Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
ബിജി അച്ചനും സണ്ണി ജോണിനും ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത
ഫാ. ടോമി എടാട്ട്
ബ്രിട്ടനിലെ യാക്കോബായ സുറിയാനി സഭാ വൈദികനായിരുന്ന റവ.ഡോ. ബിജി മര്‍ക്കോസ് ചിറത്തലാട്ടിനും പ്രെസ്റ്റണില്‍ സണ്ണി ജോണിനും ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. ബ്രിട്ടനില്‍ യാക്കോബായ സുറിയാനി സഭയുടെ ആത്മീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്ത് സഭാംഗങ്ങളെ നയിച്ചു വന്ന ബിജി അച്ചന്റെ നിര്യാണം യാക്കോബായ സഭയ്ക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആത്മീയതയില്‍ അടിയുറച്ച പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന അവസരത്തിലാണ് ഏവര്‍ക്കും പ്രിയങ്കരനായിരുന്ന അച്ചന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.

സെന്റ് തോമസ് യാക്കോബായ ചര്‍ച്ച് റോംഫോര്‍ഡ്, ലണ്ടന്‍, സെന്റ് ജോര്‍ജ് യാക്കോബായ ചര്‍ച്ച് ബിര്‍മിംഗ്ഹാം, സെന്റ് ജോര്‍ജ് യാക്കോബായ ചര്‍ച്ച് പൂള്‍ എന്നിവയുടെ വികാരിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന ബിജി അച്ചന്‍ വര്‍ത്തിങ് ഹോസ്പിറ്റലിലെ ചാപ്ലയിന്‍ കൂടിയായിരുന്നു. കോട്ടയം ജില്ലയില്‍ വാകത്താനം സ്വദേശിയായ ബിജി അച്ചന്‍ ഓസ്ട്രിയയിലെ വിയന്നയില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് കുടുംബസമേതം യു.കെയില്‍ എത്തി സഭയുടെ ആത്മീയനേതൃത്വം ഏറ്റെടുത്തത്.

ഈ മഹാമാരിയുടെ ആരംഭം മുതല്‍ രോഗവുമായി മല്ലിടുന്ന സഭാമക്കളുടെ ആത്മീയവും മാനസികവും ശാരീരികവുമായ മേഖലകളില്‍ അതീവശ്രദ്ധ പുലര്‍ത്തി പ്രവര്‍ത്തിച്ചു പോന്നിരുന്ന ബിജിയച്ചന്റെ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും. അച്ഛന്റെ വിയോഗത്തില്‍ അതീവദുഃഖിതയായിരിക്കുന്ന ജീവിതപങ്കാളി ബിന്ദുവിന്റെയും മക്കളായ സബിത, ലസിത, ബേസില്‍ എന്നിവരുടെയും വേദനയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഒന്നായി പങ്കു ചേരുകയും അച്ചന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

പ്രെസ്റ്റണിലെ സണ്ണി ജോണിന്റെ വേര്‍പാടില്‍ വേദനിക്കുന്ന ജീവിതപങ്കാളി എല്‍സിയുടെയും മക്കളായ നെല്‍സണ്‍, നിക്സണ്‍, മരുമകളായി റിയോ ജോസഫ് എന്നിവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന സണ്ണി ചേട്ടന്‍ കോവിഡ് ബാധിച്ച് ഒരു മാസത്തോളമായി ചികിത്സായിലായിരുന്നു. രണ്ടാഴ്ചയായി വെന്റിലേറ്ററില്‍ ആയിരുന്നു. രോഗം വഷളായതിനെത്തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് അന്ത്യം സംഭവിക്കുകയായിരുന്നു. എറണാകുളം ജില്ലയില്‍ കോലഞ്ചേരി രാമമംഗലം സ്വദേശിയായ പരേതന്‍ കൂത്താട്ടുകുളം ചെറിയമ്മാക്കില്‍ കുടുംബാംഗമാണ്.

നിത്യതയിലേക്ക് ചേര്‍ക്കപ്പെട്ട പരേതന്റെ കുടുംബത്തെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുകയും ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി തന്റെ അനുശോചന സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window