ലണ്ടന്‍: യുകെയിലെ യൂണിവേഴ്സിറ്റികള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തിലെ കുറവാണ് തിരിച്ചടിയ്ക്ക് കാരണം. സ്പോണ്‍സേര്‍ഡ് സ്റ്റഡി വിസയില്‍ 40 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ വിസ നിയന്ത്രണങ്ങളാണ് തിരിച്ചടിക്ക് കാരണം. കഴിഞ്ഞ മാസം 28,200 അപേക്ഷകളാണ് ഹോം ഓഫീസിന് ലഭിച്ചത്. 2023 ജൂണില്‍ 38,900 പേര് അപേക്ഷിച്ച സ്ഥാനത്താണ് ഇത്. സമ്മറിലാണ് കൂടുതല്‍ സ്റ്റുഡന്റ് വിസാ അപേക്ഷകളും ലഭിക്കുന്നത്, അതിനാല്‍ സെപ്റ്റംബറില്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് യൂണിവേഴ്സിറ്റികളുടെ പ്രതീക്ഷ. എന്നാല്‍ വിസ നിയന്ത്രണങ്ങള്‍ ബ്രിട്ടനില്‍ പഠിക്കാനുള്ള വിദേശ വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കുകയാണ്.
യൂണിവേഴ്സിറ്റി എന്റോള്‍മെന്റ് കൈകാര്യം ചെയ്യാന്‍ വിദേശ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന എന്റോളി സര്‍വ്വീസ് 31 യുകെ യൂണിവേഴ്സിറ്റികളുടെ ഡാറ്റ പരിശോധിച്ചതില്‍ നിന്നും ഡെപ്പോസിറ്റിലും, ആക്സെപ്റ്റന്സിലും 41% ഇടിവ് നേരിട്ടതായാണ് സ്ഥിരീകരിക്കുന്നത്. പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലാണ് ഈ ഇടിവ് ഏറ്റവും കൂടുതല്‍. 2023-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 55 ശതമാനമാണ് കുറവ്. അണ്ടര്‍ഗ്രാജുവേറ്റ് എണ്ണത്തിലാകട്ടെ 23% ഇടിവും നേരിടുന്നു. ജനുവരി മുതല്‍ പോസ്റ്റ്ഗ്രാജുവേറ്റ്, അണ്ടര്‍ഗ്രാജുവേറ്റ് കോഴ്സുകള്‍ ചെയ്യുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ് വിസയില്‍ കുടുംബാംഗങ്ങളെയും, ഡിപ്പന്ഡന്റ്സിനെയും കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.