|
കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയുടെ ലേലത്തില്‍ പങ്കെടുക്കാനില്ലെന്നു പ്രഖ്യാപിച്ച് ജെറ്റ് എയര്‍വേയ്‌സ്. ഇന്‍ഡിഗോയ്ക്കു പിന്നാലെ ജെറ്റ് എയര്‍വേയ്‌സും പിന്‍മാറിയതോടെ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തിനു വിപണിയിലെ പ്രമുഖരാരുമില്ലാതായി. നഷ്ടത്തിലായ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നെന്നും ധീരമായ തീരുമാനമാണിതെന്നും ജെറ്റ് എയര്‍വേയ്‌സ് ഡപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് അമിത് അഗര്‍വാള്‍ വാര്‍ത്താ ഏജന്‍സികള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. എന്നാല്‍ വ്യവസ്ഥകള്‍ പരിശോധിച്ചപ്പോള്‍ ലേലത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നെന്നും കത്തില്‍ പറയുന്നു.
ആകാശവിപണിയില്‍ ചോദ്യം ചെയ്യാനാവാത്ത കുത്തകാവകാശമുണ്ടായിരുന്ന പ്രതാപകാലമുണ്ടായിരുന്നു എയര്‍ ഇന്ത്യയ്ക്ക്. എന്നാല്‍ ബജറ്റ് സര്‍വീസുകളുമായി ഒട്ടേറെ സ്വകാര്യ കമ്പനികള്‍ രംഗത്തെത്തിയതോടെ എയര്‍ ഇന്ത്യയുടെ വിപണി വിഹിതം കുത്തനെ ഇടിയുകയാണ്. പത്തു വര്‍ഷമായി സര്‍വീസ് നഷ്ടത്തിലാണ്. ഏറ്റവും വേഗത്തില്‍ വളരുന്ന എയര്‍ലൈന്‍ വിപണിയിലെ മത്സരത്തിന് ഒപ്പം പറക്കാന്‍ എയര്‍ ഇന്ത്യയ്ക്കു കഴിയുന്നില്ല. സര്‍ക്കാര്‍ അവസാനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം എയര്‍ ഇന്ത്യയുടെ നഷ്ടം 7.67 ബില്യന്‍ ഡോളറാണ് (49,855 കോടി രൂപ). |