ലണ്ടന്‍: മാനസികാരോഗ്യ പ്രശ്‌നങ്ങളില്‍ അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റോ ഡോക്ടറുടെ റഫറലോ ഇല്ലാതെ നേരിട്ടെത്തി വിദഗ്ധസഹായം തേടാവുന്ന പുതിയ കേന്ദ്രങ്ങള്‍ ഇംഗ്ലണ്ടിലുടനീളം ആരംഭിക്കുന്നു. ബാങ്കുകള്‍, ലൈബ്രറികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഹൈസ്ട്രീറ്റ്, കമ്യൂണിറ്റി കേന്ദ്രങ്ങളിലായിരിക്കും ഇവയില്‍ ചിലത് പ്രവര്‍ത്തിക്കുക. മാനസികാരോഗ്യ സേവനരംഗത്ത് വലിയ മാറ്റം ലക്ഷ്യമിട്ട് 343 മില്യന്‍ പൗണ്ട് ചെലവഴിക്കുന്ന പദ്ധതിയാണ് ബ്രിട്ടിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി ഇംഗ്ലണ്ടിലുടനീളം 100 കമ്യൂണിറ്റി മാനസികാരോഗ്യ കേന്ദ്രങ്ങളും 59 പ്രത്യേക മാനസികാരോഗ്യ എമര്‍ജന്‍സി വിഭാഗങ്ങളും ആരംഭിക്കും. പുതിയ കമ്യൂണിറ്റി കേന്ദ്രങ്ങളില്‍ മാസങ്ങളോളം അപ്പോയിന്റ്‌മെന്റിനോ റഫറലിനോ കാത്തിരിക്കാതെ നേരിട്ടെത്തി സഹായം തേടാം. മാനസിക സമ്മര്‍ദവും രോഗാവസ്ഥയും ഗുരുതരമാകുന്നതിനു മുന്‍പുതന്നെ ആവശ്യമായ ചികിത്സയും പിന്തുണയും ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യം.
നഴ്‌സുമാര്‍, തെറാപ്പിസ്റ്റുകള്‍, സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന മാനസികാരോഗ്യ വിദഗ്ധസംഘം ഒരേ കേന്ദ്രത്തില്‍ സേവനം നല്‍കും. ജിപിമാര്‍, പ്രാദേശിക കൗണ്‍സിലുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുമായും കേന്ദ്രങ്ങള്‍ സഹകരിക്കും. ഭവനം, തൊഴില്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തുടങ്ങിയ മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ആവശ്യമായ സഹായസേവനങ്ങളുമായി ആളുകളെ ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. പല കേന്ദ്രങ്ങളും ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില കേന്ദ്രങ്ങളില്‍ ഹ്രസ്വകാലത്തേക്ക് താമസിപ്പിച്ച് പരിചരണം നല്‍കുന്നതിനുള്ള കിടക്ക സൗകര്യവും ഒരുക്കിയേക്കും.
നിലവില്‍ മാനസികാരോഗ്യ പ്രതിസന്ധിയിലാകുന്ന നിരവധി പേര്‍ക്ക് മറ്റൊരു മാര്‍ഗമില്ലാതെ ആശുപത്രികളിലെ തിരക്കേറിയ എ ആന്‍ഡ് ഇ വിഭാഗങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. ഇതിന് പരിഹാരമായാണ് 59 പ്രത്യേക മാനസികാരോഗ്യ എമര്‍ജന്‍സി വിഭാഗങ്ങള്‍ ആരംഭിക്കുന്നത്. നിലവിലുള്ള ആശുപത്രി എ ആന്‍ഡ് ഇ വിഭാഗങ്ങളോടു ചേര്‍ന്നായിരിക്കും ഇവയില്‍ പലതും പ്രവര്‍ത്തിക്കുക. ഇംഗ്ലണ്ടില്‍ ഓരോ വര്‍ഷവും ഏകദേശം അഞ്ചില്‍ ഒരാള്‍ക്ക് സാധാരണയായി കാണപ്പെടുന്ന ഏതെങ്കിലും മാനസികാരോഗ്യ പ്രശ്‌നം അനുഭവപ്പെടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. കുട്ടികളിലും യുവാക്കളിലും മാനസികാരോഗ്യ സേവനങ്ങള്‍ക്കുള്ള ആവശ്യം കുത്തനെ ഉയരുന്നതായും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ കേന്ദ്രങ്ങളുടെ ആദ്യഘട്ടം ഈ വര്‍ഷം ശരത്കാലം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കൂടുതല്‍ കേന്ദ്രങ്ങള്‍ 2027 മാര്‍ച്ച് മുതല്‍ ഘട്ടംഘട്ടമായി തുറക്കും. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമായ പ്രതിസന്ധിയിലേക്ക് എത്തുന്നതുവരെ കാത്തിരിക്കാതെ വീടിനടുത്തുതന്നെ സഹായം ലഭ്യമാക്കുകയും ആശുപത്രി എ ആന്‍ഡ് ഇ വിഭാഗങ്ങളിലെ സമ്മര്‍ദം കുറയ്ക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.