Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
UK Special
  Add your Comment comment
മലയാളിയെ യുകെയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
reporter

മാഞ്ചസ്റ്റര്‍/പിറവം: പ്രവാസി മലയാളിയെ യുകെയിലെ മാഞ്ചസ്റ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട സ്വദേശിയായ പി. റ്റി. ദീപു (47) ആണ് മരിച്ചത്. മാഞ്ചസ്റ്ററിലെ സ്വകാര്യ റസ്റ്ററന്റില്‍ ഷെഫായി ജോലി ചെയ്തു വരികയായിരുന്നു. ചിക്കന്‍ പോക്‌സ് ബാധിച്ചതിനെ തുടര്‍ന്നുള്ള അവധിയിലായിരുന്നു. അവധിക്ക് ശേഷം വെള്ളിയാഴ്ച രാവിലെ ജോലിക്ക് എത്താതിനെ തുടര്‍ന്ന് റസ്റ്ററന്റ് ജീവനക്കാരന്‍ താമസ സ്ഥലത്ത് അന്വേഷിച്ചു എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വാതിലിന്റെ മെയില്‍ ബോക്‌സ് പഴുതിലൂടെ അകത്തേയ്ക്ക് നോക്കുമ്പോള്‍ സ്റ്റെയര്‍ കേസിന് സമീപമായി ദീപുവിന്റെ കാലുകള്‍ കാണുകയായിരുന്നു. കുഴഞ്ഞു വീണതാകാമെന്ന നിഗമനത്തില്‍ ഉടന്‍ തന്നെ പാരാമെഡിക്‌സ് സംഘത്തെ വിവരം അറിയിച്ചു. തുടര്‍ന്ന് പാരാമെഡിക്‌സ് സംഘം, അഗ്‌നിശമന സേന, പൊലീസ് എന്നിവയുടെ സഹായത്തോടെ അകത്തേക്ക് കടക്കുമ്പോഴാണ് സ്റ്റെയര്‍ കെയ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം.

ചിക്കന്‍ പോക്‌സ് ആയിരുന്നതിനാല്‍ ദീപുവിന് ഒപ്പം താമസിച്ചിരുന്ന മലയാളി യുവാവ് വീട്ടില്‍ നിന്നും താല്‍കാലികമായി താമസം മാറ്റിയിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2023 ലാണ് ദീപു ലിങ്കണ്‍ ഷെയറിലെ സ്വകാര്യ കെയര്‍ ഹോമില്‍ ഷെഫായി ജോലിക്ക് എത്തുന്നത്. നാല് മാസം മുന്‍പ് ജോലി നഷ്ടപ്പെട്ടുവെങ്കിലും ഒരു മാസം മുന്‍പ് മാഞ്ചസ്റ്ററിലെ സ്വകാര്യ റസ്റ്ററന്റില്‍ ഷെഫായി ജോലി ലഭിച്ചു. ഉയര്‍ന്ന ശമ്പളത്തോടു കൂടി ലഭിച്ച ജോലിയായതിനാല്‍ നാട്ടിലുള്ള കുടുംബത്തെ കൂടി യുകെയില്‍ എത്തിക്കുന്നതിനുള്ള പുതിയ വീസ ക്രമീകരണങ്ങള്‍ നടന്നു വരികയായിരുന്നു. ഇതിനിടയില്‍ നടന്ന ദുരൂഹ സാഹചര്യത്തിലെ മരണം മാഞ്ചസ്റ്ററിലെ മലയാളികളെയും നാട്ടിലുള്ള കുടുംബത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. നാട്ടില്‍ വിവിധ റസ്റ്ററന്റുകളില്‍ മികച്ച ഒരു ഷെഫായി ജോലി ചെയ്തിരുന്ന ദീപു സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വീസ നടപടിക്രമങ്ങള്‍ക്ക് വേണ്ടിയുള്ള തുക മാത്രം മുടക്കി യുകെയില്‍ എത്തുന്നതെന്ന് മാഞ്ചസ്റ്ററിലെ സുഹൃത്തുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടുവെങ്കിലും പുതിയ ജോലി ലഭിച്ചതും സൗജന്യമായി തന്നെയാണെന്നാണ് പ്രാഥമിക വിവരം. ഭാര്യ: നിഷ ദീപു. മക്കള്‍: കൃഷ്ണപ്രിയ, വിഷ്ണുദത്തന്‍, സേതുലക്ഷ്മി. പിറവം പാമ്പാക്കുട മേമ്മുറി പുലിക്കുന്നുമലയില്‍ പരേതരായ പി. എ. തങ്കപ്പന്‍, വി.എസ്. ശാരദ എന്നിവരാണ് മാതാപിതാക്കള്‍. പി. റ്റി. അനൂപ് ഏക സഹോദരനാണ്.

ആറു മാസം മുന്‍പ് അമ്മ മരിച്ചപ്പോഴാണ് ദീപു അവസാനമായി നാട്ടില്‍ എത്തിയ ശേഷം മടങ്ങി പോകുന്നത്. ദീപുവിന്റെ സ്വദേശം പാമ്പാക്കുടയാണെങ്കിലും ഭാര്യ വീട് സ്ഥിതി ചെയ്യുന്ന പുത്തന്‍കുരിശ് ചൂണ്ടിയിലാണ് ദീപു നാട്ടില്‍ താമസിച്ചിരുന്നത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 10.30 നാണ് നാട്ടില്‍ ദീപുവിന്റെ മരണത്തെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് ദീപുവിന്റെ നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും യുകെയിലുള്ളവരുടെ സഹായത്തോടെ മാഞ്ചസ്റ്റര്‍ മലയാളിയും 'ഇംഗ്ലണ്ടിലെ അച്ചായന്‍മാര്‍' ഗ്രൂപ്പിന്റെ അഡ്മിനുമായ റോയി ജോസഫ് വഴി സമൂഹ മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയപ്പോഴാണ് യുകെ മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ വിവരങ്ങള്‍ അറിഞ്ഞു തുടങ്ങിയത്. നാട്ടിലുള്ള ബന്ധുക്കള്‍ ദീപുവിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുവാന്‍ സഹായിക്കണമെന്ന് യുകെയിലെ മലയാളി സമൂഹത്തോട് അവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായുള്ള നടപടി ക്രമങ്ങള്‍ യുകെയില്‍ ആരംഭിച്ചതായാണ് സൂചന.

 
Other News in this category

 
 




 
Close Window