ഷെഫീല്‍ഡ്: ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ നവജാത ശിശു ക്രൂരമായ ആക്രമണത്തിനിരയായി മരിച്ച സംഭവത്തില്‍ അഞ്ചുപേരെ കൊലക്കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്തു. കുഞ്ഞിന്റെ ശരീരത്തില്‍ 15 കുത്തേറ്റതിന്റെ ഭാഗമായി 33 മുറിവുകളുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വിന്‍കോബാങ്കിലെ ഹോളിവെല്‍ ഹൈറ്റ്സിലുള്ള ഒരു വീടിന്റെ ഔട്ട്ഹൗസിലാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ 20കാരിയായ ആന്‍ഡ്രിയ സ്‌കോപോവയാണെന്നും പിതാവിനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരമില്ലെന്നും പ്രോസിക്യൂട്ടര്‍ ലൂക്ക് ഹോപ്കിന്‍സണ്‍ കോടതിയില്‍ പറഞ്ഞു. ഓഗസ്റ്റ് 30 ഞായറാഴ്ച പുലര്‍ച്ചെയാണ് ഹോളിവെല്‍ ഹൈറ്റ്സിലെ വീട്ടില്‍ കുഞ്ഞ് ജനിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. 37 ആഴ്ച ഗര്‍ഭകാലത്തിന് ശേഷമാണ് സ്‌കോപോവ കുഞ്ഞിന് ജന്മം നല്‍കിയതെന്നും പിന്നീട് അവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും കോടതിയെ അറിയിച്ചു.
യുവതി ആശുപത്രിയിലെത്തിയതിനു പിന്നാലെ പുലര്‍ച്ചെ അഞ്ചുമണിക്ക് ശേഷമാണ് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ആദ്യം കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ഔട്ട്ഹൗസിലെ വാഷിങ് മെഷീനിന് മുകളില്‍ ടവലിലും ബാഗിലും പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് കുഞ്ഞിന് ഗുരുതര പരിക്കേറ്റതെന്ന് കോടതിയെ അറിയിച്ചു. 15 വ്യത്യസ്ത കുത്തേറ്റതിന്റെ ഫലമായി ശരീരത്തില്‍ 33 മുറിവുകളുണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്.
ആക്രമണത്തിനു ശേഷം ബാത്ത്റൂമിലുണ്ടായിരുന്ന രക്തക്കറ നീന ഹോര്‍വാതോവയും 15കാരിയായ പെണ്‍കുട്ടിയും ചേര്‍ന്ന് വൃത്തിയാക്കിയതായും പ്രോസിക്യൂഷന്‍ ആരോപിച്ചു. സംഭവസമയത്ത് എട്ടുവയസ്സുകാരനായ മറ്റൊരു കുട്ടിയും വീട്ടിലുണ്ടായിരുന്നുവെന്നും കോടതിയെ അറിയിച്ചു. കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആന്‍ഡ്രിയ സ്‌കോപോവ, പീറ്റര്‍ ഹോര്‍വാത് ജൂനിയര്‍ (19), നീന ഹോര്‍വാതോവ (37), പീറ്റര്‍ ഹോര്‍വാത് സീനിയര്‍ (38), 15കാരിയായ പെണ്‍കുട്ടി എന്നിവരെയാണ് ജില്ലാ ജഡ്ജി ടിം സ്പ്രൂസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. പ്രതികളെ ഷെഫീല്‍ഡ് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കും. അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ അറസ്റ്റിലായ 26, 37 വയസ്സുള്ള രണ്ട് സ്ത്രീകള്‍ നിലവില്‍ ജാമ്യത്തിലാണ്.