|
സ്വര്‍ണപ്പണയം മടക്കിയെടുക്കാന്‍ എന്ന വ്യാജേന 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവതി ആര്യങ്കോട് പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം ജില്ലയ്ക്ക് അകത്തും പുറത്തുമായി വിവിധ ബാങ്കിങ് സ്ഥാപനങ്ങളെ പണം തട്ടിയ കേസില്‍ ചെമ്പൂര് ഒറ്റശേഖരമംഗലം സ്വദേശിനിയായ നിഷ (37) ആണ് അറസ്റ്റിലായത്.
തട്ടിപ്പ് പുറത്തായത് സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ - കഴിഞ്ഞ സെപ്റ്റംബര്‍ 14ന് ചെമ്പൂര് ഉള്ള പ്രമുഖ ബാങ്കില്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണ വായ്പ ടേക്ക് ഓവര്‍ ചെയ്യണം എന്ന ആവശ്യവുമായി ബാങ്ക് മാനേജരെ സമീപിച്ച യുവതി 50 ലക്ഷം രൂപ വായ്പ പാസ്സാക്കി തന്റെ ഇസാഫ് ബാങ്കിന്റെ സേവിങ്‌സ് അക്കൗണ്ടില്‍ അയപ്പിച്ച ശേഷം അതി വിദഗ്ധമായി മുങ്ങുകയും ഈ തുക വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് വക മാറ്റുകയും ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ആര്യന്‍കോട് പോലീസ് ഈ അക്കൗണ്ടകള്‍ പിന്തുടര്‍ന്ന് പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ നടത്തിയ അന്വേഷണത്തില്‍ ഈ യുവതി കരിങ്കല്ലത്താണി കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് പണമിടപാട് സ്ഥാപനത്തെയും ഇത്തരത്തില്‍ പറ്റിച്ചിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞു.
കൂടുതല്‍ ചോദ്യം ചെയ്തതില്‍ കേരളത്തിലെ വിവിധ പ്രമുഖ പണമിടപാട് സ്ഥാപനങ്ങളിലും ഈ യുവതി ഇത്തരത്തില്‍ സമീപിച്ചിരുന്നു എന്ന് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞു. അതേസമയം ഇവര്‍ മറ്റാരുടെയെങ്കിലും നിര്‍ദേശപ്രകാരമാണോ ബാങ്കില്‍ എത്തിയതെന്നും പോലീസ് അന്വേഷിച്ച് വരുന്നു. |