ലണ്ടന്‍: സെന്‍ട്രല്‍ ലണ്ടനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കോവന്റ് ഗാര്‍ഡിനു സമീപം പട്ടാപ്പകല്‍ നാലു പുരുഷന്മാര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ 47കാരിക്കെതിരെ പൊലീസ് കേസെടുത്തു. സ്ഥിരമായ മേല്‍വിലാസമില്ലാത്ത സ്റ്റെല്ല ഗൊല്ലോവേനയാണ് പ്രതിയെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് 12.30ഓടെ കോവന്റ് ഗാര്‍ഡിനു സമീപത്തെ എന്‍ഡല്‍ സ്ട്രീറ്റിലായിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് 34, 39, 42, 56 വയസ്സുള്ള നാലു പുരുഷന്മാരെ പരുക്കേറ്റ നിലയില്‍ കണ്ടെത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്കുകള്‍ ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. നാലുപേരും പിന്നീട് ആശുപത്രി വിട്ടു. സംഭവസ്ഥലത്തുവച്ചുതന്നെ സ്റ്റെല്ല ഗൊല്ലോവേനയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേല്‍പ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ആക്രമിച്ചെന്ന നാലു കുറ്റങ്ങളും പൊതുസ്ഥലത്ത് ആക്രമണത്തിന് ഉപയോഗിക്കാവുന്ന ആയുധം കൈവശം വച്ചെന്ന ഒരു കുറ്റവുമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. പ്രതിയെ ഹൈബറി മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കും.
ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന കത്രിക സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവം ഒറ്റപ്പെട്ടതാണെന്നും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പശ്ചാത്തലം ഉണ്ടായിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പൊലീസിനൊപ്പം ലണ്ടന്‍ ആംബുലന്‍സ് സര്‍വീസും സ്ഥലത്തെത്തി. ലണ്ടന്‍സ് എയര്‍ ആംബുലന്‍സ് സമീപത്തെ ട്രഫാല്‍ഗര്‍ സ്‌ക്വയറില്‍ ഇറങ്ങിയെങ്കിലും പരുക്കേറ്റ നാലുപേരെയും റോഡ് മാര്‍ഗമാണ് ആശുപത്രികളിലെത്തിച്ചത്. തിയറ്ററുകളും റസ്റ്ററന്റുകളും ബാറുകളും നിറഞ്ഞ ലണ്ടനിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കോവന്റ് ഗാര്‍ഡില്‍ പകല്‍ സമയത്തുണ്ടായ ആക്രമണം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു.