Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 17th Nov 2026
 
 
UK Special
  Add your Comment comment
കൗമാരക്കാരനായി ചമഞ്ഞ് പെണ്‍കുട്ടികളെ ഓണ്‍ലൈനില്‍ ചൂഷണം ചെയ്തു; ഇന്ത്യന്‍ യുവാവിന് യുകെയില്‍ 30 വര്‍ഷം തടവ്
reporter

ലണ്ടന്‍: സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രൊഫൈലിലൂടെ പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് ലൈംഗികമായി ചൂഷണം ചെയ്ത ഇന്ത്യന്‍ യുവാവിന് ബ്രിട്ടനില്‍ 30 വര്‍ഷം തടവ്. ബിര്‍മിംഗ്ഹാമില്‍ താമസിച്ചിരുന്ന ബിലാല്‍ കാസി എന്ന 27കാരനെയാണ് നവംബര്‍ 13ന് ചെസ്റ്റര്‍ ക്രൗണ്‍ കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ എട്ടുവര്‍ഷത്തെ അധിക മേല്‍നോട്ടകാലവും കോടതി വിധിച്ചു.

ചെഷയര്‍ പൊലീസിന്റെ അന്വേഷണത്തില്‍ 70 പെണ്‍കുട്ടികളെ തിരിച്ചറിഞ്ഞു. ഇവര്‍ അതിക്രമം നേരിട്ട സമയത്ത് 11നും 17നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. ആകെ 180 പേര്‍ ചൂഷണത്തിനിരയായിട്ടുണ്ടാകാമെന്ന സൂചനകളാണ് ഡിജിറ്റല്‍ പരിശോധനയില്‍ ലഭിച്ചത്. അതിനാല്‍ നൂറിലധികം ഇരകളെ സ്ഥിരീകരിച്ചുവെന്നതല്ല ഔദ്യോഗിക അന്വേഷണവിവരം.

'റീസ്' എന്ന പേരില്‍ ബ്രിട്ടിഷ് കൗമാരക്കാരനായി നടിച്ചാണ് കാസി കുട്ടികളെ സമീപിച്ചത്. സ്‌നാപ്ചാറ്റ്, റോബ്ലോക്‌സ്, വിങ്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ മറ്റൊരു ആണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വിശ്വാസം നേടിയെടുത്തു. തുടര്‍ന്ന് സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും ആവശ്യപ്പെടുകയും വിസമ്മതിക്കുന്നവരെ അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

2021 നവംബറില്‍ ഒരു പെണ്‍കുട്ടി ഡെര്‍ബിഷയര്‍ പൊലീസില്‍ നല്‍കിയ പരാതിയാണ് അന്വേഷണത്തിന് തുടക്കമായത്. 2022 മേയില്‍ ചെഷയര്‍ പൊലീസിന്റെ പ്രത്യേക സംഘം കേസ് ഏറ്റെടുത്തു. രാജ്യം വിട്ടിരുന്ന കാസി 2023 ജൂലൈയില്‍ തിരിച്ചെത്തിയപ്പോള്‍ ഹീത്രോ വിമാനത്താവളത്തില്‍ അറസ്റ്റിലായി. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെയാണ് കൂടുതല്‍ കുട്ടികള്‍ക്കെതിരായ ചൂഷണത്തിന്റെ തെളിവുകള്‍ ലഭിച്ചത്.

ചെഷയറിലെയും ബിര്‍മിംഗ്ഹാമിലെയും അന്വേഷണങ്ങളുടെ ഭാഗമായി ഇയാളുടെ ഉപകരണങ്ങളില്‍നിന്ന് കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട 900ലധികം ചിത്രങ്ങളും വിഡിയോകളും കണ്ടെത്തിയതായി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് അറിയിച്ചു. ചില കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ ഇയാള്‍ നേരത്തേതന്നെ ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. കുട്ടികളുടെ വിശ്വാസം ദുരുപയോഗം ചെയ്തുള്ള ചൂഷണം പലര്‍ക്കും ദീര്‍ഘകാല മാനസികാഘാതമുണ്ടാക്കിയതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കാസിക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക ഉത്തരവും നിയന്ത്രണ ഉത്തരവും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window