ലണ്ടന്‍: ബ്രിട്ടനില്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വീസാ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും കാര്‍ വാഷുകള്‍, വേപ്പ് ഷോപ്പുകള്‍, മിനി മാര്‍ട്ടുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവയുള്‍പ്പെടെ 1,900ലേറെ ചെറുകിട സ്ഥാപനങ്ങള്‍ വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ലൈസന്‍സുള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ തുടരുന്നതായി റിപ്പോര്‍ട്ട്. 1,500ലേറെ ഗ്രോസറി, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, ഏകദേശം 150 ടാക്‌സി സ്ഥാപനങ്ങള്‍, നൂറിലേറെ ബാര്‍ബര്‍ ഷോപ്പുകള്‍, നിരവധി കാര്‍ വാഷുകള്‍, വേപ്പ് ഷോപ്പുകള്‍ എന്നിവയാണ് ഹോം ഓഫിസിന്റെ സ്‌പോണ്‍സര്‍ രജിസ്റ്ററിലുള്ളത്. ഇതില്‍ നൂറിലേറെ സ്ഥാപനങ്ങള്‍ 2025 ജൂലൈയിലെ നിയമമാറ്റങ്ങള്‍ക്കുശേഷമാണ് പട്ടികയില്‍ ഇടംപിടിച്ചതെന്നാണ് ബിബിസി അന്വേഷണത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ഒരു സ്ഥാപനത്തിന് സ്‌പോണ്‍സര്‍ ലൈസന്‍സ് ഉണ്ടെന്നതുകൊണ്ടുമാത്രം കാര്‍ വാഷ് ജീവനക്കാരന്‍, ബാര്‍ബര്‍, കാഷ്യര്‍, ഷോപ്പ് അസിസ്റ്റന്റ് തുടങ്ങിയ സാധാരണ തസ്തികകളിലേക്ക് വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരാന്‍ കഴിയില്ല. വീസ ലഭിക്കണമെങ്കില്‍ സ്ഥാപനം നല്‍കുന്ന പ്രത്യേക ജോലി സ്‌കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടതും യഥാര്‍ഥവുമായിരിക്കണം. ജോലിയുടെ നൈപുണ്യനിലവാരം, ഒക്യുപേഷന്‍ കോഡ്, ശമ്പളം എന്നിവയും സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കണം.
2025 ജൂലൈ 22 മുതലാണ് സ്‌കില്‍ഡ് വര്‍ക്കര്‍ വീസയ്ക്കുള്ള പൊതുവായ നൈപുണ്യനിലവാരം ഡിഗ്രിക്കു തുല്യമായ ആര്‍ക്യുഎഫ് ലെവല്‍ ആറായി ഉയര്‍ത്തിയത്. ഇതോടെ നൂറിലേറെ തൊഴിലുകള്‍ പുതിയ അപേക്ഷകര്‍ക്ക് അയോഗ്യമായി. എന്നാല്‍ ഇമിഗ്രേഷന്‍ സാലറി ലിസ്റ്റിലും ടെംപററി ഷോര്‍ട്ടേജ് ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുള്ള ചില ഇടത്തരം നൈപുണ്യമുള്ള ജോലികള്‍ക്ക് സമയപരിധിയോടെയുള്ള ഇളവുകള്‍ ലഭ്യമാണ്. സാധാരണ സ്‌കില്‍ഡ് വര്‍ക്കര്‍ അപേക്ഷകള്‍ക്കുള്ള കുറഞ്ഞ വാര്‍ഷിക ശമ്പളപരിധി 38,700 പൗണ്ടില്‍നിന്ന് 41,700 പൗണ്ടായും ഉയര്‍ത്തി. എന്നാല്‍ 41,700 പൗണ്ട് ശമ്പളം വാഗ്ദാനം ചെയ്തതുകൊണ്ടുമാത്രം ഒരു ജോലി വീസയ്ക്ക് യോഗ്യമാകില്ല. ആ തസ്തികയ്ക്കായി സര്‍ക്കാര്‍ നിശ്ചയിച്ച 'ഗോയിങ് റേറ്റും' 41,700 പൗണ്ടും തമ്മില്‍ ഉയര്‍ന്ന തുകയാണ് പൊതുവെ നല്‍കേണ്ടത്. അതിനാല്‍ കാര്‍ വാഷോ വേപ്പ് ഷോപ്പോ ബാര്‍ബര്‍ ഷോപ്പോ സ്‌പോണ്‍സര്‍ പട്ടികയില്‍ കാണപ്പെടുന്നത് അവിടത്തെ എല്ലാ ജോലികളിലേക്കും വിദേശ തൊഴിലാളികളെ നിയമിക്കാമെന്നതിന്റെ തെളിവല്ല. സ്ഥാപനത്തില്‍ നിലവിലെ ചട്ടങ്ങള്‍ക്കനുസരിച്ചുള്ള ഉയര്‍ന്ന നൈപുണ്യം ആവശ്യമായ യഥാര്‍ഥ തസ്തികയുണ്ടെങ്കില്‍ മാത്രമേ പുതിയ തൊഴിലാളിയെ സ്‌പോണ്‍സര്‍ ചെയ്യാനാകൂ. സെയില്‍സ്, റീട്ടെയില്‍ അസിസ്റ്റന്റ് വിഭാഗങ്ങളിലെ നിരവധി ജോലികള്‍ നിലവില്‍ യോഗ്യമായ പട്ടികയിലില്ല.
