Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
മതം
  Add your Comment comment
കോവിഡ് കാലത്തെ മാനസികാരോഗ്യം: 'ഉയിര്‍' ലൈവ് കൗണ്‍സിലിംഗ്
ഷാജി തോമസ്
'സര്‍ക്കാര്‍ നിശ്ചയിച്ച 14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞു വീട്ടിലെത്തിയ ഗൃഹനാഥന്‍ താന്‍ വളര്‍ത്തിയിരുന്ന പക്ഷികളുടെ കൂടുകള്‍ തുറന്ന് അവയെ പറത്തിവിട്ടു' മുഖപുസ്തകത്തില്‍ ആരോ എഴുതിയ ഒറ്റ വാചകത്തില്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്ന കഥ നമ്മെ ചിന്തകളുടെ ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകും. വിശാലമായ ലോകത്ത് സ്വാതന്ത്ര്യത്തോടെ നടന്നപ്പോള്‍ കൂട്ടിലടക്കപെട്ട കിളികളുടെ വേദന നമ്മള്‍ മനസ്സിലാക്കിയില്ല. നൂറ്റാണ്ടിന്റെ മഹാ വ്യാധിയായ കോവിഡ്19 മനുഷ്യന്റെ ജീവിത രീതികളെ തന്നെ മാറ്റി മറിച്ചു. നമ്മുടെ സുരക്ഷക്കായിട്ടാണെങ്കില്‍ പോലും സ്വാതന്ത്ര്യത്തിന്റെ ലോകത്തുനിന്ന് പരിമിതികളുടെ ലോകത്തേക്ക് നമ്മെ കൂട്ടികൊണ്ട് പോയപ്പോള്‍, പ്രത്യേകിച്ച് ഷീല്‍ഡിങ്ങിലും മറ്റുമായി മാസങ്ങളോളം ഭവനത്തിനു പുറത്തിറങ്ങാതെ കഴിഞ്ഞപ്പോള്‍ ഉണ്ടായ ഏകാന്തതയും ഒറ്റപ്പെടലും, യു കെ മലയാളികളെപലവിധത്തില്‍ വീര്‍പ്പുമുട്ടിക്കുകയും അത് നിരവധിയായ മാനസ്സീക ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.

സാമൂഹ്യ അകലം പാലിക്കേണ്ടി വരുന്നതും, ആരാധനാലയങ്ങളില്‍ പോകാന്‍ കഴിയാത്ത വിധത്തിലുള്ള വിലക്കും, വിവാഹ വാര്‍ഷീകം ജന്മദിനം മുതലായ ആഘോഷങ്ങള്‍ നടത്തുവാന്‍ സാധിക്കാതെ വരുന്നതും അസോസിയേഷനുകള്‍ നടത്തിവന്നിരുന്ന കായിക കലാ സാംസ്‌കാരിക പരിപാടികള്‍ ഇല്ലാതായതും വിനോദങ്ങള്‍ക്കായി പുറത്തുപോകുന്നതും എന്തിനേറെ മറ്റൊരു വീട്ടില്‍ പോകുന്നതുപോലും നിറുത്തേണ്ടിവന്നതുമൊക്കെ കുടുംബത്തില്‍ മാതാപിതാക്കളുടെയും മക്കളുടേയുമെല്ലാം മാനസികാരോഗ്യത്തെ സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്.

ഈ പ്രവണതയെ കാരുണ്യത്തോടെ സമീപിക്കുകയും സാന്ത്വനത്തോടെ കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത് വളരെ അത്യന്താപേക്ഷിതമായിരിക്കുന്ന സാഹചര്യത്തില്‍, യുക്മയുടെ ചാരിറ്റി വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍, യു കെ മലയാളികള്‍ക്ക് മാനസീകാരോഗ്യത്തില്‍ കൈത്താങ്ങായിക്കൊണ്ട് 'ഉയിര്‍' എന്നപേരില്‍ ഒരു സംരംഭവുമായി മുന്നോട്ടു വരികയാണ്. നമ്മുടെ അതിജീവന ശക്തി വര്‍ദ്ധിപ്പിക്കുക എന്ന അര്‍ത്ഥം വരുന്ന ഇംഗ്ലീഷ് വാചകത്തില്‍നിന്നാണ് 'ഉയിര്‍' എന്ന പേരിന് രൂപം നല്‍കിയിരിക്കുന്നത് (Uplift Your Inner Resilience UYIR).

