ലണ്ടന്‍: ബ്രിട്ടനില്‍ ലൈംഗികബന്ധത്തിനുള്ള നിയമപരമായ സമ്മതപ്രായം 16ല്‍ നിന്ന് 18 ആയി ഉയര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. നടന്‍ റസ്സല്‍ ബ്രാന്‍ഡിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് നിയമപരിഷ്‌കരണ ആവശ്യം ശക്തമായത്. 16, 17 വയസ്സുള്ള കൗമാരക്കാരുമായി മുതിര്‍ന്നവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് നിരോധിക്കുന്ന തരത്തില്‍ നിയമം മാറ്റണമെന്നാണ് ആവശ്യം. ബ്രാന്‍ഡില്‍നിന്ന് 16-ാം വയസ്സില്‍ ലൈംഗികാതിക്രമം നേരിട്ടതായി ആരോപിച്ച മിയ ലാറ്ററാണ് നിയമപരിഷ്‌കരണത്തിനായി പരസ്യമായി രംഗത്തെത്തിയത്.
വിഷയം ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്ന് ലൂയിസ് ഹെയ്ഗ് വ്യക്തമാക്കി. നിയമഭേദഗതി സുപ്രധാന നടപടിയായിരിക്കുമെന്നും അതിക്രമം നേരിട്ടവരുടെ അനുഭവങ്ങള്‍ പരിഗണിച്ച് വിശദമായ പരിശോധന ആവശ്യമാണെന്നും അവര്‍ പറഞ്ഞു. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് മുതിര്‍ന്ന പുരുഷന്മാരില്‍നിന്നുള്ള ചൂഷണത്തിനെതിരെ കൂടുതല്‍ നിയമപരിരക്ഷ വേണമെന്ന് ലിബറല്‍ ഡെമോക്രാറ്റുകളും ആവശ്യപ്പെട്ടു. അധ്യാപക-വിദ്യാര്‍ഥി ബന്ധം പോലുള്ള അധികാരബന്ധങ്ങളില്‍ നിലവിലുള്ള പ്രത്യേക നിയമസംരക്ഷണത്തിന് സമാനമായ വ്യവസ്ഥകള്‍ കൊണ്ടുവരണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ലൈംഗികാതിക്രമം, പീഡനം തുടങ്ങിയ പരാതികളില്‍ അതിക്രമം നേരിട്ടവരെ നിശ്ശബ്ദരാക്കാന്‍ രഹസ്യസ്വഭാവ കരാറുകള്‍ ഉപയോഗിക്കുന്നത് തടയുന്ന നടപടികളും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ഹെയ്ഗ് അറിയിച്ചു.