ലീഡ്സ്: ഇംഗ്ലണ്ടിലെ ലീഡ്സില്‍ പൊലീസ് പിന്തുടര്ന്നിരുന്ന ബിഎംഡബ്ല്യു കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. യോര്‍ക്ക് സ്വദേശികളായ 22കാരനും 23കാരിയുമാണ് മരിച്ചത്. സംഭവത്തില്‍ ഹാരോഗേറ്റ് സ്വദേശി ലീ റോസ് എന്ന 39കാരനെതിരെ കുറ്റം ചുമത്തിയതായി വെസ്റ്റ് യോര്‍ക്ക്ഷയര്‍ പൊലീസ് അറിയിച്ചു.
നവംബര്‍ 15 ഞായറാഴ്ച പുലര്‍ച്ചെ 12.44ഓടെ ഗെല്ഡേര്ഡ് റോഡിലായിരുന്നു സംഭവം. നിര്‍ത്താനുള്ള പൊലീസ് നിര്‍ദേശം പാലിക്കാതെ നീലനിറത്തിലുള്ള ബിഎംഡബ്ല്യു 123ഡി മുന്നോട്ടുപോയതിനെത്തുടര്ന്ന് ഉദ്യോഗസ്ഥര്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ലോഫീല്ഡ്സ് റോഡില്‍നിന്ന് ഗെല്ഡേര്ഡ് റോഡിലേക്ക് തിരിയുകയായിരുന്ന വെള്ളനിറത്തിലുള്ള ഫോക്സ്വാഗണ് സിറോക്കോയുമായി ബിഎംഡബ്ല്യു കൂട്ടിയിടിച്ചു.
ഫോക്സ്വാഗണ് ഓടിച്ചിരുന്ന യുവാവ് സംഭവസ്ഥലത്തും ഒപ്പമുണ്ടായിരുന്ന യുവതി ആശുപത്രിയിലുമാണ് മരിച്ചത്.
അപകടകരമായ ഡ്രൈവിങ്ങിലൂടെ രണ്ടുപേരുടെ മരണത്തിന് കാരണമായതടക്കമുള്ള കുറ്റങ്ങളാണ് ലീ റോസിനെതിരെ ചുമത്തിയിരിക്കുന്നത്. ഡ്രൈവിങ് വിലക്ക് നിലനില്‍ക്കെ വാഹനമോടിച്ച് മരണത്തിന് കാരണമായത്, ലൈസന്‍സോ ഇന്‍ഷുറന്‍സോ ഇല്ലാതെ വാഹനമോടിച്ച് മരണത്തിന് കാരണമായത്, പൊലീസ് ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്താതിരുന്നത് എന്നിവയും കുറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. ഇയാളെ നവംബര്‍ 16ന് ലീഡ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിനായി കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.
ബിഎംഡബ്ല്യുവിലുണ്ടായിരുന്ന 16ഉം 17ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കും 16കാരിയായ പെണ്‍കുട്ടിക്കും ജീവന് ഭീഷണിയില്ലാത്ത പരിക്കുകളേറ്റിരുന്നു. അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇവരെ തുടര്‍അന്വേഷണത്തിന് വിധേയമായി ജാമ്യത്തില്‍ വിട്ടു.
പൊലീസ് പിന്തുടരലുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പൊലീസ് കണ്ടക്ട് സ്വതന്ത്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെയോ അതിനു മുമ്പുള്ള വാഹനങ്ങളുടെ സഞ്ചാരത്തിന്റെയോ ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍ വിവരങ്ങള്‍ കൈമാറണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.