കൊറോണ ഉയര്‍ത്തിയിരിക്കുന്ന മാനസീക പ്രശ്‌നങ്ങള്‍ അറിഞ്ഞും അറിയാതെയും യു കെ മലയാളി കുടുംബങ്ങളിലും പ്രതിസന്ധികള്‍ ഉയര്‍ത്തുന്നുണ്ട് എന്ന തിരിച്ചറിവില്‍, മാനസികാരോഗ്യ രംഗങ്ങളില്‍ പ്രാവീണ്യം നേടിയ വിദഗ്ദ്ധരുടെ സഹകരണത്തോടെയാണ് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. വിഷാദ രോഗങ്ങളിലേക്കും മറ്റ് മാനസികാരോഗ്യ പ്രശ്ങ്ങളിലേക്കും വഴിതെളിക്കുന്ന ഇത്തരം വിഷയങ്ങളില്‍ പരിശീലനം സിദ്ധിച്ച വ്യക്തികളുടെ ഇടപെടല്‍ തീര്‍ച്ചയായും ആവശ്യമായി വരുന്നു. സൈക്കാട്രി, യോഗ, ഫിസിക്കല്‍ ഫിറ്റ്‌നെസ് തുടങ്ങിയ വിഷയങ്ങളില്‍ പരിചയ സമ്പന്നരായ വ്യക്തികളുമായി സംസാരിക്കുവാന്‍ അവസരം ഒരുക്കുകയാണ് പ്രധാനമായും ചെയ്യുന്നത്.

എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂര്‍ വീതമാണ് ഇതിനായി ആദ്യ ഘട്ടത്തില്‍ നീക്കി വക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൂര്‍ണ്ണമായ വ്യക്തി സ്വകാര്യത പാലിക്കുന്നതായിരിക്കുമെന്ന് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ചുമതലയുള്ള ഷാജി തോമസ്, ടിറ്റോ തോമസ്, വര്‍ഗീസ് ഡാനിയേല്‍, ബൈജു തോമസ് എന്നിവര്‍ അറിയിച്ചു.

ഇതിന്റെ ആദ്യ ലൈവ് കൗണ്‍സിലിംഗ് ഈ വരുന്ന ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജായ UUKMA യിലൂടെ സംപ്രേക്ഷണം ചെയ്യുന്നതാണ്. ബ്രോംലി ഓക്സ്ലീസ് എന്‍എച്ച്എസ് ട്രസ്റ്റില്‍ സൈക്കാട്രി കണ്‍സല്‍ട്ടന്റ് ആയ ഡോ. ചെറിയാന്‍ സെബാസ്റ്റിയന്‍ ആണ് നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നത്. വ്യക്തി സ്വകാര്യതയുടെ ഭാഗമായി, വ്യക്തികളുടെ പേരോ മറ്റു വിശദശാംശങ്ങളോ ഇതിനായുള്ള അപേക്ഷയില്‍ ആവശ്യപ്പെടുന്നില്ല. 'ഉയിര്‍' ലൈവ് കൗണ്‍സിലിംഗില്‍ പങ്കെടുക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ച് അയക്കേണ്ടതാണ്.

https://docs.google.com/forms/d/e/1FAIpQLSdxtkf86leN4Fn4cSFuqyNpA7sY2U1WLgV2z44v2qXfBD-1qA/viewform


ഈ പരീക്ഷണ കാലഘട്ടത്തെ അതിജീവിക്കുവാന്‍ മറ്റെല്ലാ ജനസമൂഹങ്ങള്‍ക്കുമൊപ്പം യു കെ മലയാളി സമൂഹത്തിനും കഴിയണമെന്ന കാഴ്ചപ്പാടോടെ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ തുടങ്ങിവെക്കുന്ന 'ഉയിര്‍' ന് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നതായി യുക്മ ദേശീയ കമ്മറ്റിക്ക്‌വേണ്ടി പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window