Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
UK Special
  Add your Comment comment
സ്‌കോട്ലന്‍ഡില്‍ ക്യാംപിങ്ങിനെത്തിയ ഒന്‍പതുകാരി മരിച്ചു; പരിചയക്കാരനായ 35കാരന്‍ അറസ്റ്റില്‍
reporter

ആര്‍ബ്രോത്ത്: കുടുംബത്തോടൊപ്പം സ്‌കോട്ലന്‍ഡില്‍ ക്യാംപിങ്ങിനെത്തിയ ഒന്‍പതുവയസ്സുകാരി ഗുരുതര പരുക്കുകളോടെ കണ്ടെത്തിയതിനു പിന്നാലെ ആശുപത്രിയില്‍ മരിച്ചു. വെസ്റ്റ് യോര്‍ക്ഷയര്‍ സ്വദേശിനിയായ മിന്നി മെറിമാനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിക്ക് പരിചയമുള്ള 35 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ 12 മണി കഴിഞ്ഞ് ആര്‍ബ്രോത്തിലെ എലിയറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് മിന്നിയെ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. കുട്ടിക്ക് പരുക്കേറ്റെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. ഉടന്‍തന്നെ ഡന്‍ഡിയിലെ നൈന്‍വെല്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബത്തോടൊപ്പം ആര്‍ബ്രോത്ത് പ്രദേശത്ത് ക്യാംപിങ്ങിനെത്തിയതായിരുന്നു മിന്നി. സന്തോഷത്തോടെ ആരംഭിച്ച കുടുംബയാത്ര ഒറ്റരാത്രികൊണ്ട് തീരാദുഃഖമായി മാറുകയായിരുന്നു. കുട്ടിയുടെ മരണത്തിനു പിന്നാലെ കുടുംബാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ സഹായവും പിന്തുണയും നല്‍കുന്നുണ്ട്.

മിന്നിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 35കാരനെതിരെ കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. ഇയാളെ ഫോര്‍ഫാര്‍ ഷെരീഫ് കോടതിയില്‍ ഹാജരാക്കും. പ്രതിയും മിന്നിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. മിന്നിക്ക് എങ്ങനെയാണ് പരുക്കേറ്റതെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. ''ഈ സംഭവത്തില്‍ ബാധിക്കപ്പെട്ട എല്ലാവരെയും, പ്രത്യേകിച്ച് മിന്നിയുടെ കുടുംബത്തെയാണ് ഈ സമയത്ത് ഞങ്ങള്‍ ഓര്‍ക്കുന്നത്,'' ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ മൈക്ക് നെസ് പറഞ്ഞു. അന്വേഷണം തുടരുന്നതിനാല്‍ പ്രദേശത്ത് പൊലീസ് സാന്നിധ്യം തുടരുമെന്നും സംഭവത്തെക്കുറിച്ച് വിവരം അറിയാവുന്നവര്‍ പൊലീസിനെ സമീപിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മിന്നിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണെന്ന് കുടുംബം പ്രതികരിച്ചു. ''ഞങ്ങളുടെ സുന്ദരിയും ധീരയുമായ മിന്നി മൂവിനെ നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ തകര്‍ന്നുപോയി,'' കുടുംബം പങ്കുവച്ച അനുശോചനക്കുറിപ്പില്‍ പറഞ്ഞു. സ്‌നേഹത്തോടെ കുടുംബം വിളിച്ചിരുന്ന 'മിന്നി മൂ' ഇനി ഓര്‍മകളില്‍ മാത്രം.

 
Other News in this category

 
 




 
Close Window