ലണ്ടന്‍: കിഴക്കന്‍ ഇംഗ്ലണ്ടിലെ സഫോക്കിലുള്ള യുഎസ് വ്യോമസേനാ താവളമായ ആര്‍എഎഫ് ലേക്കന്‍ഹീത്തിന് സമീപം അനധികൃത ഡ്രോണ്‍ സാന്നിധ്യം സംശയിച്ചതിനെത്തുടര്‍ന്ന് സുരക്ഷാസേന ഇടപെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംശയാസ്പദമായ ഡ്രോണ്‍ പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ താവളത്തില്‍ സൈറണുകള്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ സൈനികര്‍ക്ക് പരിക്കോ വിമാനങ്ങള്‍ക്കും അടിസ്ഥാനസൗകര്യങ്ങള്‍ക്കും നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് യുഎസ് വ്യോമസേന അറിയിച്ചു. സുരക്ഷാസേനയുടെ ഇടപെടലിന് പിന്നാലെ സാഹചര്യം നിയന്ത്രണവിധേയമായെന്നും അധികൃതര്‍ വ്യക്തമാക്കി. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യഥാര്‍ഥ സാഹചര്യം കണ്ടെത്തുന്നതിനായി യുഎസ് സൈനിക അധികൃതരുമായും ബന്ധപ്പെട്ട മറ്റ് വിഭാഗങ്ങളുമായും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് നിലവില്‍ ഭീഷണിയില്ലെന്ന് വെസ്റ്റ് സഫോക്ക് എംപി നിക്ക് തിമോത്തി വ്യക്തമാക്കി. സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. യുഎസ് പ്രതിരോധ വകുപ്പിന്റെ രണ്ടാമത്തെ ഉയര്‍ന്ന സുരക്ഷാ ജാഗ്രതാ നിലയായ 'ചാര്‍ലി അലര്‍ട്ടിലാണ്' ലേക്കന്‍ഹീത്ത് താവളമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ അധികൃതര്‍ അറിയിച്ചിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ യുഎസ് യുദ്ധവിമാന പ്രവര്‍ത്തന കേന്ദ്രമായ ഇവിടെ ഏകദേശം 7,000 സൈനികര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. യുഎസ് വ്യോമസേനയുടെ 48-ാമത് ഫൈറ്റര്‍ വിങ്ങിന്റെ ആസ്ഥാനവുമാണിത്. ബ്രിട്ടനിലെ യുഎസ് സൈനിക താവളങ്ങളുടെ സുരക്ഷയെച്ചൊല്ലി ആശങ്കകള്‍ ഉയരുന്നതിനിടെയാണ് പുതിയ സംഭവം. ഗ്ലോസ്റ്റര്‍ഷയറിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡില്‍ ഭീകരാക്രമണ ഗൂഢാലോചനയെന്ന സംശയത്തെത്തുടര്‍ന്നും കേംബ്രിഡ്ജ്ഷയറിലെ ആര്‍എഎഫ് മോളസ്വര്‍ത്തില്‍ അതിക്രമിച്ചുകയറിയ സംഭവത്തിലും നേരത്തേ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഫെയര്‍ഫോര്‍ഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാനുകളില്‍ പെട്രോള്‍ കണ്ടെത്തിയെങ്കിലും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയിരുന്നില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
ഇറാനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ആക്രമണ ഭീഷണികളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ ആര്‍എഎഫ് മില്‍ഡന്‍ഹാളില്‍നിന്നും ഫെയര്‍ഫോര്‍ഡില്‍നിന്നും യുഎസ് സൈനിക വിമാനങ്ങള്‍ മാറ്റിയിരുന്നു. ഭീഷണികളെ തുടര്‍ന്നാണ് ഒക്ടോബറില്‍ ഫെയര്‍ഫോര്‍ഡില്‍നിന്ന് ബോംബറുകള്‍ പിന്‍വലിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ ആഴ്ച മില്‍ഡന്‍ഹാളില്‍നിന്ന് കുറഞ്ഞത് 12 യുഎസ് സൈനിക വിമാനങ്ങള്‍ പുറപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് കെസി-135 സ്ട്രാറ്റോടാങ്കര്‍ ഇന്ധനം നിറയ്ക്കല്‍ വിമാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയിലൊന്ന് ജര്‍മനിയിലേക്കും മറ്റൊന്ന് ഗ്ലാസ്ഗോയ്ക്ക് സമീപമുള്ള പ്രെസ്റ്റ്വിക്ക് വിമാനത്താവളത്തിലേക്കുമാണ് പോയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ബ്രിട്ടനിലെ യുഎസ് സൈനിക താവളങ്ങള്‍ സുരക്ഷിതമാണെന്നും അവയുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ പരമപ്രധാന പരിഗണന നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഈ ആഴ്ച ആവര്‍ത്തിച്ചു.