Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=118.1893 INR  1 EURO=102.6378 INR
ukmalayalampathram.com
Sat 18th Oct 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
തമിഴ്നാട്ടില്‍ ഹിന്ദി ഭാഷാ അടിച്ചേല്പ്പ് തടയാന്‍ നിയമം; നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ തയ്യാറെടുപ്പ്
reporter

ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദി ഭാഷയുടെ അടിച്ചേല്പ്പ് തടയാന്‍ നിയമ നിര്‍മാണത്തിന് എം കെ സ്റ്റാലിന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഹിന്ദി ഹോര്‍ഡിംഗുകള്‍, സിനിമകള്‍, പാട്ടുകള്‍ എന്നിവ നിരോധിക്കുന്ന തരത്തിലുള്ള ബില്ലാണ് നിയമസഭയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

സര്‍ക്കാര്‍ നീക്കവുമായി ബന്ധപ്പെട്ട് സുപ്രധാന യോഗം കഴിഞ്ഞ ദിവസം രാത്രി നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഭരണഘടനാ വിരുദ്ധ നീക്കമാണെന്ന ആശങ്ക ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും, നിയമ നിര്‍മാണം പരിഗണനയിലുണ്ടെന്ന സൂചന മുതിര്‍ന്ന ഡിഎംകെ നേതാവ് ടികെഎസ് എളങ്കോവന്‍ നല്‍കി. ''ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല, അതിനെ അനുസരിക്കും. എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിനെ ചെറുക്കും,'' എന്നാണ് എളങ്കോവന്റെ പ്രതികരണം.

ഹിന്ദി ഭാഷയുടെ അടിച്ചേല്പ്പ് തമിഴരുടെ ആത്മാഭിമാനത്തെ തൊട്ടുകളിക്കരുതെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്.

സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് തമിഴ്നാട് ബിജെപി രംഗത്തെത്തി. നീക്കം മണ്ടത്തരം ആണെന്ന് ബിജെപി വിശേഷിപ്പിച്ചു. ഭാഷയെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നും, കരൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നേരിട്ട തിരിച്ചടികളില്‍ നിന്ന് ശ്രദ്ധമാറ്റാന്‍ ഡിഎംകെ ശ്രമിക്കുകയാണെന്നും ബിജെപി നേതാവ് വിനോജ് സെല്‍വം ആരോപിച്ചു.

ത്രിഭാഷാ ഫോര്‍മുലയിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാണ് ഡിഎംകെയുടെ പ്രധാന വാദം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ സമയത്തും ഡിഎംകെ ഈ വിഷയം പ്രചരണായുധമാക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാന ബജറ്റില്‍ രൂപയുടെ ലോഗോ മാറ്റി തമിഴ് അക്ഷരം ഉപയോഗിച്ചതും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

 
Other News in this category

 
 




 
Close Window