Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
ക്രൈസ്റ്റ് ദി കിംഗ്' ക്‌നാനായ മിഷന്‍ ബെര്‍മിംഗ്ഹാമില്‍ ചെയ്തു; എഡിന്‍ബൊറോയില്‍ 'ഹോളി ഫാമിലി' ക്‌നാനായ മിഷന്‍
ഫാ. ബിജു കുന്നയ്ക്കാട്ട്
ക്‌നാനായ സമുദായ പാരമ്പര്യസംരക്ഷണത്തിനു സഹായിക്കുന്നതിനും പ്രവാസിജീവിതത്തിന് ആത്മീയ വിശുദ്ധി പകരുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ രണ്ടാമത്തെ ക്‌നാനായ മിഷന് ബെര്‍മിംഗ്ഹാമില്‍ തുടക്കമായി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റേയും മറ്റുവിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തില്‍ കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടാണ് ദീപം തെളിച്ച് ക്രിസ്തുരാജ (ക്രൈസ്റ്റ് ദി കിംഗ്) ക്‌നാനായ മിഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വികാരി ജനറാള്‍ വെരി റെവ. ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍, മിഷന്‍ ഡയറക്ടര്‍ റെവ. ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍, മറ്റു വൈദികര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷികളായി.

വാല്‍സാള്‍ സെന്റ് പാട്രിക്സ് ദൈവാലയത്തില്‍ വച്ച് ഇന്നലെ വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച മിഷന്‍ സ്ഥാപന തിരുക്കര്‍മ്മങ്ങള്‍ക്കും വാര്‍ഷിക തിരുനാളാഘോഷങ്ങള്‍ക്കും പ്രാരംഭമായി മിഷന്‍ ഡയറക്ടര്‍ ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍, വിശിഷ്ടാതിഥികള്‍ക്കും വിശ്വാസികള്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വികാരി ജനറാള്‍ ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍ മിഷന്‍ സ്ഥാപിച്ചുകൊണ്ടുള്ള ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാമെത്രാന്റെ ഡിക്രി വായിച്ചു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ഫാ. ഷഞ്ചു കൊച്ചുപറമ്പിലിന് ഡിക്രി കൈമാറുകയും ചെയ്തു. പിന്നീട് നടന്ന ദീപം തെളിക്കലിനും ആഘോഷമായ പൊന്തിഫിക്കല്‍ വി. കുര്‍ബാനയ്ക്കും മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കുകയും വചനസന്ദേശം നല്‍കുകയും ചെയ്തു.

വി. കുര്‍ബാനയുടെ സമാപനത്തില്‍ ബെര്‍മിംഗ്ഹാം അതിരൂപതയുടെ മുന്‍ വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായ മോണ്‍. തിമോത്തി മെനേസിസ്, വികാരി ജനറാള്‍ ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍ തുടങ്ങിയവര്‍ സ്വാഗതം ആശംസിക്കുകയും കൈക്കാരന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. പുതുതായി പ്രഖ്യാപിക്കപ്പെട്ട മിഷന്റെ നാള്‍വഴിയുടെ വീഡിയോ പ്രദര്‍ശനവും നടന്നു. തുടര്‍ന്ന് സ്നേഹവിരുന്നും ഗാനസന്ധ്യയും അരങ്ങേറി.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ മൂന്നാമത്തെ ക്‌നാനായ മിഷനായ 'ഹോളി ഫാമിലി (തിരുക്കുടുംബ ക്‌നാനായ മിഷന്‍) ക്‌നാനായ മിഷന് ഇന്ന് സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബോറോയില്‍ തിരി തെളിയും. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാരംഭിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികനാകും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും. മിഷന്‍ ഉദ്ഘാടനത്തിനുശേഷം നടക്കുന്ന ദിവ്യബലിയില്‍ എഡിന്‍ബൊറോ ആര്‍ച്ച്ബിഷപ് ലിയോ കുഷ്ലി വചനസന്ദേശം പങ്കുവയ്ക്കും. റെവ. ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍ മിഷന്‍ സ്ഥാപന ഡിക്രി വായിക്കും.

വി. കുര്‍ബാനയ്ക്കുശേഷം വികാരി ജനറാള്‍ ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും. മിഷന്‍ പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും പരിപാടികളുടെ വിജയത്തിനായി വിപുലമായ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായും ഡയറക്ടര്‍, ഫാ. ജിന്‍സ് കണ്ടക്കാട്ട് അറിയിച്ചു.
 
Other News in this category

 
 




 
Close Window