ആലപ്പുഴ: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ പഴുതടച്ച അന്വേഷണം ആവശ്യപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദേവസ്വം ബോര്‍ഡുകളുടെ നിലവിലെ ഭരണരീതിയില്‍ അഴിമതിക്ക് വഴിയൊരുങ്ങുന്നുവെന്നും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഉള്‍പ്പെടെ എല്ലാ ബോര്‍ഡുകളും പിരിച്ചുവിട്ട് ഒറ്റ കുടക്കീഴിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'നല്ല ഐഎഎസ് ഉദ്യോഗസ്ഥനെ തലപ്പത്തേക്ക് നിയമിച്ച്, എക്സിക്യൂഷന്‍ അധികാരം നല്‍കേണ്ടതുണ്ട്. ഇപ്പോഴത്തെ ബോര്‍ഡ് സംവിധാനം അഴിച്ചുപണിയാതെ അഴിമതി തുടരും. കേരളത്തിലെ സമ്പത്തുള്ള ദേവസ്വം ബോര്‍ഡുകളില്‍ മോഷണം പതിവായിരിക്കുന്നു. 'ചക്കരക്കുടം കണ്ടാല്‍ കയ്യിട്ട് നക്കു' എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്,' വെള്ളാപ്പള്ളി പറഞ്ഞു.
പത്മകുമാറിനെതിരെ വിമര്‍ശനം; രാഷ്ട്രീയപശ്ചാത്തലമുണ്ടെന്ന് ആരോപണം
പത്തനംതിട്ട സ്വദേശിയായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെതിരെ ശക്തമായ വിമര്‍ശനവും വെള്ളാപ്പള്ളി നടേശന്‍ ഉന്നയിച്ചു. 'പത്മകുമാര്‍ ഭയങ്കര കുഴപ്പക്കാരനാണ്. അതിന്റെ പേരില്‍ രാജ്യവ്യാപകമായി പ്രക്ഷോഭമുണ്ടായി. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്,' അദ്ദേഹം ആരോപിച്ചു.
ബ്രാഹ്‌മണ സഭയോട് ക്ഷമാപണം
സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് നമ്പൂതിരിമാരെയും പോറ്റിമാരെയും കുറിച്ച് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ബ്രാഹ്‌മണ സഭയോട് വെള്ളാപ്പള്ളി നടേശന്‍ ക്ഷമാപണം നടത്തി. 'മേല്‍ശാന്തിയെ ചീത്തപറഞ്ഞു, ബ്രാഹ്‌മണരെ ചീത്ത പറഞ്ഞു എന്നൊന്നും വ്യാഖ്യാനിക്കരുത്. ബ്രാഹ്‌മണ സഭയ്ക്ക് എതിരെ താനൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു,' അദ്ദേഹം വ്യക്തമാക്കി.
ജി സുധാകരന്‍ സംശുദ്ധ രാഷ്ട്രീയത്തിന് പ്രതീകം
മുന്‍ മന്ത്രി ജി സുധാകരനെ സംശുദ്ധ രാഷ്ട്രീയത്തിന് പ്രതീകമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 'സുധാകരന്‍ ഇന്നും ആലപ്പുഴക്കാരുടെ ഹൃദയത്തില്‍ സ്ഥാനമുണ്ട്. പ്രായം മൂലം അധികാരത്തില്‍ നിന്ന് മാറിയെങ്കിലും അദ്ദേഹത്തെ പെട്ടെന്ന് അവഗണിക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് സമയത്ത് അനാവശ്യ സംവാദങ്ങള്‍ ഒഴിവാക്കി യോജിച്ച് പോകേണ്ടതുണ്ട്,' അദ്ദേഹം അഭിപ്രായപ്പെട്ടു.
'സുധാകരന്‍ മന്ത്രിയായിരുന്നപ്പോഴാണ് കേരളത്തിന് ഒരു പൊതുമരാമത്ത് മന്ത്രി ഉണ്ടെന്ന് അറിയുന്നത്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തെ ഭയമായിരുന്നു. ചില പരിപാടികളില്‍ അദ്ദേഹത്തെ ഒഴിവാക്കിയതില്‍ വിഷമം ഉണ്ടാകുന്നത് സ്വാഭാവികമാണ്. സജി ചെറിയാനും നാസറും വളരുന്നത് സുധാകരന്‍ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ പരിജ്ഞാനവും അനുഭവവും അവര്‍ക്കും പകര്‍ന്നു നല്‍കിയാണ് മുന്നോട്ടുപോകേണ്ടത്,' വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.