ലണ്ടന്‍: ബ്രിട്ടനില്‍ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം ആവശ്യപ്പെട്ട് മുന്‍ ലേബര്‍ മന്ത്രി അലന്‍ മില്‍ബേണിന്റെ റിപ്പോര്‍ട്ട്. ലേബര്‍ സര്‍ക്കാരിന്റെ ആദ്യ രണ്ടു വര്‍ഷത്തെ നടപടികള്‍ യുവാക്കളുടെ തൊഴില്‍സാധ്യതകളെ പ്രതികൂലമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. തൊഴിലുടമകള്‍ക്കുള്ള നികുതിവര്‍ധന, യുവാക്കളുടെ മിനിമം വേതനത്തിലെ ഉയര്‍ച്ച, പുതിയ തൊഴില്‍ അവകാശ വ്യവസ്ഥകള്‍ എന്നിവ നിയമനങ്ങള്‍ക്ക് തടസ്സമാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുവാക്കളെ നിയമിക്കുന്നത് തൊഴിലുടമകള്‍ക്ക് ചെലവ് കുറഞ്ഞതും ലളിതവും അപകടസാധ്യത കുറഞ്ഞതുമായ നടപടിയാക്കി മാറ്റണമെന്നാണ് പ്രധാന നിര്‍ദേശം.
തൊഴിലുടമകളുടെ നാഷണല്‍ ഇന്‍ഷുറന്‍സ് സംഭാവനയില്‍ ധനമന്ത്രി റേച്ചല്‍ റീവ്സ് പ്രഖ്യാപിച്ച 25 ബില്യണ്‍ പൗണ്ടിന്റെ നികുതിവര്‍ധന ഭാഗികമായി പിന്‍വലിക്കണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ടാകും. യുവാക്കളുടെ മിനിമം വേതനവര്‍ധനയുടെ വേഗം കുറയ്ക്കുക, ആഞ്ചല റെയ്‌നര്‍ മുന്നോട്ടുവച്ച തൊഴില്‍ അവകാശ നിയമത്തിലെ ചില വ്യവസ്ഥകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക എന്നിവയും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
പുതിയ നികുതികളും നിയന്ത്രണങ്ങളും നടപ്പാക്കുംമുമ്പ് അവ യുവാക്കളുടെ തൊഴില്‍സാധ്യതകളെ എങ്ങനെ ബാധിക്കുമെന്ന് മന്ത്രിമാര്‍ വിലയിരുത്തുന്നത് നിയമപരമായി നിര്‍ബന്ധമാക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യും. തൊഴില്‍ പദ്ധതികള്‍ക്കും സബ്സിഡികള്‍ക്കും കൂടുതല്‍ തുക അനുവദിക്കണമെന്ന ആവശ്യവുമുണ്ട്. സര്‍ക്കാരിന്റെ ക്ഷേമപദ്ധതി പരിഷ്‌കാരങ്ങള്‍ക്ക് വലിയ ചെലവുണ്ടാകുമെന്നും കുറഞ്ഞത് പത്തു വര്‍ഷത്തേക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാനാകില്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. യുവാക്കളുടെ തൊഴില്‍പ്രതിസന്ധിക്ക് പ്രാധാന്യം നല്‍കിയതിനെ കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബേഡനോക്ക് സ്വാഗതം ചെയ്തു. പ്രതിസന്ധിക്ക് കാരണമായെന്ന് അവര്‍ ആരോപിക്കുന്ന നടപടികള്‍ ലേബര്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു