Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Aug 2024
 
 
UK Special
  Add your Comment comment
വനിതയോട് മോശമായി പെരുമാറിയെന്ന കുറ്റത്തിന് അറസ്റ്റ്, പിന്നാലെ ജോലിയും പോയി
reporter

ലണ്ടന്‍: മാഞ്ചസ്റ്ററിലെ കെയര്‍ഹോമില്‍ ജോലി ചെയ്യുകയായിരുന്ന യുവാവിനെ വ്യാജ പരാതി ചമച്ച് പുറത്താക്കിയ നടപടിയാണ് സമീക്ഷയുടെ ഇടപെടലിനെ തുടര്‍ന്ന് റദ്ദാക്കിയത്. സമീക്ഷയ്‌ക്കൊപ്പം യുവാവ് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മനസിലാക്കിയ മാനേജ്‌മെന്റ് ജോലിയില്‍ തിരിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ മാസം ആദ്യവാരമാണ് സംഭവങ്ങളുടെ തുടക്കം. വംശീയ വിദ്വേഷം വച്ചുപുലര്‍ത്തിയ സഹപ്രവര്‍ത്തകന്‍ യുവാവിനെതിരെ മാനേജ്‌മെന്റിന് വ്യാജപരാതി നല്‍കി. കെയര്‍ ഹോമിലെ അന്തേവാസിയായ ബ്രിട്ടിഷ് വനിതയോട് മോശമായി പെരുമാറി എന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. വിഷയം ഉടന്‍ ഒത്തുതീര്‍പ്പാര്‍ക്കാമെന്നും പുറത്തുപറയരുതെന്നും മാനേജ്‌മെന്റ് നിര്‍ദേശിച്ചതിനാല്‍ യുവാവ് ഇക്കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിച്ചു. എന്നാല്‍ ഇതിനോടകം കെയര്‍ ഹോം അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത് കൈയ്യാമം വെച്ചാണ് യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ചോദ്യംചെയ്ത് ഒരു ദിവസം ലോക്കപ്പിലിട്ട് ജാമ്യത്തില്‍ വിട്ടു. ഇതിനിടെ യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി കാണിച്ച് സ്ഥാപനം കത്ത് നല്‍കി.

ഈ സാഹചര്യത്തിലാണ് മാനസികമായി തകര്‍ന്ന യുവാവ് സമീക്ഷ ലണ്ടന്‍ ഏരിയ സെക്രട്ടറി മിഥുനുമായി ഫോണില്‍ സംസാരിച്ചത്. നിരപരാധിത്വം ബോധ്യപ്പെട്ട സമീക്ഷ നേതൃത്വം യുവാവിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. നാഷണല്‍ സെക്രട്ടേറിയറ്റ് മെമ്പര്‍ ജിജു സൈമണും മാഞ്ചസ്റ്റര്‍ യൂണിറ്റ് പ്രസിഡന്റ് ഷാജിമോന്‍ കെ.ഡിയും സഹായ സഹകരണങ്ങള്‍ ഉറപ്പാക്കി. യുവാവിനും കുടുംബത്തിനും മാനസിക പിന്തുണ നല്‍കി. നാഷണല്‍ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ദിനേശ് വെള്ളാപ്പള്ളി വിഷയത്തില്‍ സജീവമായി ഇടപെട്ടു. മുഴുവന്‍ വിവരങ്ങളും സമീക്ഷ ലീഗല്‍ ഹെല്‍പ് ഡെസ്‌കിന് കൈമാറി. സെക്രട്ടേറിയറ്റ് മെമ്പറും ലോക കേരള സഭാംഗവുമായ അഡ്വ. ദിലീപ് കുമാര്‍ നിയമസാധ്യതകളെ കുറിച്ച് പഠിച്ചു. ടെര്‍മിനേഷന്‍ ലെറ്ററിനൊപ്പം സ്ഥാപനം അപ്പീല്‍ റൈറ്റ് നല്‍കിയിട്ടില്ലെന്ന് കണ്ടെത്തി. എംപ്ലേയ്‌മെന്റ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കണമെങ്കില്‍ അപ്പീല്‍ റൈറ്റ് നിര്‍ബന്ധമാണ്. ഇക്കാര്യം കാണിച്ച് കെയര്‍ഹോം മാനേജ്‌മെന്റിന് രേഖാമൂലം കത്തയച്ചു. കാര്യങ്ങളുടെ പോക്ക് നിയമവഴിയിലാണെന്ന് തിരിച്ചറിഞ്ഞ മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് തയ്യാറായി. ഉടന്‍ ജോലിക്ക് ഹാജരാകാന്‍ അറിയിപ്പ് നല്‍കി. ഇക്കഴിഞ്ഞ വ്യാഴാഴ്ച യുവാവ് തിരികെ ജോലിയില്‍ പ്രവേശിച്ചു. അന്യനാട്ടില്‍ എല്ലാം കൈവിട്ട ഘട്ടത്തില്‍ ഒരു ചെറുപ്പക്കാരന് തുണയായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് സമീക്ഷ യുകെ. നിരവധി പേരാണ് ഇതുപോലെ സമീക്ഷ ഹെല്‍പ് ഡെസ്‌കിന്റെ സഹായത്താല്‍ ജീവിതം തിരിച്ചുപിടിച്ചത്. യുകെയില്‍ എത്തി ഇത്തരം ചതിയില്‍പ്പെടുന്നവര്‍ക്ക് നിയമസഹായത്തിനും മറ്റും സമീക്ഷയുമായി ബന്ധപ്പെടാവുന്നതാണ്.

 
Other News in this category

 
 




 
Close Window