|
ഇംഗ്ലണ്ടിലെ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളിലെ ഭക്ഷണ മാനദണ്ഡങ്ങളില്‍ വന്‍ പരിഷ്‌കാരം കൊണ്ടുവരാന്‍ സര്‍ക്കാര്‍. ഡീപ്പ് ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ സ്‌കൂള്‍ മെനുവില്‍ നിന്ന് ഒഴിവാക്കുന്നതിനൊപ്പം പഴം, പച്ചക്കറി, ഫൈബര്‍ സമൃദ്ധമായ ഭക്ഷണം, ഹോള്‍ഗ്രെയ്ന്‍ വിഭവങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് പുതിയ മാനദണ്ഡങ്ങളുടെ പ്രധാന സവിശേഷത. 2027 മുതല്‍ പുതിയ ഭക്ഷണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരും. ഒരു ദശാബ്ദത്തിലേറെയായി ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഭക്ഷണരംഗത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ പരിഷ്‌കാരമാണിതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ വ്യവസ്ഥകള്‍ പ്രകാരം കേക്ക് ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളുടെ വിതരണം നിയന്ത്രിക്കും. സെക്കന്‍ഡറി സ്‌കൂളുകളില്‍ ആഴ്ചയില്‍ പരമാവധി രണ്ടുതവണയും പ്രൈമറി സ്‌കൂളുകളില്‍ ഒരുതവണയും മാത്രമേ ഇത്തരം വിഭവങ്ങള്‍ നല്‍കാനാകൂ. മധുരപലഹാരങ്ങള്‍ നല്‍കുന്ന അവസരങ്ങളില്‍ കുട്ടികള്‍ക്ക് ഒപ്പം ഒരു ഭാഗം പഴവും നല്‍കണം. എല്ലാ പ്രധാന ഭക്ഷണങ്ങള്‍ക്കൊപ്പവും കുറഞ്ഞത് ഒരു ഭാഗം പഴമോ പച്ചക്കറിയോ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
എണ്ണയില്‍ മുക്കി വറുത്തെടുക്കുന്ന ഡീപ്പ് ഫ്രൈഡ് വിഭവങ്ങളും സ്‌കൂള്‍ മെനുവില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ ചിപ്സ്, പൊട്ടറ്റോ വെഡ്ജസ്, ഹാഷ് ബ്രൗണ്‍സ് തുടങ്ങിയ ഉരുളക്കിഴങ്ങ് വിഭവങ്ങള്‍ക്ക് പൂര്‍ണ നിരോധനമില്ല. ഇവ പരിമിതമായി മാത്രമേ നല്‍കാവൂ. ഡീപ്പ് ഫ്രൈ ചെയ്ത ചിപ്സിന് പകരം ഓവനില്‍ ബേക്ക് ചെയ്ത ചിപ്സ് നല്‍കുന്നതിനാണ് മുന്‍ഗണന. ഹാം, സോസേജ്, ചിക്കന്‍ നഗ്ഗറ്റ്സ് തുടങ്ങിയ പ്രോസസ്ഡ് മീറ്റ് വിഭവങ്ങളുടെ ഉപയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത്തരം ഭക്ഷണങ്ങള്‍ ആഴ്ചയില്‍ ഒരുതവണയായി പരിമിതപ്പെടുത്തുകയും അവയ്ക്കൊപ്പം പച്ചക്കറിയോ പഴമോ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുകയും വേണം. കുട്ടികളുടെ ഭക്ഷണത്തില്‍ ഫൈബറിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനായി ഹോള്‍ഗ്രെയ്ന്‍ വിഭവങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. പാസ്ത വിഭവങ്ങളില്‍ ആഴ്ചയില്‍ ഒരുതവണയെങ്കിലും 50 ശതമാനം ഹോള്‍വീറ്റ് പാസ്ത ഉള്‍പ്പെടുത്തണം. ഉയര്‍ന്ന ഫൈബര്‍ അടങ്ങിയ ബ്രെഡിന്റെ ഉപയോഗവും പ്രോത്സാഹിപ്പിക്കും. |