ലണ്ടന്‍: മൈക്രോസോഫ്റ്റിന്റെ ആഗോള സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ബ്രിട്ടനില്‍ ആരോഗ്യരംഗം ഉള്‍പ്പെടെയുള്ള നിര്‍ണായക സേവനങ്ങള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടു. ആശുപത്രികള്‍, ജിപി സര്‍ജറികള്‍, ഫാര്‍മസികള്‍, റെയില്‍വേ, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ തകരാര്‍ ബാധിച്ചു.
എന്‍എച്ച്എസിലെ പത്ത് ലക്ഷത്തിലധികം ജീവനക്കാര്‍ ഉപയോഗിക്കുന്ന എന്‍എച്ച്എസ് ഡോട്ട് നെറ്റ് കണക്ട് സംവിധാനം പ്രവര്‍ത്തനരഹിതമായതോടെ ഇമെയില്‍, ഓണ്‍ലൈന്‍ മീറ്റിങ്, കലണ്ടര്‍, ഫയല്‍ കൈമാറ്റം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമല്ലാതായി. രോഗികളുടെ വിവരങ്ങള്‍ കൈമാറുന്നതിനും അപ്പോയിന്റ്മെന്റ് സമയങ്ങള്‍ സ്ഥിരീകരിക്കുന്നതിനും ജീവനക്കാര്‍ ബുദ്ധിമുട്ടി. ചിലയിടങ്ങളില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്ക് പകരം പേപ്പര്‍ രേഖകളെ ആശ്രയിക്കേണ്ടിവന്നു.
മരുന്നുവിതരണത്തില്‍ കാലതാമസമുണ്ടാകാമെന്ന് ഫാര്‍മസികള്‍ മുന്നറിയിപ്പ് നല്‍കി. ആംബുലന്‍സ് സേവനങ്ങളെയും തകരാര്‍ ഗുരുതരമായി ബാധിച്ചതായി ജീവനക്കാരുടെ സംഘടന അറിയിച്ചു. സംഭവത്തിന് പിന്നാലെ, നിര്‍ണായക സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഒരൊറ്റ സാങ്കേതിക കമ്പനിയെ ആശ്രയിക്കുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നു. ഇത്തരം ആശ്രിതത്വം വ്യാപകമായ സേവനതടസ്സങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്കയും ശക്തമായി.