‍നിന്നും ലഭിക്കുന്ന പിന്തുണയും പ്രാര്‍ഥനകളും കുടുംബത്തിന് വലിയ ആശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏപ്രിലിലാണ് അവസാനമായി നേരില്‍ കണ്ടത്

ഈ വര്‍ഷം ഏപ്രിലിലാണ് സുനന്ദയെ അവസാനമായി നേരില്‍ കണ്ടതെന്ന് ഭര്‍ത്താവ് കെ. മണിരാജന്‍ പറഞ്ഞു. ഇരുവരും അന്ന് കേരളത്തിലായിരുന്നു. പിന്നീട് സുനന്ദ യുകെയിലേക്ക് മടങ്ങിയെങ്കിലും മണിരാജന്‍ നാട്ടില്‍ തുടരുകയായിരുന്നു. ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസില്‍ ജീവനക്കാരനായിരുന്ന മണിരാജന്‍ രണ്ടുവര്‍ഷം മുന്‍പാണ് വിരമിച്ചത്. 92 വയസ്സുള്ള അമ്മ കേരളത്തിലുണ്ടെന്നതിനാല്‍ അവരുടെ ആരോഗ്യകാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി ഇടയ്ക്കിടെ നാട്ടിലെത്താറുണ്ട്. ഏകദേശം ആറുമാസം മുന്‍പാണ് അദ്ദേഹം അവസാനമായി കേരളത്തിലെത്തിയത്.

ദുരന്തവാര്‍ത്ത എത്തിയത് ദ്വാരക തീര്‍ഥാടനത്തിനിടെ

സുനന്ദയെ നേപ്പാളില്‍ കാണാതായെന്ന വിവരം ലഭിക്കുമ്പോള്‍ മണിരാജന്‍ ഗുജറാത്തിലെ ദ്വാരകയില്‍ തീര്‍ഥാടനത്തിലായിരുന്നു. വിവരം അറിഞ്ഞതോടെ യാത്ര അവസാനിപ്പിച്ച് ഉടന്‍ കേരളത്തിലേക്ക് മടങ്ങി. ഇപ്പോള്‍ ഇരവിപുരത്തെ വീട്ടില്‍ ഭാര്യയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് അദ്ദേഹം. സുനന്ദ സുരക്ഷിതയായി മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. നേപ്പാളിലെ ദുരന്തമേഖലയില്‍ കാണാതായവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ, സുനന്ദയെക്കുറിച്ചുള്ള ഒരു നല്ല വാര്‍ത്തയ്ക്കായി ഓരോ ഫോണ്‍വിളിയും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് യുകെയിലെയും കൊല്ലത്തെയും കുടുംബാംഗങ്ങള്‍.

 
Other News in this category

 
 




 
Close Window