Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6487 INR  1 EURO=109.7333 INR
ukmalayalampathram.com
Sat 05th Sep 2026
 
 
UK Special
  Add your Comment comment
ലിവര്‍പൂള്‍ പാര്‍ക്കില്‍ ബിന്‍ബാഗിനുള്ളില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാനായില്ല
reporter

ലണ്ടന്‍/ലിവര്‍പൂള്‍: യുകെയിലെ ലിവര്‍പൂളില്‍ പാര്‍ക്കിലെ ബിന്‍ബാഗിനുള്ളില്‍ കണ്ടെത്തിയ വയോധികയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്കുശേഷവും തിരിച്ചറിയാനായില്ല. ഏകദേശം 70 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ കൊലപാതക അന്വേഷണം തുടരുകയാണെന്ന് മെര്‍സീസൈഡ് പൊലീസ് അറിയിച്ചു. ഓഗസ്റ്റ് 28ന് ആന്‍ഫീല്‍ഡിലെ സ്റ്റാന്‍ലി പാര്‍ക്കില്‍ ഇസ്ല ഗ്ലാഡ്‌സ്റ്റോണ്‍ കണ്‍സര്‍വേറ്ററിക്ക് സമീപത്തെ മതില്‍ക്കെട്ടിനുള്ളിലെ പൂന്തോട്ടത്തിലാണ് ബിന്‍ബാഗിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഏതാനും ആഴ്ചകളായി മൃതദേഹം ഇവിടെ കിടന്നിരുന്നതായാണ് പൊലീസിന്റെ നിഗമനം. ഏകദേശം അഞ്ച് അടി രണ്ട് ഇഞ്ച് (1.57 മീറ്റര്‍) ഉയരവും മെലിഞ്ഞ ശരീരപ്രകൃതിയുമുള്ള വെള്ളക്കാരിയായ സ്ത്രീയുടേതാണ് മൃതദേഹം. സ്‌ട്രോബെറി ബ്ലോണ്ട് നിറത്തിലുള്ള മുടിയായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോള്‍ സെറീസ് പിങ്ക് നിറത്തിലുള്ള നൈക്കി ടി-ഷര്‍ട്ടാണ് ധരിച്ചിരുന്നത്.

മൃതശരീരത്തില്‍നിന്ന് ശേഖരിച്ച ഡിഎന്‍എ പ്രൊഫൈല്‍ യുകെയിലെ ദേശീയ ഡിഎന്‍എ ഡാറ്റാബേസിലുള്ള രേഖകളുമായി പൊരുത്തപ്പെട്ടിട്ടില്ല. ദന്ത രേഖകള്‍ പരിശോധിച്ചും തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീയെ തിരിച്ചറിയുന്നതിനായി പൊതുജനങ്ങളില്‍നിന്ന് ഇതുവരെ 40ലധികം പേരുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 120ലധികം പേര്‍ അന്വേഷണ സംഘവുമായി വിവിധ വിവരങ്ങളും പങ്കുവച്ചു. എന്നാല്‍ ഇവയൊന്നും മരിച്ച സ്ത്രീയുടെ വ്യക്തിത്വം സ്ഥിരീകരിക്കാന്‍ സഹായിച്ചിട്ടില്ല. സംഭവത്തില്‍ കൊലപാതക അന്വേഷണം തുടരുകയാണ്. സ്ത്രീയെ തിരിച്ചറിയുന്നതിനൊപ്പം മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനുമാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ബന്ധപ്പെടാന്‍ കഴിയാത്ത ബന്ധുവോ സുഹൃത്തോ അയല്‍വാസിയോ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും സംശയകരമായ വിവരങ്ങളുണ്ടെങ്കില്‍ അറിയിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. തിരിച്ചറിയലിന് സഹായിക്കുമെന്ന പ്രതീക്ഷയില്‍ സ്ത്രീ ധരിച്ചിരുന്നതിന് സമാനമായ സെറീസ് പിങ്ക് നിറത്തിലുള്ള നൈക്കി ടി-ഷര്‍ട്ടിന്റെ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സ്ത്രീയെക്കുറിച്ചോ അവരുടെ വ്യക്തിത്വത്തെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അന്വേഷണ സംഘത്തെ ബന്ധപ്പെടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window