Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3532 INR  1 EURO=109.9868 INR
ukmalayalampathram.com
Sat 08th Aug 2026
 
 
UK Special
  Add your Comment comment
കുടിയേറ്റ വിരുദ്ധ പ്രതിഷേധം അക്രമാസക്തം; തെറ്റ്ഫോര്‍ഡില്‍ പൊലീസ് സുരക്ഷ ശക്തമാക്കി
reporter

ലണ്ടന്‍: കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നോര്‍ഫോക്കിലെ തെറ്റ്ഫോര്‍ഡില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. കാന്റര്‍ബറി വേ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വന്‍ പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തതായി നോര്‍ഫോക്ക് പൊലീസ് അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിനിടെ അഭയാര്‍ഥികള്‍ താമസിക്കുന്ന വീടുകള്‍ പ്രതിഷേധക്കാര്‍ ലക്ഷ്യമിട്ടതായി പൊലീസ് വ്യക്തമാക്കി. ചില വീടുകളുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും വേലികള്‍ നശിപ്പിക്കുകയും ഒരു വീട്ടിലേക്ക് ബലമായി കയറാന്‍ ശ്രമിക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി ക്ലോവര്‍ വേയില്‍ 200ലേറെ പേര്‍ ഒത്തുകൂടിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വീടുകള്‍ക്കുനേരെ മുട്ടയും കല്ലുകളും എറിഞ്ഞ പ്രതിഷേധക്കാര്‍, താമസക്കാരെ പ്രദേശത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

സംഘര്‍ഷത്തിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. കല്ലേറില്‍ ഒരു പുരുഷ പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റപ്പോള്‍, വനിതാ ഉദ്യോഗസ്ഥയെ ഒരാള്‍ കടിച്ചതിനെ തുടര്‍ന്ന് ചര്‍മത്തില്‍ മുറിവേറ്റതായി പൊലീസ് അറിയിച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊതുസമാധാന ലംഘനം നടത്തിയെന്ന സംശയത്തില്‍ 30 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മുന്നറിയിപ്പ് നല്‍കി ഇയാളെ വിട്ടയച്ചു. ബുധനാഴ്ച രാത്രിയിലെ സംഭവങ്ങള്‍ക്ക് പിന്നാലെ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ 40 വയസ്സുള്ള ഒരാള്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. തെറ്റ്ഫോര്‍ഡ് സ്വദേശിയായ 68കാരനെ മരത്തടി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൈവശം വച്ചെന്ന കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കാനുള്ള നടപടികളും ആരംഭിച്ചു.

സ്ഥിതി നിയന്ത്രണവിധേയമാക്കുന്നതിനായി വ്യാഴാഴ്ച വൈകിട്ട് ആറു മുതല്‍ വെള്ളിയാഴ്ച രാവിലെ ഏഴു വരെ പൊലീസിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് മുഖം മറയ്ക്കുന്ന വസ്ത്രങ്ങളോ ആവരണങ്ങളോ നീക്കാന്‍ പൊലീസ് ആവശ്യപ്പെടാം. നിര്‍ദേശം അനുസരിക്കാത്തവരെ അറസ്റ്റ് ചെയ്യാനും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയോ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സംശയിക്കുന്നവരെയോ പ്രദേശത്തുനിന്ന് ഒഴിപ്പിക്കാനും പൊലീസിന് അധികാരമുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ പൊലീസ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും അക്രമം അനുവദിക്കില്ലെന്ന് അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ ജൂലി ഡീന്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരായ അക്രമങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

സംഭവങ്ങളെ ഹോം ഓഫിസും അപലപിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണെങ്കിലും അക്രമവും കലാപവും ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഹോം ഓഫിസ് വ്യക്തമാക്കി. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ നിയമത്തിന്റെ മുഴുവന്‍ ശക്തിയും നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി. സൗത്ത് വെസ്റ്റ് നോര്‍ഫോക്ക് ലേബര്‍ എംപി ടെറി ജെര്‍മിയും സംഭവങ്ങളെ അപലപിച്ചു. വീടുകളില്‍ അതിക്രമിച്ചുകയറി ആളുകളെ പുറത്തേക്ക് വലിച്ചിറക്കുന്നതും സ്വത്തുക്കള്‍ നശിപ്പിക്കുന്നതും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാമെങ്കിലും ആള്‍ക്കൂട്ട നിയമവും നിയമം കൈയിലെടുക്കുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window