ലണ്ടന്‍: സഫോക്ക്-എസെക്‌സ് അതിര്‍ത്തിയിലെ കളിസ്ഥലത്തുനിന്ന് കാണാതായ മൂന്ന് വയസുകാരന്‍ നോവ വുഡ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബ്രാന്തമിലെ ഡീകോയ് പോണ്ടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് സഫോക്ക് പൊലീസ് അറിയിച്ചു. മാനിങ്ട്രീക്ക് സമീപമുള്ള ബ്രാന്തമിലെ മെറിയം ക്ലോസില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് നോവയെ അവസാനമായി കണ്ടത്. ബന്ധുവിനൊപ്പമായിരുന്ന കുട്ടിയെ പിന്നീട് കാണാതായതോടെ പൊലീസ് വലിയ തോതിലുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.
പ്രത്യേക പരിശീലനം ലഭിച്ച തിരച്ചില്‍ ഉദ്യോഗസ്ഥര്‍, പൊലീസ് നായ്ക്കള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയുടെ സഹായത്തോടെയായിരുന്നു പരിശോധന. എച്ച്എം കോസ്റ്റ്ഗാര്‍ഡ്, സഫോക്ക് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, സഫോക്ക് ലോലാന്‍ഡ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സംഘങ്ങളും തിരച്ചിലില്‍ പങ്കെടുത്തു. വ്യാപക തിരച്ചിലിനൊടുവിലാണ് ഡീകോയ് പോണ്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സഫോക്ക് പൊലീസ് സൂപ്രണ്ട് ടോം പിയേഴ്‌സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൃതദേഹത്തിന്റെ ഔദ്യോഗിക തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും നോവയുടെ കുടുംബത്തെ വിവരം അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ മരണത്തില്‍ നിലവില്‍ ദുരൂഹതയുള്ള സാഹചര്യമൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.