Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ജയിലിലെ തിരക്ക് കുറയ്ക്കാനുള്ള മോചന പദ്ധതി വിവാദത്തില്‍; പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് നേരത്തേ മോചന സാധ്യത
reporter

ലണ്ടന്‍: ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ബ്രിട്ടിഷ് സര്‍ക്കാര്‍ നടപ്പാക്കുന്ന നേരത്തേ മോചന പദ്ധതി വീണ്ടും വിവാദത്തില്‍. ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍ ആന്‍ഡ്രൂ ഹാര്‍പ്പറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട ജെസി കോള്‍, ആല്‍ബര്‍ട്ട് ബോവേഴ്‌സ് എന്നിവര്‍ അടുത്ത വര്‍ഷം നേരത്തേ മോചനത്തിന് അര്‍ഹരാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുതിയ പ്രതിഷേധത്തിന് വഴിവച്ചത്. കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ഗ്രൂമിങ് സംഘങ്ങളിലെ കുറ്റവാളികള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തര പരിശോധന ആരംഭിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് പീഡനം, ഗ്രൂമിങ്, ഗുരുതര ബാലലൈംഗിക കുറ്റങ്ങള്‍ എന്നിവയില്‍ ശിക്ഷിക്കപ്പെട്ടവരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ നരഹത്യ ഉള്‍പ്പെടെയുള്ള ചില കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇളവ് ലഭിക്കുമെന്നതാണ് വിമര്‍ശനത്തിന് കാരണം.

2019ല്‍ ക്വാഡ് ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെട്ട സംഘത്തെ പിന്തുടരുന്നതിനിടെയാണ് 28കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ ആന്‍ഡ്രൂ ഹാര്‍പ്പര്‍ കൊല്ലപ്പെട്ടത്. മോഷണത്തിനുപയോഗിച്ച വാഹനത്തിന് പിന്നില്‍ വലിച്ചിഴയ്ക്കപ്പെട്ട ഹാര്‍പ്പര്‍ ഗുരുതരമായി പരുക്കേറ്റ് മരിക്കുകയായിരുന്നു. കേസില്‍ ജെസി കോള്‍, ആല്‍ബര്‍ട്ട് ബോവേഴ്‌സ് എന്നിവര്‍ നരഹത്യക്കുറ്റത്തിന് 13 വര്‍ഷം വീതം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. നിലവിലെ വ്യവസ്ഥപ്രകാരം ശിക്ഷയുടെ മൂന്നില്‍ രണ്ട് ഭാഗം പൂര്‍ത്തിയാക്കിയ ശേഷമാണ് മോചനത്തിന് പരിഗണിക്കേണ്ടത്. എന്നാല്‍ പുതിയ പദ്ധതിയനുസരിച്ച് ശിക്ഷയുടെ പകുതി പൂര്‍ത്തിയാക്കിയാല്‍ തന്നെ ഇരുവരെയും മോചനത്തിന് പരിഗണിക്കാനാകും. കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയ മുന്‍ ഡിറ്റക്ടീവ് സൂപ്രണ്ട് സ്റ്റുവര്‍ട്ട് ബ്ലെയ്ക് തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു. നടപടി 'ഞെട്ടിപ്പിക്കുന്നതും മനസ്സിലാക്കാന്‍ കഴിയാത്തതുമാണ്' എന്ന് പറഞ്ഞ അദ്ദേഹം, കേസിന്റെ ഗൗരവം കണക്കിലെടുത്ത് കോള്‍, ബോവേഴ്‌സ് എന്നിവരെ നേരത്തേ മോചന പദ്ധതിയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.

ആന്‍ഡ്രൂ ഹാര്‍പ്പറുടെ ഭാര്യ ലിസി ഹാര്‍പ്പറും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തി. ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നാണ് അവരുടെ നിലപാട്. ഒക്ടോബറോടെ ജയിലുകളില്‍ സ്ഥലക്ഷാമം രൂക്ഷമാകുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ നേരത്തേ മോചന പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ കൂടുതല്‍ കുറ്റവിഭാഗങ്ങളെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയാല്‍ ജയില്‍ ശേഷിയില്‍ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരുമെന്നാണ് സര്‍ക്കാരിന്റെ വാദം.

 
Other News in this category

 
 




 
Close Window