അതേസമയം, നഴ്‌സിങ് ഓക്‌സിലിയറി, ആശുപത്രി ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്, ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍ തുടങ്ങിയ ചില ആരോഗ്യരംഗത്തെ ജോലികള്‍ക്ക് പ്രത്യേക വ്യവസ്ഥകളോടെ യോഗ്യതയുണ്ട്. നഴ്‌സിങ് ഓക്‌സിലിയറി തസ്തികയ്ക്ക് രജിസ്റ്റേര്‍ഡ് നഴ്‌സോ മറ്റൊരു രജിസ്റ്റേര്‍ഡ് ആരോഗ്യവിദഗ്ധനോ ജോലി ചെയ്യുന്ന സ്ഥാപനമായിരിക്കണമെന്നതുള്‍പ്പെടെയുള്ള നിബന്ധനകളുണ്ട്. 2025 ജൂലൈ 22ന് മുന്‍പ് സ്‌കില്‍ഡ് വര്‍ക്കര്‍ റൂട്ടില്‍ പ്രവേശിച്ച ചില തൊഴിലാളികള്‍ക്ക് പഴയ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തുടരാനുള്ള സംരക്ഷണവുമുണ്ട്. അതിനാല്‍ പഴയ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനോ അവരുടെ വീസ നീട്ടുന്നതിനോ വേണ്ടിയും ചില സ്ഥാപനങ്ങള്‍ ലൈസന്‍സ് നിലനിര്‍ത്തുന്നുണ്ടാകാം. പുതിയ അപേക്ഷകള്‍ക്ക് നിലവിലെ നിയമങ്ങളാണ് ബാധകം. വേപ്പ് ഷോപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, കാര്‍ വാഷുകള്‍ എന്നിവ സ്‌പോണ്‍സര്‍ പട്ടികയില്‍ തുടരുന്നത് സംവിധാനം ദുരുപയോഗം ചെയ്യാന്‍ ഇടയാക്കുന്നുണ്ടോയെന്ന ആശങ്കയെ തുടര്‍ന്ന് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് അടിയന്തര പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിയമം ദുരുപയോഗം ചെയ്യുന്ന സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കുമെന്നാണ് ഹോം ഓഫിസിന്റെ നിലപാട്.
2026 മാര്‍ച്ചില്‍ അവസാനിച്ച 12 മാസത്തിനിടെ സ്‌കില്‍ഡ് വര്‍ക്കര്‍ റൂട്ടില്‍ 68,067 വീസകളാണ് അനുവദിച്ചത്. ഇതില്‍ 29,745 എണ്ണം പ്രധാന അപേക്ഷകര്‍ക്കും 38,322 എണ്ണം ആശ്രിതര്‍ക്കുമായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആകെ വീസകളുടെ എണ്ണം 30 ശതമാനം കുറഞ്ഞു. പ്രധാന അപേക്ഷകരില്‍ ഏറ്റവും കൂടുതല്‍ വീസ ലഭിച്ച തൊഴില്‍വിഭാഗം ഐടി പ്രഫഷനലുകളാണ്. 2026 ജനുവരി എട്ടുമുതല്‍ ആദ്യമായി സ്‌കില്‍ഡ് വര്‍ക്കര്‍ വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പൊതുവെ ബി2 നിലവാരത്തിലുള്ള ഇംഗ്ലീഷ് പരിജ്ഞാനവും നിര്‍ബന്ധമാക്കി. അതിനു മുന്‍പ് ബി1 നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ വീസ നേടിയ ചിലര്‍ക്ക് തുടര്‍ അപേക്ഷകളില്‍ പഴയ നിബന്ധന തുടരാനുള്ള വ്യവസ്ഥയുണ്ട്. അതിനാല്‍ സ്‌പോണ്‍സര്‍ പട്ടികയില്‍ ഒരു സ്ഥാപനത്തിന്റെ പേരുണ്ടെന്നതുകൊണ്ടുമാത്രം അവിടെ സാധാരണ ജോലിക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ വീസ ലഭിക്കുമെന്ന് കരുതരുത്. തൊഴിലന്വേഷകര്‍ സ്ഥാപനത്തിന്റെ ലൈസന്‍സിനൊപ്പം വാഗ്ദാനം ചെയ്യുന്ന ജോലിയുടെ ഒക്യുപേഷന്‍ കോഡ്, നൈപുണ്യനിലവാരം, ശമ്പളപരിധി, മറ്റു വീസാ നിബന്ധനകള്‍ എന്നിവയും പ്രത്യേകം പരിശോധിക്കണം.